ഹ്യൂസ്റ്റൻ: ഹ്യൂസ്റ്റൻ കേന്ദ്രമായി പ്രവർത്തിക്കുന്ന എഴുത്തുകാരുടെയും നിരൂപകരുടേയും വായനക്കാരുടേയും സംയുക്ത സംഘടനയായ കേരളാ റൈറ്റേഴ്സ് ഫോറം മെയ് 21-ാം തീയതി വൈകുന്നേരം ഹ്യൂസ്റ്റനിലെ സ്റ്റാഫോർഡിലുള്ള കേരളാ ഹൗസ് ഓഡിറ്റോറിയത്തിൽ വെച്ച് 'സൂര്യനിൽ ഒരു തണൽ' എന്ന പുസ്തകം പ്രകാശനം ചെയ്തു. ഹൂസ്റ്റനിലെ കേരളാ റൈറ്റേഴ്സ് ഫോറത്തിന്റെ ആരംഭകാലം മുതൽ അതിന്റെ സജീവപ്രവർത്തകനും, സാമൂഹ്യസ്നേഹിയുമായിരുന്ന നിര്യാതനായ ശ്രീ ജോൺ ജേക്കബിന്റെ ഒരു പാവന സ്മരണിക കൂടിയായിട്ടാണ് റൈറ്റേഴ്സ് ഫോറത്തിന്റെ 14-ാമത് പുസ്തകം പ്രസിദ്ധീകരിച്ചത്.

കേരളാ റൈറ്റേഴ്സ് ഫോറം പ്രസിഡന്റ് മാത്യു നെല്ലിക്കുന്ന് പുസ്തകത്തിന്റെ ഒരു കോപ്പി യശഃശരീരനായ ജോൺ ജേക്കബിന്റെ സഹധർമ്മിണിയും വിധവയുമായ ആലീസ് ജേക്കബിന് നൽകിക്കൊണ്ടാണ് പ്രകാശനം നിർവ്വഹിച്ചത്. അധ്യക്ഷൻ മാത്യു നെല്ലിക്കുന്ന് എല്ലാവരേയും സ്വാഗതം ചെയ്യുകയും ജോൺ ജേക്കബിന്റെ സ്മരണക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടും സംസാരിച്ചു. ജോൺ ജേക്കബിന്റെ പുത്രന്മാരായ ജോജി ജേക്കബ്, ജോസഫ് ജേക്കബ്, മാത്യു ജേക്കബ് എന്നിവരും യോഗത്തിൽ സന്നിഹിതരായിരുന്നു.

അതിൽ മാത്യു ജേക്കബ് കുടുംബാംഗങ്ങളെയെല്ലാം പ്രതിനിധീകരിച്ച് മൺമറഞ്ഞ തന്റെ പിതാവിനെപ്പറ്റി സമുചിതമായ അനുസ്മരണ പ്രസംഗം നടത്തുകയും റൈറ്റേഴ്സ് ഫോറത്തിന് പ്രത്യേകം നന്ദി അർപ്പിക്കുകയും ചെയ്തു.അമേരിക്കയിലെ പ്രത്യേകിച്ച് ഗ്രെയിറ്റർ ഹ്യൂസ്റ്റനിലെ പ്രമുഖ മലയാള സാഹിത്യ പ്രതിഭകളുടേയും എഴുത്തുകാരുടേയും രചനകൾ കൊണ്ട് സമ്പുഷ്ടമാണ് 'സൂര്യനിൽ ഒരു തണൽ' എന്ന റൈറ്റേഴ്സ് ഫോറം പുസ്തക പ്രസിദ്ധീകരണം. ആശംസയും അനുസ്മരണവുമായി ജോൺ മാത്യു, ദേവരാജ് കാരാവള്ളിൽ, മാത്യു മത്തായി, എ.സി. ജോർജ്, തോമസ് ചെറുകര, തോമസ് കെ. വർഗീസ്, ടി.എൻ സാമുവൽ, ഷാജി ഫാംസ്, ജോസഫ് തച്ചാറ, ജോൺ കുന്തറ, സലീം അറക്കൽ, വൽസൻ മഠത്തിപറമ്പിൽ, ഇന്ദ്രജിത് നായർ തുടങ്ങിയവർ സംസാരിച്ചു.

സമ്മേളനത്തിന്റെ രണ്ടാം ഭാഗമായ സാഹിത്യ ആസ്വാദന ചർച്ചാ യോഗത്തിൽ മോഡറേറ്ററായി ജോൺ കുന്തറ പ്രവർത്തിച്ചു. ദേവരാജ് കാരാവള്ളിയുടെ ഒരു ചെറുകിളിപാട്ട് എന്ന കവിതാ പാരായണത്തോടെയാണ് തുടക്കമിട്ടത്. തുടർന്ന് പാടുന്ന കൊതുകുകൾ എന്ന ചെറുകഥ കഥാകൃത്ത് ജോസഫ് തച്ചാറ വായിച്ചു. ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിലെ വിദ്യാർത്ഥി ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള ഒരു സാങ്കൽപ്പിക കഥയാണ് പാടുന്ന കൊതുകുകൾ. കോളേജിലെ ഒരു നാലാംഗ വിദ്യാർത്ഥി സംഘത്തിന്റെ സദാചാര പൊലീസ് മാതൃകയിലുള്ള ഗുണ്ടാ പ്രവർത്തനങ്ങളാണ് ഈ കഥയിലെ ഇതിവൃത്തം. അതിനുശേഷം മാത്യു മത്തായിയുടെ ആരാധനാലയങ്ങൾ കച്ചവട ആലയങ്ങളോ എന്ന ശീർഷകത്തിലുള്ള ലേഖന പാരായണമായിരുന്നു.

ദൈവത്തിന്റെയും മതത്തിന്റെയും ആത്മീയതയുടെയും പേരും പറഞ്ഞ് പേടിപ്പിച്ച് ആൾദൈവങ്ങളും മതപുരോഹിതരും മത നേതാക്കളും സാധാരണക്കാരെ വെറും കച്ചവട താൽപ്പര്യത്തോടെ മാത്രം കുത്തിപറിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന ഒരവസ്ഥയാണ് ഇവിടെ നിലവിൽ. അതിനെതിരെ മാനവിക വികാരം ഉയരണം. ഇത്തരം ആരാധനാലയ പ്രവർത്തകരേയും കുത്തകകളേയും നിയന്ത്രിച്ച് മൂക്കുകയറിടണം എന്നൊരു സന്ദേശമായിരുന്നു ലേഖനത്തിൽ.

കവിതയേയും ചെറുകഥയേയും ലേഖനത്തേയും ആസ്വദിച്ചും നിരൂപണം ചെയ്തും ഗ്രെയിറ്റർ ഹ്യൂസ്റ്റനിലെ എഴുത്തുകാരും ഭാഷാ സ്നേഹികളുമായ ബോബി മാത്യു, ക്ലാരമ്മ മാത്യു, ഗ്രേസി മാത്യു, മേരിക്കുട്ടി കുന്തറ, മാത്യു നെല്ലിക്കുന്ന്, ജോൺ മാത്യു, എ.സി. ജോർജ്, ടി.എൻ. സാമുവൽ, മാത്യു മത്തായി, ദേവരാജ് കാരാവള്ളിൽ തോമസ്. കെ. വർഗീസ്, സലീം അറക്കൽ, ജോസഫ് തച്ചാറ, വൽസൻ മഠത്തിപറമ്പിൽ, ഇന്ദ്രജിത് നായർ, ഷാജി ഫാംസ്; ജോൺ കുന്തറ തുടങ്ങിയവർ സംസാരിച്ചു