- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
കേരളാ റൈറ്റേഴ്‌സ് ഫോറം പ്രതിമാസ സമ്മേളനം സംഘടിപ്പിച്ചു; മലയാള സിനിമയുടെ വളർച്ചയും തളർച്ചയും ജീർണ്ണതയും ചർച്ചാ വിഷയമായി
ഹ്യൂസ്റ്റൻ: കേരളാ റൈറ്റേഴ്‌സ് ഫോറത്തിന്റെ പ്രതിമാസ സമ്മേളനം ജൂലൈ 23നു വൈകുന്നേരം ഹ്യൂസ്റ്റനിലെ സ്റ്റാഫോർഡിലുള്ള കേരളാ ഹൗസ് ഓഡിറ്റോറിയത്തിൽ പതിവുപോലെ നടത്തി. ടി.എൻ. സാമുവൽ മോഡറേറ്ററായി പ്രവർത്തിച്ച ഈ സമ്മേളനത്തിൽ ഗ്രെയിറ്റർ ഹ്യൂസ്റ്റനിലെ അനേകം സാഹിത്യ സാസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. മലയാള സിനിമയുടെ വളർച്ചയും തളർച്ചയും ജീർണ്ണതയും എന്ന ശീർഷകത്തിൽ മുൻ സിബിഐ ഉദ്യോഗസ്ഥനായ ജോസഫ് പൊന്നോലി പ്രബന്ധമവതരിപ്പിച്ചു. മലയാള സിനിമ കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക നവോത്ഥാനത്തിനു വേണ്ടി 1960കൾക്കു ശേഷം നാലു പതിറ്റാണ്ടോളം വിപ്ലവകരമായ പങ്കു വഹിച്ചിട്ടുണ്ട്. എന്നാലിന്ന് മലയാള സിനിമ താര രാജാക്കന്മാരുടേയും അധോലോകത്തിന്റേയും അനീതിയുടേയും അക്രമത്തിന്റേയും ഗുണ്ടായിസത്തിന്റേയും പിടിയിൽ അമർന്ന് ജീർണ്ണതയിലേക്ക് കൂപ്പു കുത്തുകയാണ്. സാമൂഹ്യ പ്രതിബദ്ധതയും കലാമൂല്യവും പ്രൊഫഷണലിസവും നഷ്ടപ്പെട്ട് ഒരു തരം അനാശാസ്യ വ്യവസായമായി മലയാള സിനിമ ചക്രശ്വാസം വലിക്കുകയാണ്. മലയാള സിനിമയുടെ കഴിഞ്ഞ സുവർണ്ണകാലത്തേയും നടമാടുന്ന,
ഹ്യൂസ്റ്റൻ: കേരളാ റൈറ്റേഴ്‌സ് ഫോറത്തിന്റെ പ്രതിമാസ സമ്മേളനം ജൂലൈ 23നു വൈകുന്നേരം ഹ്യൂസ്റ്റനിലെ സ്റ്റാഫോർഡിലുള്ള കേരളാ ഹൗസ് ഓഡിറ്റോറിയത്തിൽ പതിവുപോലെ നടത്തി. ടി.എൻ. സാമുവൽ മോഡറേറ്ററായി പ്രവർത്തിച്ച ഈ സമ്മേളനത്തിൽ ഗ്രെയിറ്റർ ഹ്യൂസ്റ്റനിലെ അനേകം സാഹിത്യ സാസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
മലയാള സിനിമയുടെ വളർച്ചയും തളർച്ചയും ജീർണ്ണതയും എന്ന ശീർഷകത്തിൽ മുൻ സിബിഐ ഉദ്യോഗസ്ഥനായ ജോസഫ് പൊന്നോലി പ്രബന്ധമവതരിപ്പിച്ചു. മലയാള സിനിമ കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക നവോത്ഥാനത്തിനു വേണ്ടി 1960കൾക്കു ശേഷം നാലു പതിറ്റാണ്ടോളം വിപ്ലവകരമായ പങ്കു വഹിച്ചിട്ടുണ്ട്. എന്നാലിന്ന് മലയാള സിനിമ താര രാജാക്കന്മാരുടേയും അധോലോകത്തിന്റേയും അനീതിയുടേയും അക്രമത്തിന്റേയും ഗുണ്ടായിസത്തിന്റേയും പിടിയിൽ അമർന്ന് ജീർണ്ണതയിലേക്ക് കൂപ്പു കുത്തുകയാണ്. സാമൂഹ്യ പ്രതിബദ്ധതയും കലാമൂല്യവും പ്രൊഫഷണലിസവും നഷ്ടപ്പെട്ട് ഒരു തരം അനാശാസ്യ വ്യവസായമായി മലയാള സിനിമ ചക്രശ്വാസം വലിക്കുകയാണ്. മലയാള സിനിമയുടെ കഴിഞ്ഞ സുവർണ്ണകാലത്തേയും നടമാടുന്ന, തരിപ്പണമായിക്കൊണ്ടിരിക്കുന്ന സിനിമാ വ്യവസായത്തേയും അതിൽ പ്രവർത്തിക്കുന്ന അജ്ഞരും ധിക്കാരികളുമായ ചില താരരാജ ആരാധനാമൂർത്തികളുടേയും അവരുടെ കുൽസിത പ്രവർത്തനങ്ങളുടെ നേരെ വിരൽചൂണ്ടാനും പ്രബന്ധാവതാരകൻ മറന്നില്ല.
ചർച്ചയിൽ പങ്കെടുത്തവരുടെ വീക്ഷണകോണും വ്യത്യസ്തമായിരുന്നില്ല. സിനിമ സമൂഹത്തിനു നൽകിയ സംഭാവനകളെ അനുസ്മരിച്ചു കൊണ്ടു തന്നെ അനുദിനം അതിൽ കടന്നുകൂടിക്കൊണ്ടിരിക്കുന്ന അജ്ഞത, അനാശാസ്യ പ്രവർത്തനങ്ങൾ, കലാമൂല്യത്തിന്റെ കുറവുകൾ, കള്ളപ്പണം, നികുതി വെട്ടിപ്പ്, കൈയേറ്റങ്ങൾ, താരാധിപത്യം, വെട്ടിപിടുത്തം, ഗുണ്ടായിസം തുടങ്ങിയവയെപ്പറ്റി അതീവ രോഷാകുലരായിട്ടു തന്നെയാണ് ചർച്ചയിൽ പങ്കെടുത്തവർ പ്രതികരിച്ചത്.
വൻതാരങ്ങളുടെ പതിന്മടങ്ങു കുതിച്ചുയരുന്ന പ്രതിഫല തുകയും, താരാധിപത്യവും, താരരാജാക്കന്മാർ പാലൂട്ടി വളർത്തുന്ന ഫാൻസ് ആരാധനാവൃന്ദങ്ങളും, ഫാൻസ് അസ്സോസിയേഷനുകളും സിനിമയെ തെറ്റായ വഴിയിലേക്ക് നയിക്കുകയും അനുദിനം ജീർണ്ണതയുടെ കുപ്പക്കുഴിയിലേക്ക് തള്ളിയിടുകയും ചെയ്യുന്നു. പല അമേരിക്കൻ മലയാളികൾ പോലും ചില മലയാള സിനിമാ സീരിയൽ സൂപ്പറുകളെ ആരാധിക്കുകയും തോളിലേറ്റുകയും ചെയ്യുന്നു. താരനിശകൾ എന്ന പേരിൽ ഇവിടെ അരങ്ങേറുന്ന ചുണ്ടനക്കി ഇത്തരം തരംതാണ കോപ്രായങ്ങൾക്കും കയ്യടിക്കാനിവിടെ ആളുണ്ട്. അവരെ തോളിലേറ്റാനും, പൃഷ്ടം താങ്ങി കൂടെ നിന്ന് ഫോട്ടൊ എടുക്കാനും ഒത്തിരി ആളുകൾ ഇവിടെ സന്നദ്ധരാണ്. ഈ താരങ്ങൾ ഒന്നു തിരിഞ്ഞാലും മറിഞ്ഞാലും കാശാണ്. അവരെ വിമർശിക്കുന്നവർ അസൂയക്കാരും ഞരമ്പു രോഗികളുമാണെന്ന് മുദ്രകുത്തപ്പെടുന്നു. സിനിമയിലും സിനിമക്കുള്ളിലെ സിനിമക്കും ഒരു വിപ്ലവകരമായ മാറ്റം മലയാള സിനിമയുടെ മുന്നോട്ടുള്ള ഗതിയിൽ അനിവാര്യമാണെന്ന് റൈറ്റേഴ്‌സ് ഫോറത്തിന്റെ ചർച്ചയിൽ പങ്കെടുത്ത സാംസ്‌കാരിക പ്രവർത്തകർ തുറന്നടിച്ചു.
അമ്മ തുടങ്ങിയ താരസംഘടനകൾ കലാകാരന്മാരേയും കലാകാരികളേയും വിലക്കാനും, ഒതുക്കാനും, മെരുക്കാനും തുനിയരുത്. എല്ലാ രംഗത്തും താരരാജാക്കന്മാരേയും താരരാജ്ഞിമാരേയും പൊക്കി എടുത്തു കൊണ്ട് നടന്നുള്ള പാദപൂജ അവസാനിപ്പിക്കണം. അവർക്കെതിരെ ഉയരുന്ന നികുതിവെട്ടിപ്പും, മാഫിയാ ബന്ധങ്ങളും അനാശാസ്യ പ്രവണതകളും അന്വേഷിക്കപ്പെടണം. അതെല്ലാം ഒതുക്കി തീർക്കുകയല്ല വേണ്ടത്. അക്രമം പ്രവർത്തിക്കുന്നത് ഏത് സിനിമാ സൂപ്പറായാലും ജയിലിൽ തള്ളുക തന്നെ ചെയ്യണം. സിനിമയെ കുത്തക ആധിപത്യത്തിൽ നിന്ന് രക്ഷിക്കണം. ആ രംഗത്ത് അടിമുതൽ മുടിവരെ ഒരു ശുദ്ധീകരണം ആവശ്യമാണ്. ഈ സമീപകാലത്ത് പിടിയിലായ സൂപ്പർസ്റ്റാറിനെ വിസ്തരിക്കുക തന്നെ വേണം. കുറ്റക്കാരനാണെന്നു കണ്ടാൽ നിയമം അനുവദിക്കുന്ന ശിക്ഷ നൽകുക തന്നെ വേണമെന്ന് ചർച്ചയിൽ അതിശക്തമായി പ്രതികരിച്ചു. ആവശ്യപ്പെട്ടു.
കുടപ്പൻ എന്ന നാമത്തിൽ പീറ്റർ ജി പൗലോസ് എഴുതിയ കവിതയും ഇതിവൃത്തവുമായിരുന്നു തുടർന്നുള്ള ചർച്ചക്കു വിധേയമായത്. അതിമനോഹരമായി തഴച്ചു വളർന്ന് വാഴച്ചുണ്ടും കുടപ്പനും പൂവിട്ട് തളിർത്ത് വിരാജിച്ച് കുല ആയപ്പോൾ കശ്മലന്മാർ വന്ന് വാഴച്ചുണ്ടും വാഴപ്പിണ്ടിയും വാഴക്കള്ളും കുലയും ഒന്നൊന്നായി വെട്ടിയെടുത്ത് ആസ്വദിക്കുന്നതിനോടാണ് സ്ത്രീത്വത്തെ അപമാനിച്ച് ബലാൽസംഗം ചെയ്യുന്ന നരാധമന്മാരെ കവി ഉപമിച്ചത്. സമീപകാലത്ത് സിനിമാ രാഷ്ട്രീയ മത മേഖലകളിൽ പ്രത്യേകമായും സമൂഹത്തിൽ പൊതുവായും സ്ത്രീജനങ്ങൾക്കു നേരെയുള്ള കയ്യേറ്റങ്ങളെ ഓർമിപ്പിക്കുവാൻ ഒരു വാഴക്കു നേരിടേണ്ടിവന്ന ദുരവസ്ഥ സഹായകമായി എന്ന് ചർച്ചയിൽ മുഴങ്ങിക്കേട്ടു.
തുടർന്ന് 'ചേലയില്ലാകുല' എന്ന ശീർഷകത്തിൽ ജോസഫ് ജേക്കബ് രചിച്ച ഒരു കാർഷിക നാടൻ പാട്ട് ഗാനാത്മകമായി രചയിതാവു തന്നെ പാടി. കവിയും സഹധർമ്മിണിയും ചേർന്ന് വീട്ടു വളപ്പിൽ ഒരു പച്ചക്കറി തോട്ടമുണ്ടാക്കി. പാവക്കാ, കോവക്കാ, പടവലം, പയറ്, വെള്ളരി, മത്തൻ തുടങ്ങിയവ തോട്ടത്തിൽ വളർന്നു പന്തലിച്ചു. ഈ പച്ചക്കറി തോപ്പിന്റെ നെഞ്ചിൽ കവി ഒരു വാഴ നട്ടത് സഹധർമ്മിണിക്കിഷ്ടമായില്ല. എന്നാൽ ആ വാഴക്കു ചുറ്റും അനവധി വാഴക്കുഞ്ഞുങ്ങൾ അനധികൃതമായി അനാശാസ്യമായി പൊട്ടി ജനിച്ചതും വളർന്നതും കവിക്കിഷ്ടമായില്ല.
ആ അനാശാസ്യ വാഴക്കുഞ്ഞുങ്ങളെ ചവിട്ടി അരച്ച് പിഴുതെറിയാൻ തുനിഞ്ഞപ്പോൾ ആ വാഴക്കുഞ്ഞുങ്ങളുടെ രക്ഷക്കായി കവിയുടെ സഹധർമ്മിണി എത്തി. വാഴ വളർന്നു കുലച്ചു. കുല പഴുക്കുന്നതിനു മുമ്പ് ശിശിരകാലം വന്നതിനാൽ വാഴക്കുലയെ തണുപ്പിൽ നിന്ന് രക്ഷിക്കുവാൻ കട്ടിയുള്ള ഒരു ചേല വാഴക്കുലയെ ഉടുപ്പിക്കുകയുണ്ടായി. ശിശിരത്തിന്റെ ഏതാണ്ട് അവസാനത്തോടെ അത്യന്തം ആകാംക്ഷയോടെ വാഴക്കുലയുടെ ചേലകൾ ഒന്നൊന്നായി അഴിച്ചു നീക്കിയപ്പോൾ കവി ആ ചേലയ്ക്കകത്തു കണ്ട വാഴക്കുലയുടെ അവസ്ഥ കണ്ട് ഞെട്ടി ദുഃഖിതനായി. കുല തണുപ്പിൽ വിറങ്ങലിച്ച് ചുരുങ്ങി ഉണങ്ങിപ്പോയിരുന്നു. നർമ്മത്തിൽ ചാലിച്ചെഴുതിയ ഈ നാടൻ പാട്ട് ഏവരും ആസ്വദിച്ചു.
സാഹിത്യകാരന്മാരും എഴുത്തുകാരും ആസ്വാദകരുമായ ജോൺ മാത്യു, മാത്യു മത്തായി, ദേവരാജ് കാരാവള്ളിൽ, എ.സി.ജോർജ്, തോമസ് ചെറുകര, ബോബി മാത്യു, ഈശൊ ജേക്കബ്, അനിൽ കുമാർ ആറന്മുള, തോമസ് വർഗീസ്, ജോൺ ഔസേഫ്, ടോം വിരിപ്പൻ, ഷാജി, പാംസ്, ഡോക്ടർ മാത്യു വൈരമൺ, ജോസഫ് തച്ചാറ, റോയി തീയ്യാടിക്കൽ, ടൈറ്റസ് ഈപ്പൻ, എം.തോമസ് വർഗ്ഗീസ് തുടങ്ങിയവർ ചർച്ചയിൽ സജീവമായി പങ്കെടുത്തു. ഹ്യൂസ്റ്റൻ കേന്ദ്രമായി പ്രവർത്തിക്കുന്ന എഴുത്തുകാരുടേയും സാഹിത്യകാരന്മാരുടേയും നിരൂപകരുടേയും വായനക്കാരുടേയും സംയുക്ത സംഘടനയാണ് കേരളാ റൈറ്റേഴ്‌സ് ഫോറം.