- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപി നേതാവിനെ വെട്ടിപരുക്കേൽപ്പിച്ച സംഭവത്തിന് പിന്നാലെ കാസർകോഡ് സംഘർഷ ഭീതിയിൽ; പൊലീസ് സംരക്ഷണത്തിൽ കടകൾ തുറക്കാൻ ശ്രമിച്ചതിന് ശേഷം സംഘർഷാവസ്ഥ ശക്തം; എങ്ങും കല്ലേറ് വ്യാപകം; പട്രോളിങ് ശക്തമാക്കി പൊലീസ് ; സംഘർഷമുണ്ടാക്കാൻ ശ്രമിച്ച ഒരു യുവാവ് പിടിയിൽ
കാസർഗോഡ്: കാസർഗോഡ് സംഘർഷഭീതിയിൽ. വനിതാ മതിലിനെത്തിയ സ്ത്രീകളെ അകറ്റാൻ തീയിട്ട സംഭവം തുടങ്ങി കാസർഗോഡ് സംഘർഷ ഭീതിയിലാണ്. ഇന്ന് വീണ്ടും ബിജെപി. നേതാവിനെ വെട്ടി പരിക്കേൽപ്പിച്ചതോടെ സംഘർഷ സാധ്യത മൂർച്ഛിച്ചിരിക്കയാണ്. കാസർഗോഡ് നഗരസഭയിലെ മുൻ ബിജെപി കൗൺസിലർ പാറക്കട്ടയിലെ ഗണേശൻ(60) നാണ് വെട്ടേറ്റത്. ഗണേശനെ കാസർഗോഡ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. ബൈക്കിലെത്തിയ രണ്ടംഗ സംഘം ഗണേശനെ വെട്ടുകയായിരുന്നു. ഇടത് കൈക്കാണ് സാരമായി പരിക്കേറ്റത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
കാസർഗോഡ് നഗരത്തിൽ പൊലീസ് സംരക്ഷണത്തിൽ കടകൾ തുറക്കാൻ ശ്രമിച്ചതും സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഹർത്താൽ അനുകൂലികൾ നടത്തിയ പ്രകടനത്തിനിടെ വ്യാപകമായി കല്ലേറുണ്ടായിതിനെ തുടർന്ന് പൊലീസ് തന്നെ വ്യാപാരികളോട് കടയടക്കാൻ ആവശ്യപ്പെടുകയായിരുന്നു. കാസർഗോഡ് പുതിയ ബസ്സ് സ്റ്റാൻഡിലെ ഫാത്തിമ ആർക്കെഡിന് നേരെ കല്ലേറുണ്ടായതിനെ തുടർന്ന് ഗ്ലാസുകൾ തകർന്നു. ഈ രംഗം ചിത്രീകരിക്കുന്ന മാധ്യമ പ്രവർത്തകർക്കു നേരെ ഹർത്താൽ അനുകൂലികൾ ഭീഷണി ഉയർത്തി ഹർത്താലിൽ വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുമെന്ന് വ്യാപാരി സംഘടനകൾ അറിയിച്ചിരുന്നു. എന്നാൽ പൊലീസ് സംരക്ഷണം ലഭിക്കാത്തതിനാൽ കടകൾ തുറന്ന് പ്രവർത്തിച്ചില്ല.
നായക്സ് റോഡിലെ ഫാൻസി കട തുറന്ന് പ്രവർത്തനമാരംഭിച്ചെങ്കിലും ഹർത്താൽ അനുകൂലികൾ ഭീഷണിപ്പെടുത്തി അടപ്പിച്ചു. തുടർന്ന് വ്യാപാരികൾ സംഘടിച്ചെത്തി കട തുറപ്പിക്കാൻ ശ്രമിച്ചെങ്കിലും സംഘർഷാവസ്ഥ രൂക്ഷമായി. പൊലീസെത്തി ഒടുവിൽ കടകൾ അടച്ചിടാൻ നിർദ്ദേശിക്കുകയായിരുന്നു. നഗരത്തിൽ സംഘങ്ങളായി കൂടി നിൽക്കുന്നവരെ പൊലീസ് വിരട്ടി ഓടിക്കുകയാണ്. പൊലീസ് പട്രോളിങും ശക്തമായിട്ടുണ്ട്. സംഘർഷമുണ്ടാക്കാൻ ശ്രമിച്ചതിന്റെ പേരിൽ ഒരു യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.