'കേരളമെന്ന് കേട്ടാലോ, തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളിൽ' എന്നാണെല്ലോ കവി വാക്യം. ഓരോ കേരളപ്പിറവി ദിനം കടന്നുപോകുമ്പോഴും നാം അത് ഏറ്റുചൊല്ലുന്നു. പക്ഷേ നൂറുവർഷം മുമ്പത്തെ കേരളത്തിന്റെ ചരിത്രം ഒന്ന് എടുത്തുനോക്കിയാൽ, നമ്മുടെ ചോര തിളയ്ക്കുകയല്ല ഉറച്ചുപോവുകയാണ് ചെയ്യുക. 19ാം നൂറ്റാണ്ടിൽ ഇന്ന് കേരളത്തിന്റെ ഭാഗമായ തിരു-കൊച്ചിയിലും, മലബാറിലും നടന്നിരുന്ന ദുരാചാരങ്ങളും അനാചാരങ്ങളും കേട്ടാൽ
ആഫ്രിക്ക നടുങ്ങിപ്പോകും! കേരളം ഭ്രാന്താലമാണെന്ന് വിവേകാന്ദൻ പറഞ്ഞത് കുറഞ്ഞുപോയി എന്നേ പറാൻ കഴിയൂ.

പട്ടിക്കും പൂച്ചയ്്ക്കും നടക്കാൻ കഴിയുന്ന റോഡുകളിലൂടെ മനുഷ്യനെ വിലക്കുന്ന മനുഷ്യൻ. എങ്ങും ദാരിദ്രവും രോഗങ്ങളുമാത്രം. പട്ടിണികാരണം എലിയെപ്പോലും ചുട്ടു തിന്നുന്ന ഒരു ജനത. ലോകത്ത് ഒരിടത്തും ഇല്ലാത്ത രീതിയിൽ ക്രൂരമായിരുന്നു കേരളത്തിലെ ജാതി- അയിത്ത വ്യവസ്ഥകൾ. 19ാം നൂറ്റാണ്ടിലെ ആ ഭ്രാന്താലയത്തിൽനിന്ന്, ആധുനികതയിലേക്കുള്ള കേരളത്തിന്റെ വളർച്ചയും ശരിക്കും വിസ്മയമാണ്!

കൂടുതൽ പ്രസവിക്കുന്ന അടിമക്ക് മോഹവില!

18ാം നൂറ്റാണ്ടിന്റെ അവസാനംവരെ ഇവിടെ വ്യാപകമായി അടിമക്കച്ചവടം നടന്നിരുന്നുവെന്നതിന് ബ്രിട്ടീഷ് രേഖകളിൽ അടക്കം നിരവധി തെളിവുകൾ ഉണ്ട്. കൊച്ചി തുറമുഖത്തും കോഴിക്കോട്ടും പൊന്നാനിയിലും കൊല്ലത്തും ചെന്നൈയിലും നാഗപട്ടണത്തും വിദേശക്കപ്പലുകൾ വന്ന് ഇന്ത്യയിൽനിന്ന് നിർഭാഗ്യവാന്മാരായ മനുഷ്യരെ വാങ്ങി അടിമക്കമ്പോളങ്ങളിൽ വിറ്റിരുന്നു. കേരളത്തിലെ മിക്ക തുറമുഖങ്ങളിലും അടിമക്കയറ്റുമതി 16ാം നൂറ്റാണ്ട് മുതൽതന്നെ ഉണ്ടായിരുന്നു. ഡച്ചുകാർ കൊച്ചിയിൽനിന്ന് ജാവയിലേക്ക് ധാരാളം അടിമകളെ വാങ്ങി അയച്ചിരുന്നു. അഞ്ചുതെങ്ങിലെ ഇംഗ്ളീഷ് വ്യാപാരികളും അടിമവ്യാപാരത്തിൽ ഏർപ്പെട്ടു. പരസ്യമായി ചന്തകളിൽവെച്ച് അടിമകളെ വാങ്ങാൻ കഴിയുമായിരുന്നു.

ഇതിൽ ഏറ്റവും രസാവഹം, കൂടുതൽ അടിമകളെ പ്രസവിക്കാൻ കഴിവുള്ള അടിമസ്ത്രീക്കാണ് ഏറ്റവും കൂടുതൽ വില എന്നതാണ്. അല്ലാതെ ആരോഗ്യമുള്ള പുരുഷന് അല്ല. നോക്കുക, പശുവിനെയും ആടിനെയും പോല മനുഷ്യനെ വിൽക്കുന്ന അവസ്ഥ. ഈ വിഷയം വിശദമായി പഠിച്ച പി. ഭാസ്‌ക്കരനുണ്ണി തന്റെ 'പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം' എന്ന പുസ്തകത്തിൽ ഇങ്ങനെ എഴുതുന്നു. '' മിസിസ് തോമസ് നൽകിയ വിരണം അനുസരിച്ച് ചില താലൂക്കുകളിൽ അടിമകളെ ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന അടിമ സ്ത്രീകൾക്ക് വില കൂടുതൽ ആണ്. പത്തുവയസ്സിന് താഴെയുള്ള ആൺകുട്ടിക്ക് മൂന്ന് രൂപ 8 അണ വിലകിട്ടും. പെൺകുട്ടിയുടെ വില അൽപ്പം കുറയും. 1841 ഓഗസ്റ്റ് 10ന് നടന്ന ഒരു കോടതി ലേലത്തിൽ പത്തുമാസം പ്രായമായ ഒരു ഇളം പൈതലിനെ വിറ്റത്് ഒരു രൂപ പത്ത് അണ ആറ് കാശിനാണ്. അടുത്തകാലത്തുണ്ടായ ഒരു വ്യവഹാരത്തിൽ തീരുമാനമായത് 27 അടിമകളുടെ അവകാശം സംബന്ധിച്ച തർക്കമായിരുന്നു.''

വയനാട്ടിൽ മാനന്തവാടിക്കടുത്ത വള്ളിയൂർക്കാവിൽ ഉത്സവകാലത്ത് സമീപസ്ഥരായ കൃഷിക്കാർ, പണിയർ എന്ന ആദിവാസികളെ ഒരു വർഷക്കാലം പണിക്കായി നിൽപ്പുപണം കൊടുത്ത് റിക്രൂട്ട് ചെയ്തിരുന്നു. ഫലത്തിൽ ഇത് ഒരു അടിമ സമ്പ്രദായം തന്നെയായിരുന്നു. നിയമംമൂലം അടിമസമ്പ്രദായം നിർത്തി നൂറിലധികം വർഷങ്ങൾ കഴിഞ്ഞിട്ടും ഇത് വയനാട്ടിൽനിന്ന് തിരോധാനം ചെയ്തിട്ടില്ല. കെ പാനുർ തന്റെ കേരളത്തിലെ ആഫ്രിക്ക എന്ന പുസ്തകത്തിൽ ഇക്കാര്യം പറയുന്നുണ്ട്. നക്സൽ വർഗീസൊക്കെ പ്രവർത്തനം നടത്തിയ 1970കളിൽപോലും വള്ളിയൂർക്കാവ് കേന്ദ്രീകരിച്ച് അടിമക്കച്ചവടം നടന്നിരുന്നു. നക്സൽ ആക്രമണങ്ങളോട് കൂടിയാണ് അത് ഫലത്തിൽ പൂർണ്ണമായും അവസാനിച്ചത്.

ബ്രാഹ്മണ കന്യകയ്ക്കുമേൽ ശവഭോഗം!

അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും കൂത്തരങ്ങായിരുന്നു അന്നത്തെ നമ്പൂതിരി സമുദായം. ശങ്കരാചാര്യർ കോഡ്രീകരിച്ചുവെന്ന് പറയുന്ന ആചാരങ്ങൾപോലും, തനി പ്രാകൃതമായിരുന്നു. മലവിസർജനത്തിന് പോലും എങ്ങനെ ഇരിക്കണം എന്ന് കൃത്യമായി ശാസനകൾ ഉണ്ടായിരുന്നു. മലബാർ മാന്വനിലെ കൊച്ചി രാജചരിത്രത്തിൽ അത് വിശദീകരിക്കുന്നത് ഇങ്ങനെ ''അക്കാലത്തെ ബ്രാഹ്മണരുടെ ദിനചര്യ ഇങ്ങനെയാണ്. രാവിലെ ഉറക്കമെണീറ്റ ഉടനെ വിദ്വാനെയൊ, ഭർത്താവുള്ള സ്ത്രീയെയൊ, പശുവിനെയൊ, നദിയെയൊ, സുഗന്ധദ്രവ്യങ്ങളെയൊ കണികണ്ടാൽ ഉത്തമമെത്ര. വിധവയെയൊ, കുരുടനെയൊ, മുറിമൂക്കനെയൊ കണികണ്ടാൽ ആ ദിനം അശുഭമാണ്.

ഭൂമി ഭൂമിദേവിയാണ്. അതിനാൽ ഭൂമീയിൽ നേരെ മലമൂത്രവിസർജ്ജനം അരുത്. ഇതിനായി ഓരോ സമയവും ഏത് ദിക്ക് നോക്കിയാണ് ഇരിക്കേണ്ടതെന്ന് ആചാരമുണ്ട്. പകൽ വടക്കോട്ട്, രാത്രി തെക്കോട്ട്, സന്ധ്യകളിൽ മാനത്തോട്ട് നോക്കിയും. തന്റെ നിഴൽ തട്ടുന്നിടത്ത് മലമുത്രവിസർജ്ജനം പാടില്ല. വിസർജ്ജനം കഴിഞ്ഞാലാവട്ടെ ലിംഗം കൈയിലെടുത്ത് എഴുന്നേറ്റ് കോരിയ വെള്ളവും മണ്ണും കൂട്ടി ശൗചിക്കണം. ഒരു നെല്ലിക്കയിൽ പകുതി പ്രമാണം മണ്ണുചേർത്ത് ആദ്യം ലിംഗവും, ഒരു പിടി മണ്ണുകൂടി ഏഴു തവണ മലദ്വാരവും, പത്തു പ്രാവശ്യം ഇടതുകൈയും, പിന്നീട് ഏഴുതവണ രണ്ടുകൈയും, മുമ്മൂന്നു പ്രാവശ്യം രണ്ടു കാലും....ഇങ്ങനെയെത്ര ശൗചം ചെയ്യാൻ. മലമൂത്രവിസർജ്ജന ശൗചം കഴിഞ്ഞ്,പന്ത്രണ്ടും,നാലും പ്രാവശ്യം വെള്ളം കൊണ്ട് വായ്ക്കകം ഉലുക്കുഴിയേണ്ടതാകുന്നു.''- നോക്കുക, എങ്ങനെയുണ്ട്. മലമൂത്ര വിസർജനത്തിനുപോലും എത്ര ചടങ്ങ്, എത്ര സമയം.

ബ്രാഹ്മണൻ ഉടുതുണിയുമായി കുളിക്കരുതെന്നാണ് നിയമം. ആ തുണികൊണ്ട് ശരീരം തുടക്കരുതെന്നും എഴുതിവെച്ചിരിക്കുന്നു. പഴകിയ ഭക്ഷണം കഴിക്കാൻ പാടില്ല, കുട്ടികളുടെ ഉച്ഛിഷ്ടവും. കന്യകമാരായ അന്തർജനത്തെ അച്ഛൻ തിരുമേനിയും, വേളി കഴിഞ്ഞ അന്തർജനത്തെ ഭർത്താവും ഒഴികെ മറ്റാരും കാണാൻ പാടില്ല. ബ്രാഹ്മണ സ്ത്രീകൾ ദാസിയെ കൂടാതെ പുറത്തിറങ്ങരുത്, അവർ വെള്ള വസ്ത്രമേ ഉടുക്കാവൂ. ഭർത്താവ് മരിച്ചാൽ അവൾ സന്യാസിയെപ്പോലെ ജീവിച്ചു കൊള്ളണം.

അതി പൈശാചികമായ ചില ആചാരങ്ങളും അക്കാലത്ത് നിലനിന്നിരുന്നു. അതിലൊന്നാണ് ബ്രാഹ്മണ കന്യക മരിച്ചാലുള്ള ശവഭോഗം. നിഷേകം എന്ന പേരിലാണത്രേ അറിയപ്പെടുന്നത്. അന്തർജനം കന്യകയായി മരിച്ചാൽ അത് ഒരു ബാധയും മൂർത്തിയുമായി മാറുമെന്നും, അതിനാൽ നീച ജാതിയിൽപ്പെട്ട ഒരാൾ ആ ശവത്തെ ഭോഗിച്ച് മോക്ഷം കൊടുക്കണം എന്നുമായിരുന്നത്രേ ആ ദുരാചാരം! 'നീചൻ' എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഒരു ഭ്രഷ്ട ജാതിയാണത്രേ ശവഭോഗം നടത്തുക. ശവഭോഗം' നടത്തിയിരുന്ന 'നീചനെ'ക്കുറിച്ച് ആലങ്കോട് ലീലാകൃഷ്ണൻ എഴുതിയ താത്രിക്കുട്ടിയുടെ സ്മാർത്തവിചാരം എന്ന പുസ്തകത്തിലടക്കം പരാമർശമുണ്ട്. കാണിപ്പയ്യൂർ മാധവൻ നമ്പൂതിരിയും ഇത് ശരിവെക്കുന്നുണ്ട്. പെൺകുട്ടിയെ മനോഹരമായി ഒരുക്കിയാണത്രേ ഈ ചടങ്ങ് നടത്തുക. പിൽക്കാലത്ത് ഇത് നീചൻ ശവത്തെ താലികെട്ടുന്ന രീതിയിൽ പരിഷ്‌ക്കരിക്കപ്പെട്ടു.

'പട്ടിയായി ജനിച്ചാലും അപ്ഫനായി പറ്റില്ല'

കേരളത്തിലെ നവോത്ഥാനം സംബന്ധിച്ച ഇടപെടലകളിലൊക്കെ പലരും ആരോപിക്കാറുള്ളത്, ഈ ജാതി വ്യവസ്ഥ എല്ലാം ബ്രാഹ്മണന്റെ സുഖത്തിന് വേണ്ടിയുള്ളതായിരുന്നെന്നായിരുന്നു. എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വരെ നമ്പൂതിരിയുടെ അവസ്ഥ എന്തായിരുന്നുവെന്ന് വി.ടി ഭട്ടതിരിപ്പാടും, എം.ആർ.ബിയും, ഇ.എം.എസും , ലളിതാംബിക അന്തർജനവുമൊക്കെ എഴുതിയിട്ടുണ്ട്. നമ്പൂതിരി കുടുംബത്തിലെ മൂത്ത പുത്രന് മാത്രമേ സ്വസമുദായത്തിൽ നിന്നും വിവാഹം അനുവദിച്ചിരുന്നുള്ളു. ഇയാളെ 'അച്ഛൻ നമ്പൂതിരി' എന്നും, ഇളയ സഹോദരങ്ങളെ 'അപ്ഫൻ നമ്പൂതിരി' എന്നും വിളിച്ചിരുന്നു. അഫ്ഫൻ നമ്പൂതിരിമാർക്ക് നായന്മാരും അമ്പലവാസികളുമായുള്ള സംബന്ധം മാത്രമേ നടപ്പുണ്ടായിരുന്നുള്ളൂ. മുവന്തി നേരത്ത് റാന്തൽ വിളക്കുമായി സംബന്ധ വീടുകളിൽ എത്തുകയും, രാവിലെത്തന്നെ കുളി ജപങ്ങൾക്കായി ഇല്ലത്തേക്കു മടങ്ങുകയും ചെയ്യുന്ന നമ്പൂതിരിമാർക്ക് സംബന്ധക്കാരിക്കോ, അതിൽ നിന്നും ജനിക്കുന്ന മക്കൾക്കോ ചെലവിനു കൊടുക്കുകയോ സ്വത്ത് നൽകുകയോ വേണ്ടിയിരുന്നില്ല.

ഇതുകാരണം ലോകത്ത് ഒരിടത്തുമില്ലാത്ത മറ്റൊരുകാര്യം കൂടി കേരളത്തിൽ നടന്നു. സ്വന്തം പിതാവിനെ മക്കൾക്കോ, മക്കളെ പിതാവിനോ തൊടാൻ പോലും പറ്റാത്ത അവസ്ഥയായി! തൊട്ടൽ അയിത്തം തന്നെ. 'പട്ടിയായി ജനിക്കാം പൂച്ചയായി ജനിക്കാം പക്ഷേ അപ്ഫനായി ജനിക്കാൻ പറ്റില്ല' എന്നായിരുന്നു വി.ടി ഭട്ടതിരിപ്പാട് എഴുതിയത് ഇതൊക്കെ ഓർത്തുകൊണ്ട് തന്നെയാണ്. അതുപോലെ കടൽ കടന്ന് യാത്ര ചെയ്താലും നമ്പൂതിരിക്ക് ഭ്രഷ്ടാണ്. വടക്കോട്ട് കോരപ്പുഴ കടക്കാൻ പാടില്ല. മുങ്ങിക്കുളി തറ്റിച്ചാൽ ഭ്രഷ്ട് ഉറപ്പ്. ഇങ്ങനെ പുറത്തേക്ക് യാത്ര ചെയ്യാൻ പോലുമാവാതെ, ആധുനിക വിദ്യാഭ്യാസമില്ലാതെ ആ ഠ വട്ടത്തിൽ ഒതുങ്ങാനായിരുന്നു, അന്നത്തെ ഭൂരിഭാഗം നമ്പൂതിരിമാരുടെയും യോഗം

അന്തർജനങ്ങളുടെ കാര്യമായിരുന്നു ഏറെ ദയനീയം. കുടുംബത്തിൽ മൂത്തയാൾക്ക് മാത്രമാണ് വിവാഹം എന്നതുകൊണ്ട് അവിവാഹിത സ്ത്രീകളുടെ എണ്ണം നമ്പൂതിരി സമുദായത്തിൽ കൂടുതൽ ആയിരുന്നു. ഇത് പരിഹരിക്കാനായി 'അച്ഛൻ നമ്പൂതിരിമാർ മൂന്ന് വിവാഹം വരെ സ്വജാതിയിൽ നിന്നും കഴിക്കുന്നത് പതിവാക്കി. മാത്രമല്ല ഇതോടെ കൗമാരക്കാരികൾക്ക്പോലും വൃദ്ധരെ വിവാഹം കഴിക്കേണ്ടിവന്നു. എന്നിട്ടും 19ാം നൂറ്റണ്ടിലെ അന്തർജനങ്ങളിൽ വലിയൊരു ശതമാനം അവിവാഹിതരോ, വിധവകളോ ആയിരുന്നത്രേ !

എതെങ്കിലും അന്തർജനത്തിന് വിവാഹേതര ബന്ധം ഉണ്ടായാൽ സ്മാത്ത വിചാരം നടത്തി പ്രതികളെ മുഴുവൻ ഭ്രഷ്ട് കൽപ്പിച്ച് പടിയടച്ചു പിണ്ഡംവെക്കുക ആയിരുന്നു അന്നത്തെ രീതി. കുറിയേടത്ത് താത്രിയുടെ സ്മാത്ത വിചാരമൊക്കെ ഏറെ പ്രശസ്തമാണ്. എം ടിയുടെ 'പരിണയം' എന്ന ചിത്രവും ഇതേ പ്രമേയമാണ് പറയുന്നത്. കുറ്റം സമ്മതിപ്പിക്കാനായി വിഷജീവികളെയും മൂർഖൻ പാമ്പിനെയടക്കവും ഉപയോഗിക്കുന്ന പതിവും ഉണ്ടായിരുന്നു! അടച്ചിടപ്പെട്ട എല്ലാ സമൂഹത്തിലെന്നപോലുള്ള ലൈംഗിക പ്രശ്നങ്ങൾ അക്കാലത്ത് ഏറെയായിരുന്നു. 1850 മുതൽ 1927 വരെയുള്ള കാലയളവിൽ സാമൂതിരിയുടെ അധീനതയിലുള്ള ചെറിയൊരു പ്രദേശത്തുതന്നെ 60ഓളം സ്മാർത്ത വിചാരങ്ങൾ നടന്നിരുന്നു. ഷൊർണ്ണൂരിനടുത്ത് കവളപ്പാറയിൽ കാൽ നൂറ്റാണ്ടിലേറെ നീണ്ടുനിന്ന സ്മാർത്ത വിചാരത്തിനു ശേഷം കുറ്റക്കാരിയല്ലെന്നു കണ്ടെത്തിയ ചരിത്രവുമുണ്ട്. അത്രയും കാലം ഇരുട്ടുമുറിയിൽ അന്തർജനം നരകിച്ചതു മിച്ചം !

നരബലിയുടെ കഥകളും പറയാനുണ്ട്!

നൂറ്റാണ്ട് മുമ്പത്തെ കേരളത്തിലും നരബലികൾ ഒരുപാട് നടന്നിട്ടുണ്ടെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. മടവീഴ്ചക്ക് പരിഹാരമായി അതിൽ ചേർത്ത് അടക്കപ്പെട്ട കുട്ടനാടൻ ദലിത് കർഷന്റെ കഥ വെറും മിത്ത് മാത്രമല്ല. 18ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അടിമകളെ ബലി നൽകുന്ന രീതി കേരളത്തിലും നിലവിലുണ്ടായിരുന്നു. ബ്രിട്ടീഷുകാർ ശക്തമായി ഇടപെടാൻ തുടങ്ങിയതോടെയാണ് അത് അവസാനിച്ചത്.

''പൊങ്ങിലിടി' എന്ന ഒരു ആചാരം അടുത്തകാലം വരെ മലബാറിലെയടക്കം കാവുകളിൽ നിലനിന്നത് ഇതിന്റെ തെളിവായാണ് ചരിത്രകാരന്മാർ ചൂണ്ടിക്കാട്ടുന്നത്. ഇളനീർ തേങ്ങ മനുഷ്യന്റെ തലയോടിന്റെ ആകൃതിയിൽ ഭംഗിയായി ചെത്തിയെടുത്ത്, മന്ത്രവാദികൾ രക്തവർണ്ണത്തിനായി ഉപയോഗിക്കുന്ന ''ഗുരുസി''എന്ന ചുവന്ന ലായനി ചേർത്ത് ഉരലിലിട്ട് ഇടിച്ചു ചതക്കുന്ന ഒരു ആചാരം കേരളത്തിലെ ഭദ്രകാളീ കാവുകളിൽ ഉണ്ടായിരുന്നു. ഇത് ഓർമ്മിപ്പിക്കുന്നത് പണ്ട് കാവുകളിൽ നിലനിന്നിരുന്ന നരബലിയെ ആണെന്നാണ് ഒരു വാദം. തീണ്ടൽ കുറ്റങ്ങളും മറ്റ് ആരോപിക്കപ്പെട്ട് വരുന്ന അസവർണ്ണരെ കൊന്നത് തലഭദ്രകാളിക്കുള്ള നിവേദ്യമാക്കുകയാണ്. കാളി ക്ഷേത്രങ്ങളിൽ തലകൾ ശേഖരിച്ചു സൂക്ഷിക്കുകയും, വർഷത്തിൽ ഒരിക്കൽ നടത്തുന്ന പൊങ്ങിലിടി ചടങ്ങാകുബോഴേക്കും ഈ മനുഷ്യ തലകൾ ജീർണ്ണിച്ച് വെറും തലയോട്ടികളായി തീർന്നിരിക്കുമെന്നും നിശ്ചയമാണ്. ബ്രിട്ടീഷ് ഭരണകാലത്ത് അയിത്തത്തിന്റെ പേരിൽ അസവർന്നരുടെ തല അറുത്തെടുക്കലും ഒരു വർഷക്കാലം അവ കാളികാവുകളിൽ മൺകുഴിയിലിട്ട് സൂക്ഷിക്കലും സാധിക്കാതെ വന്നതുകൊണ്ടായിരിക്കാം ഇളനീർ തേങ്ങ മനുഷ്യന്റെ തലയോട്ടി രൂപത്തിൽ പ്രതീകാത്മകമായി ചെത്തി ഉണ്ടാക്കുന്ന സമ്പ്രദായത്തിലേക്ക് മാറിയത് എന്നാണ് എഴുത്തുകാരൻ ടി മുരളി ചൂണ്ടിക്കാട്ടുന്നത്.

ശുദ്ധ വായു, നല്ല വെള്ളം; ആയുസ്സ് നാൽപ്പത് വയസ്സ്!

19ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കേരളത്തിലെ ശരാശരി ആയുസ് 36 വയസ്സും അവസാനിക്കുമ്പോൾ 40 വയസ്സുമായിരുന്നു. അന്ന് ഇന്നത്തെ പ്രകൃതിവാദികൾ പറയുന്നപോലെ ശുദ്ധ വായുവും നല്ല വെള്ളവും മാലിന്യമുക്തമായ ജൈവ ഭക്ഷണവുമായിരുന്നു! പക്ഷേ ജനം വസൂരിപോലുള്ള മഹാമാരികൾ വന്ന് മരിച്ച് വീഴുകയായിരുന്നു.

എഴുത്തുകാരനും സുരക്ഷാവിദഗ്ധനുമായ മുരളി തെമ്മാരുകുടി ഇങ്ങനെ എഴുതുന്നു. -''സ്വാതന്ത്ര്യം കിട്ടുന്ന 1947 ൽപോലും ഇന്ത്യയിലെ ആണുങ്ങളുടെ ശരാശരി ആയുസ്സ് 50 വയസ്സിൽ താഴെ ആയിരുന്നു. അന്ന് 50 വയസ്സിനു മുകളിൽ ആരും ജീവിച്ചിരുന്നില്ല എന്നല്ല. നല്ല ആരോഗ്യമുള്ളവരേ അന്ന് വയസ്സായി മരിക്കാറുള്ളൂ, അല്ലാതെ വയസ്സന്മാർ ആരോഗ്യത്തോടെ ജീവിക്കാറില്ല. 100 വർഷം മുൻപാണ് ഞാൻ ജനിച്ചതെങ്കിൽ ഉറപ്പായ ഒരു കാര്യം ആദ്യമേ പറയാം. 50 ാം പിറന്നാൾ ആഘോഷിക്കാനോ അതിനെപ്പറ്റി ചിന്തിക്കാനോ ഞാനുണ്ടാകാനുള്ള സാധ്യത തീരെ കമ്മി. അന്ന് ശരാശരി മലയാളി പുരുഷന്റെ ആയുർദൈർഘ്യം 40 വയസ്സിൽ താഴെയായിരുന്നു. അഷ്ടവൈദ്യന്മാരും ഇംഗ്ലീഷ് ഡോക്ടർമാരും പോരാത്തതിന് മന്ത്രവാദികളും വിളിപ്പുറത്തുണ്ടായിരുന്ന അക്കാലത്തെ രാജാക്കന്മാർ പോലും അന്ന് 50 കടന്നിരുന്നില്ല. എന്റെ അച്ഛന്റെ തറവാട്ടിൽ 36 വയസ്സിനു മീതെ ആണുങ്ങൾ ജീവിച്ചു തുടങ്ങിയത് അച്ഛന്റെ തലമുറയിലാണ്.

വിദ്യാഭ്യാസവും ആരോഗ്യവും പോലുള്ള പൗരന്മാരുടെ അടിസ്ഥാന പ്രശ്‌നങ്ങളിൽ ഗവൺമെന്റ് ഇടപെട്ടിരുന്നില്ലെങ്കിലും ആണുങ്ങൾ മീശവെച്ചിരുന്നോ കല്യാണത്തിന് വലിയ പപ്പടം കാച്ചിയിരുന്നോ, സ്ത്രീകൾ അമ്പലത്തിൽ കയറുമ്പോൾ മാറു മറച്ചിരുന്നോ ശീലക്കുട ഉപയോഗിച്ചിരുന്നോ എന്നെല്ലാം അന്വേഷിക്കാൻ നാട്ടിൽ നിയമവും ആളുമുണ്ടായിരുന്നു. ഈ പറഞ്ഞതെല്ലാം നിഷിദ്ധവുമായിരുന്നു. നാടുവാഴുന്ന പൊന്നു തമ്പുരാൻ തീപ്പെട്ടാൽ ഉടനെ അന്നു പിറന്ന കുട്ടികൾ ഉൾപ്പടെ തിരുവിതാംകൂറിലെ ആൺപ്രജകളെല്ലാം പുരികം ഉൾപ്പടെ ശരീരരോമങ്ങളെല്ലാം ക്ഷൗരം ചെയ്തുകളയണം എന്ന് നിർബന്ധം.

ഇന്നത്തെ പോലെ ആദായ നികുതി, ഭൂനികുതി എന്നിങ്ങനെ ഏറി വന്നാൽ പത്തു കരങ്ങളല്ല അന്ന്. കല്യാണത്തിന് പന്തലിടുന്നത് തൊട്ടു സ്ത്രീകൾ സ്വർണ അരഞ്ഞാണം ഇടുന്നത് വരെ എന്തിനും കാശ് പിടുങ്ങാൻ സർക്കാർ റെഡി. കുതിരക്കും പശുവിനും കൊടുക്കാനുള്ള പുല്ലു വിൽക്കാൻ തിരുവനന്തപുരം ചന്തയിൽ എത്തുന്ന സ്ത്രീകളോട് കെട്ടു താഴെ വയ്ക്കുന്നതിനു കരം മേടിച്ചിരുന്നു എന്നത് നാം അറിയാതിരിക്കരുത്.''- മുരളി തുമ്മാരുകുടി ചൂണ്ടിക്കാട്ടുന്നു

കേരളാ സെപ്ഷ്യൽ അയിത്തം!

അടിമ സമ്പ്രദായവും ഉച്ച നീചത്വവുമെല്ലാം ലോകത്ത് എല്ലായിടത്തും ഉണ്ടായിരൂന്നെങ്കിലും കേരളത്തിൽ ഉണ്ടായിരുന്നപോലുള്ള അയിത്തം ലോകത്ത് എവിടെയും ഉണ്ടായിരിന്നില്ല. ചിലരുടെ സാന്നിധ്യം പോലും അയിത്തമാണ്. ഓരോ ജാതിയും എത്ര അടിവരെ മാറിനിൽക്കണമെന്ന് കൃത്യമായ കണക്കുണ്ടായിരുന്നു.

നമ്പൂതിരി-ബ്രാഹ്മണരിൽ നിന്നും നായർ 16 അടി ദൂരവും, ഈഴവൻ 32 അടി ദൂരവും പുലയൻ 64 അടി ദൂരവും മാറി നിൽക്കണമായിരുന്നു. നായരിൽ നിന്നും ഈഴവൻ 16 അടിയും പുലയന് 32 അടിയും അകന്നു നില്ക്കണം. ഈഴവനിൽ നിന്നും പുലയൻ ആറടിയെങ്കിലും മാറി നില്ക്കണം. ഉള്ളാട ജാതിക്കാരെ വളരെ ദൂരെ നിന്നും കണ്ടാൽ പോലും ബ്രാഹ്മണർക്ക് ആയിത്തമാകും. പരസ്പ്പരമുള്ള ഈ ജാതീയ ദൂരത്തിന്റെ പരിധി/ അതിർത്തി ലംഘിച്ച് ആരെങ്കിലും അടുത്തുപോയാൽ ഉയർന്ന ജാതിക്കാരന് ആയിത്തമായി. പരസ്പ്പരം തൊട്ടുപോയാൽ 'തൊടീൽ' ആയി. ഇതിനും ക്രൂര ശിക്ഷയാണ് പലപ്പോഴും കീഴാളർക്ക് അനുഭവിക്കേണ്ടി വന്നത്. പലപ്പോഴും മൃഗങ്ങളെപ്പോലെയാണ് അവർ ജീവിച്ചിരുന്നത്. പൊയ്കയിൽ അപ്പച്ചൻ എന്ന കുമാരഗുരുദേവൻ എഴുതിയിട്ട് വിസർജിച്ച് കഴിഞ്ഞാൽ എങ്ങനെ ശൗചം ചെയ്യണമെന്ന് പോലും തന്റെ തലമുറയെ പഠിപ്പിക്കേണ്ടി വന്നുവെന്ന്. ഇങ്ങനെ അടിമകളെപ്പോലെ കഴിയുന്ന നേരത്ത് അവർക്ക് ആത്മഹത്യചെയ്തൂടെയന്ന് അദ്ദേഹം ഒരിടത്ത് ചോദിക്കുന്നുണ്ട്.

ചില 'രസകരമായ' ആചാരങ്ങൾ നോക്കുക. കീഴ് ജാതിക്കാർക്ക് പശുവിനെ വളർത്താം. പക്ഷേ പശുവിനെ കറക്കാനുള്ള സ്വതന്ത്ര്യം ഉണ്ടായിരുന്നില്ല. തൈര് മോര്, വെണ്ണ, നെയ്യ് ഈ വക സാധനങ്ങൾ ഒന്നും അവർക്ക് ഉപയോഗിക്കാൻ പാടില്ല. പശുവിന് പുല്ലും വൈക്കോലും കൊടുക്കാം, പക്ഷേ പ്രസവിച്ചിട്ടുണ്ടെങ്കിൽ, നേരെ നായരുടേയെ നമ്പൂതിരിയുടേയാ വീട്ടിൽ പശുവിനെ കൊണ്ട് ചെന്ന് ആക്കണം. പശു പ്രസവിച്ചാൽ പുലയാണ്. പശുവിനെ കറന്ന് പാലുകുടിച്ചവർക്ക് വധ ശിക്ഷ.

പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം എന്ന പുസ്തകത്തിൽ പി. ഭാസ്‌ക്കരനുണ്ണി ഇങ്ങനെ എഴുതുന്നു. '' ഗോരസങ്ങളിൽ ഏതെങ്കിലും ഒന്ന് പ്രധാന ഭക്ഷണത്തിന് ഉണ്ടാകുക മലയാളിക്ക് പ്രിയമാണെന്ന് കേൾക്കുമ്പോൾ, അതും സവർണ്ണക്ക് മാത്രമായിരുന്നുവെന്ന് ധരിക്കണം. കേരളീയരുടെ കഴിഞ്ഞ നൂറ്റാണ്ടിനെക്കുറിച്ചുള്ള എല്ലാ ശുഭവർത്തമാനങ്ങളുടെയും ഗതി, പൊതുവെ ഇതുതന്നെയായിരുന്നെന്ന് മറക്കരുത്. അവർണ്ണന് പശുക്കളെ തീറ്റാനല്ലാതെ പോറ്റാനോ കറക്കാനോ അവകാശം ഉണ്ടായിരുന്നില്ല. പശൂ ലക്ഷ്മിയാണ്. പശുപെറ്റാൽ അന്തർജനം പെറ്റ പുലയാണ്. പത്തു പുല. ആ പുല കഴിഞ്ഞ് പശുവിനെ കറക്കുന്നതും പാലും മറ്റും കൈകാര്യം ചെയ്യുന്നതും സവർണ്ണർ തന്നെ ആയിരിക്കണം എന്നാണ് രാജ നിശ്ചയം.''

നായർ പട്ടാളത്തിന്റെ യുദ്ധം എന്ന കോമഡി

പതിറ്റാണ്ടുകൾ തുടർന്ന നമ്പൂതിരി സംബദ്ധം ഒരുതരം ലൈംഗിക അരാജകത്വത്തിലേക്കാണ് നായർ സമുദായത്തെ കൊണ്ടെത്തിച്ചതെന്ന് പി.കെ ബാലകൃഷ്ണൻ തന്റെ കേരള ചരിത്രവും ജാതിവ്യവസ്ഥയും എന്ന പുസ്തകത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഭാര്യമാരുടെ കാര്യം പോകട്ടെ സ്വന്തം ചോരയിൽ പിറന്ന കുട്ടിയിൽ പോലും യാതൊരു അവകാശവും അന്ന് നായർക്ക് ഇല്ലായിരുന്നു. അമ്മ വീട്ടിൽ വളരുന്ന കുട്ടിക്ക് വേണ്ടി വിദ്യാഭ്യാസത്തിനു സഹായിക്കാനോ അൽപ്പം സ്വത്തു സമ്പാദിച്ചുവക്കാനോ പോയിട്ട് ഒന്നു കളിപ്പിക്കാനോ കളിപ്പാട്ടം വാങ്ങാനോ ഉള്ള അവകാശമോ അവസരമോ അന്നുണ്ടായിരുന്നില്ല. കാരണവന്മാർക്ക് ഇഷ്ടക്കേട് ഉണ്ടാക്കുന്നതും ദാമ്പത്യജീവിതം അവസാനിക്കാൻ കാരണമായിരുന്നു. നീണ്ടുനിന്ന ദാമ്പത്യബന്ധങ്ങൾ ആ തലമുറയിൽ നായന്മാർക്ക് ഉണ്ടായിരുന്നില്ല എന്നു തന്നെ പറയാം. ബഹുഭർതിത്വവും അന്ന് വ്യാപകമായിരുന്നു. ഒരാൾ അകത്തുള്ളപ്പോൾ പുറത്ത് ഒരു അടയാളം വെക്കുകയാണ് പതിവ്. പെണ്ണിന് പിടിച്ചില്ലെങ്കിൽ പിന്നെ പടിക്ക്‌ പുറത്താണ്.

'മണാളരെ' എന്ന ഒരു പ്രത്യേക വിഭാഗത്തിന്റെ കാര്യവും ഞെട്ടിക്കുന്നതാണ്. ചില ശൂദ്ര ജാതിക്കാരുമായുള്ള ലൈംഗിക ബന്ധം ബ്രാഹ്മണർക്ക് ഭ്രഷ്ട് വിളിച്ചു വരുത്തുന്നതാണ്. പക്ഷേ ശൂദ്ര സ്ത്രീ വേശ്യയാണെങ്കിൽ ബ്രാഹ്മണർക്ക് ബന്ധം വിലക്കിയിട്ടില്ല. ആ സാഹചര്യത്തിൽ ഇത്തരം 'മണാളരെ'ക്കൊണ്ടും മറ്റു രണ്ടു ശൂദ്രരെക്കൊണ്ടും ശാരീരികബന്ധം നടത്തിച്ച്, സ്ത്രീ വേശ്യയായി എന്ന് ഉറപ്പിച്ചതിന് ശേഷമേ അഫൻ നമ്പൂതിരിമാർ സംബന്ധത്തിൽ ഏർപ്പെട്ടിരുന്നുള്ളുവത്രേ!

നായർ പട്ടാളത്തിന്റെ യുദ്ധവും അക്കാലത്ത് ബഹു കോമഡിയായിരുന്നു. നായന്മാരുടെ പ്രധാന ജോലി യുദ്ധം ചെയ്യലാണ്. പത്തുനാൽപ്പത് നാട്ടുരാജ്യങ്ങളും പ്രമാണിമാരുമായി എപ്പോഴും എന്തെങ്കിലും ശണ്ഠകൾ ഉണ്ടാവും. എന്നാൽ ഇന്നത്തെ പട്ടാളത്തിന്റെ യുദ്ധം പോലുള്ളതല്ല അന്ന്. ഒരു ഷിഫ്റ്റിൽ ജോലി ചെയ്യുന്നവരെപ്പോലെ രാവിലെ കുളിച്ചൊരുങ്ങി വന്ന് ഉച്ചത് ലഞ്ച് ബ്രേക്ക് ഒക്കെ എടുത്ത് വൈകുന്നേരം അവസാനിക്കുന്ന ഒരു ഡ്രില്ലുപോലത്തെ യുദ്ധമായിരുന്നു അതെന്ന് പി.കെ ബാലകൃഷ്ണൻ ചൂണ്ടിക്കാട്ടുന്നുണ്ട്! നായർ പടയാളികൾക്ക് വെറും ഉപജീവനം മാത്രമായിരുന്നു ഈ യുദ്ധങ്ങൾ. അന്ന് പിൽക്കാലത്തുകൊട്ടിഘോഷിക്കപ്പെട്ടപോലെ വലിയ സൈന്യങ്ങൾ ഒന്നും ഇല്ലായിരുന്നെന്നും, നാടുവാഴിക്കുപോലും ഒരു തോർത്തുണ്ടും ഒരു മേൽമുണ്ടും ഒരു ചെറിയ വീടും മാത്രമാണ് ഉണ്ടായിരുന്നതെന്നും പി.കെ ബാലകൃഷ്ൻ ചൂണ്ടിക്കാട്ടുന്നുണ്ട്.

വധശിക്ഷ സാധാരണം, എന്നിട്ടും അരാജകത്വം

നൂറുവർഷം മുമ്പുവരെയുള്ള കേരളത്തിൽ വധശിക്ഷ സർവസാധാരണമായിരുന്നു.
കളവുതൊട്ട് ഗോമാംസം ഭക്ഷിക്കുന്നതുവരെയുള്ള കാര്യങ്ങൾക്ക് വധശിക്ഷയായിരുന്നു പരിഹാരം. ഇതു നടപ്പിലാക്കാൻ നാട്ടുജന്മിമാർക്കുവരെ അവകാശവും ഉണ്ടായിരുന്നു.
തല മാത്രമല്ല അന്ന് ശിക്ഷയായി വെട്ടി കളഞ്ഞിരുന്നത്, വിരൽ തൊട്ടു കൈ വരെ ഏതവയവവും നഷ്ടപ്പെടാം. കൂടാതെ, അടി, തടവ്, ഭ്രഷ്ട് , നാട് കടത്തൽ, പിഴ എന്നിങ്ങനെ ശിക്ഷകൾ വേറെയും ഏറെ. കുറ്റവിചാരണ തന്നെ 19 ാം നൂറ്റാണ്ടിലും അതിക്രൂരമായിരുന്നു. കുറ്റാരോപിതനായ ആളോട് തിളച്ച എണ്ണയിലോ ഈയത്തിലോ കൈമുക്കാൻ പറയുകയായിരുന്ന നാട്ടുനടപ്പ്.

വിചാരണയും ശിക്ഷയും അതികഠിനമായതിനാൽ അന്ന് കുറ്റം കുറവായിരുന്നു എന്ന് തോന്നും. ഇപ്പോൾ ശിക്ഷയില്ലാത്തതാണ് കുറ്റവാസന പെരുകുന്നത് എന്നാണല്ലോ പൊതുധാരണ. പക്ഷെ അതിക്രൂരമായ ശിക്ഷകളും വിചാരണയും ഉണ്ടായിട്ടും കളവും കൊലയും ബലാൽസംഗവും എല്ലാം അന്ന് സർവസാധാരണമായിരുന്നു. കായംകുളം കൊച്ചുണ്ണിയെ പറ്റി എല്ലാവരും കേട്ടിട്ടുണ്ട്. കുമരകം കായലിൽ കൊള്ള സംഘത്തെ ഉണ്ടാക്കിയിട്ട് വീട്ടിലിരുന്നു കളവു മുതൽ അനുഭവിച്ച തുമ്പയിൽ കുറുപ്പിനെ പറ്റി ചരിത്രത്തിലുണ്ട്. ഇതുപോലെ കൊള്ള സംഘങ്ങളും അക്രമികളും നാട്ടിലാകെ പെരുകിയ കാലമായിരുന്നു അത്.

മുരളി തുമ്മാരുകുടി ഇങ്ങനെ എഴുതുന്നു-''ഇന്നു ശരാശരി മലയാളി കഴിക്കുന്ന ഭൂരിഭാഗം ഭക്ഷണവിഭവങ്ങളും 20ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽപോലും നമുക്ക് അജ്ഞാതമായിരുന്നു. ഇഡ്‌ലി, ദോശ, ചായ, കാപ്പി, സാമ്പാർ ഇവയൊന്നും അന്ന് മലയാളി മെനുവിൽ ഇല്ല. പുട്ടിനെ കുമ്പം തൂറി എന്ന മ്ലേച്ച ഭക്ഷണം ആയാണ് കരുതിയിരുന്നത്. തികച്ചും കേരളീയം എന്നു നാം കരുതുന്ന അവിയൽ പോലും അറുപത്തിനാലിനം വിഭവങ്ങളും ആയി അമൃതേത്ത് കഴിച്ചിരുന്ന കൊച്ചി രാജാവിന്റെ ഭക്ഷണലിസ്റ്റിൽ ഇല്ലായിരുന്നു. കപ്പ കേരളത്തിലേക്ക് വരുന്നത് 1880 ലെ അരി ക്ഷാമത്തിന്റെ സമയത്താണ്. രാവിലേയും വൈകിട്ടും ചാമയോ അരിയോ കൊണ്ടുള്ള കഞ്ഞിയും താളുകൊണ്ടുള്ള കറിയും ഒക്കെയായിരുന്നു അക്കാലത്ത് മലയാളി കർഷക കുടുംബത്തിലെ ഭക്ഷണം. രാവിലെ ഭക്ഷണത്തിന് പാലത്തേക്ക് (പകലത്തേക്ക്) എന്നാണ് പറഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ ഉച്ചഭക്ഷണവും വൈകിട്ടു കാപ്പിയും ഒന്നുമില്ല. ഈ രണ്ടുനേരം ഭക്ഷണം തന്നെ എല്ലാവർക്കും എല്ലാക്കാലത്തും ഉണ്ടായിരുന്നില്ല. 1850കളിൽതന്നെ തിരുവിതാംകൂറിൽ അരി ഇറക്കുമതി ചെയ്യേണ്ടിവന്നു. ഭക്ഷ്യക്ഷാമം 1970 കൾ വരെ തുടർന്നതിനു ഞാൻ സാക്ഷിയുമാണ്.ഒരാൾ ജനിച്ച ജാതിയും മതവും ആയിരുന്നു പത്തൊമ്പതാം നൂറ്റാണ്ടിലെ എല്ലാ അവസരങ്ങളിക്കും അവകാശങ്ങളിലെക്കും ഉള്ള പാസ്‌പോർട്ട്. അക്കാലത്തു അത്യാവശ്യം അവകാശങ്ങളൊക്കെ ഉള്ള നായരായി ജനിച്ച എന്റെ കാര്യം ഇങ്ങനെ ആകുമായിരുന്നെങ്കിൽ, മറ്റുള്ള വിഭാഗത്തിൽ ജനിച്ച ആളുകളുടെ കാര്യം എന്താകുമായിരുന്നു? യേശുദാസിനെ പോലെ സംഗീത പ്രതിഭയോ മമ്മൂട്ടിയെ പോലെ അഭിനയപ്രതിഭയോ 1840 ലും 1850 ലും ഒക്കെ ജനിച്ചിരുന്നെങ്കിൽ അന്നത്തെ ചുറ്റുപാടിൽ അവർ ഒന്നും ആവില്ലായിരുന്നു. മറു നാട്ടിൽ പോയി പഠിച്ചു പ്രതിഭ തെളിയിച്ചു വന്ന ഡോക്ടർ പൽപ്പുവിനു ഒരു സർക്കാർ ജോലി കൊടുക്കാൻ അന്നത്തെ അധികാരികൾക്ക് തോന്നിയില്ല.''

ഭ്രാന്താലയത്തിൽനിന്ന് ലോക മാതൃകയിലേക്ക്

ഇന്ന് പലകാര്യത്തിലും കേരളം ലോക മാതൃകയാണെന്ന് പറയാം. പൊതുജനാരോഗ്യം, സാക്ഷരത, ശിശു മരണ നിരക്ക് തടയൽ, സ്ത്രീശാക്തീകരണം തുടങ്ങിയ പല കണക്കുകളിലും കേരളം മുന്നിട്ട് നിൽക്കുന്നു. വിവേകാന്ദൻ ഭ്രാന്താലയം എന്ന് വിളിച്ച നാട് എതാനും ദശകങ്ങൾക്കുള്ളിൽ എങ്ങനെയാണ് ഇങ്ങനെ മാറിയത്. ഈ മാറ്റത്തിന്റെ കാരണം റോബിൻ ജഫ്രിയെപ്പോലുള്ള കേരളത്തെ നന്നായി പഠിച്ച ഒരു പണ്ഡിതനോട് ചോദിച്ചപ്പോൾ പറഞ്ഞ കാര്യം, വിദ്യാഭ്യാസം പുരോഗതിയും സാമൂഹിക പരിഷ്‌ക്കരണവും എന്നായിരുന്നു മറുപടി.

കേരളത്തെ മാറ്റി മറിച്ച വിദ്യാഭ്യാസ വിപ്ലവത്തിന് നാം നന്ദി പറയേണ്ടത് മിഷനറി പ്രവർത്തകർക്കാണ്. അവർ തുടങ്ങിയ പള്ളിക്കൂടങ്ങളും, അച്ചടി വിപ്ലവവും കേരളത്തെ ശരിക്കും മാറ്റി മറിക്കയായിരുന്നു. ഇവിടുത്തെ സർക്കാർ സ്‌കൂളുകളിൽ ഈഴവർ അടക്കമുള്ളവരുടെ കുട്ടികൾക്ക് സവർണ്ണർ പ്രവേശനം നിഷേധിച്ചപ്പോൾ, ബെഞ്ചമിൻ ബെയ്ലിയുടെ ഭാര്യ എലിസബത്ത് ബെയ്ലി അവർക്കായി പള്ളിക്കൂടങ്ങൾ തുറന്നത് മറക്കാൻ കഴിയില്ല. വസൂരി വന്നാൽ വാഴയിലിൽ പൊതിഞ്ഞ് കളയുന്ന രീതി മാറ്റിയതും മിഷനറി മേരി ബാഴ്സിലിയെപ്പോലുള്ള ആരോഗ്യ പ്രവർത്തകരാണ്.

അതുപോലെ ഡോ. ഹെർമൻ ഗുണ്ടർട്ടും, അയ്യൻകാളിയും, ശ്രീനാരായണ ഗുരുവും, ചട്ടമ്പി സ്വാമികളും, പൊയ്കയിൽ അപ്പച്ചനും, തൊട്ട് വി.ടി ഭട്ടതിരിപ്പാടും, ഇ.എം.എസും, മുഹമ്മദ് അബുദുറഹിമാൻ സാഹിബും, മന്നത്ത് പത്മനാഭനും അടക്കമുള്ള എത്രയത്രയോ പേർ. അതോടൊപ്പം മതേതരത്വവും അവസരസമത്വവും ഉറപ്പുവരുത്തുന്ന ഒരു ഭരണഘടനയും. ലോകമെമ്പാടുമുള്ള ശാസ്ത്രത്തിന്റെ സാങ്കേതിക വിദ്യയുടെയും വേലിയേറ്റങ്ങൾ കേരളത്തിലുമുണ്ടായി. ഉദാഹരണമായി പൊതുഗതാഗതം വന്നാൽ പിന്നെ അയിത്തക്കാർക്ക് പിടിച്ചു നിൽക്കാൻ കഴിയുമോ. അല്ലാതെ കേരളീയ നവോത്ഥാനം എന്ന് നാം പറയുന്നത് ഒരു സുപ്രഭാതത്തിൽ പൊട്ടിമുളച്ചതല്ല. ഒരു പാർട്ടിക്കോ വ്യക്തിക്കോ പ്രസ്ഥാനത്തിനോ ആയി അതിന്റെ നേട്ടം പരിമിതപ്പെടുത്താനും കഴിയില്ല.

വാൽക്കഷ്ണം: കേരള നവോത്ഥനത്തിന്റെ കുത്തക പലപ്പോഴും അവകാശപ്പെടാറുള്ളത് കമ്യൂണിസ്റ്റ് പാർട്ടികളാണ്. പക്ഷേ ചരിത്രം പരിശോധിച്ചാൽ അവരുടെ എൻട്രി ഏറ്റവും അവസാനം ആണെന്ന് കാണാം. എന്നാൽ കമ്യൂണിസ്റ്റ് പാർട്ടിക്കും അവരുടേതായ പങ്കുണ്ട് താനും. അല്ലാതെ ഇ.എം.എസ് സൃഷ്ടിച്ചതാണ് കേരളം എന്നതുപോലുള്ള തള്ളുകൾക്ക് യാതൊരു പ്രസകതിയും ആധുനിക കാലത്ത് ഇല്ല.

റഫറൻസ്: പി. ഭാസ്‌ക്കരനുണ്ണി -പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം

പി.കെ ബാലകൃഷ്ണൻ- കേരള ചരിത്രവും ജാതിവ്യവസ്ഥയും

റോബിൻ ജഫ്രി- നായർ മേധാവിത്വത്തിന്റെ പതനം

കൊച്ചി രാജചരിത്രം, പത്തൊൻപതാം നൂറ്റാണ്ടിലെ കേരളം, മലബാർമാന്വൽ

അപ്രിയ ചരിത്ര സത്യങ്ങൾ- ഫേസ്‌ബുക്ക് കൂട്ടായ്മ