- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള വിമൻസ് ലീഗ് ഫുട്ബോൾ: തകർപ്പൻ ജയത്തോടെ ബ്ലാസ്റ്റേഴ്സിന്റെ വനിതാ ടീമിന് 'അരങ്ങേറ്റം'; എമിറേറ്റ്സ് എഫ്സിയെ കീഴടക്കിയത് ഏകപക്ഷീയമായ പത്ത് ഗോളുകൾക്ക്; ഗോകുലം കേരള എഫ്സിക്കും മിന്നും ജയം
കൊച്ചി: കേരള വിമൻസ് ലീഗ് ഫുട്ബോളിൽ തകർപ്പൻ വിജയത്തോടെ ബ്ലാസ്റ്റേഴ്സിന്റെ വനിതാ ടീമിന് 'അരങ്ങേറ്റം'. എമിറേറ്റ്സ് എഫ്സിയെ ഏകപക്ഷീയമായ പത്ത് ഗോളുകൾക്കാണ് വനിതാ ടീം തകർത്തത്. ഇതോടെ കേരള വിമൻസ് ലീഗിൽ ജയത്തോടെ തുടക്കമിടാൻ ബ്ലാസ്റ്റേഴ്സിന്റെ പെൺപടയ്ക്കായി.
എറണാകുളം മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിലാണ് ബ്ലാസ്റ്റേഴ്സ് വനിതാ ടീം കളിക്കാനിറങ്ങിയത്. എമിറേറ്റ്സിനെതിരേ തുടക്കം മുതൽ തന്നെ ഗംഭീര പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് വനിതാ താരങ്ങൾ പുറത്തെടുത്തത്. ആദ്യ മിനിറ്റിൽ തന്നെ മുസ്‌കാനിലൂടെ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി.
19-ാം മിനിറ്റിൽ സുനിത ബ്ലാസ്റ്റേഴ്സിന്റെ ലീഡ് രണ്ടാക്കി ഉയർത്തി. പിന്നീട് അപൂർണ്ണയുടെ മിന്നുംപ്രകടനമാണ് മൈതാനത്ത് കാണാനായത്. ആദ്യ പകുതിയിൽ തന്നെ ഹാട്രിക് നേടിക്കൊണ്ട് അപൂർണ്ണ എമിറേറ്റ്സിനെ തരിപ്പണമാക്കി. 34, 40, 42 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകൾ പിറന്നത്. ആദ്യ പകുതി 5-0 ന് ബ്ലാസ്റ്റേഴ്സ് മുന്നിട്ടുനിന്നു.
രണ്ടാം പകുതിയിലും പെൺപട ഗോളടി തുടർന്നു. ആദ്യ പകുതിയിലെ ആവർത്തനമെന്ന പോലെ രണ്ടാം പകുതിയിലും അഞ്ച് ഗോളുകളാണ് അടിച്ചുകയറ്റിയത്. കിരണും അശ്വതിയും ഇരട്ടഗോളുകൾ നേടിയപ്പോൾ മാളവികയും സ്‌കോർ ഷീറ്റിൽ ഇടം നേടി.പത്ത് ഗോളിന്റെ വിജയത്തോടെ വിമൻസ് ലീഗിലെ ആദ്യ മത്സരം തന്നെ ബ്ലാസ്റ്റേഴ്സ് വനിതാ ടീം ഗംഭീരമാക്കി.
കേരളത്തിലെ മറ്റൊരു ടീമായ ഗോകുലം കേരള എഫ് സിയുടെ വനിതാ ടീമും ആദ്യ മത്സരം ഉജ്വലമാക്കി. കോഴിക്കോട് ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കേരള യുണൈറ്റഡിനെ പതിനൊന്ന് ഗോളുകൾക്കാണ് ഗോകുലത്തിന്റെ പെൺപട പരാജയപ്പെടുത്തിയത്. ഗോകുലത്തിനായി സാബിത്ര അഞ്ച് ഗോളുകളും സന്ധ്യ ഇരട്ട ഗോളുകളും നേടി.
കിരീടനേട്ടത്തോടെ ഇന്ത്യൻ വനിതാ ലീഗിലേക്ക് യോഗ്യത നേടുകയാണ് ബ്ലാസ്റ്റേഴ്സ് വനിതാ ടീമിന്റെ ലക്ഷ്യം. മുൻ താരവും പരിശീലകനുമായ ഫെരീഫ് ഖാനാണ് ബ്ലാസ്റ്റേഴ്സ് ടീമിന്റെ ഹെഡ്കോച്ച്. കേരള ഫുട്ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന കേരള വിമൻസ് ലീഗിൽ ആകെ പത്ത് ടീമുകളാണ് പങ്കെടുക്കുന്നത്. 46 മത്സരങ്ങളുള്ള ലീഗ് ഒക്ടോബർ 15 ന് അവസാനിക്കും.
സ്പോർട്സ് ഡെസ്ക്