- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആചാരം ലംഘിക്കണമെന്ന മുഖ്യമന്ത്രിയുടെ ദുർവാശിയാണ് നടപ്പായത്; ആ മതിലിൽ പങ്കെടുത്തവരും ഇതിന് മറുപടി പറയണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: എന്തു വില കൊടുത്തും ആചാരം ലംഘിച്ച് യുവതികളെ ശബരിമലയിൽ ദർശനം നടത്തിക്കുമെന്ന മുഖ്യമന്ത്രിയുടെ ദുർവാശി നടപ്പാക്കിയതിലൂടെ കോടിക്കണക്കിന് അയ്യപ്പ ഭക്തരുടെ മനസിൽ ഒരിക്കലും ഉണങ്ങാത്ത മുറിവാണ് സൃഷ്ടിക്കപ്പെട്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഇതിന് കേരള സമൂഹം ഒരിക്കലും മാപ്പ് നൽകില്ല. സുപ്രീംകോടതി റിവ്യൂഹർജി ഓപ്പൺ കോടതിയിൽ കേൾക്കാനിരിക്കെ ഇത് ചെയ്തത് ധിക്കാരമാണ്. ദേവസ്വം ബോർഡും സാവകാശ ഹർജി നൽകിയിരുന്നു. ശബരിമലയിലെ കോടതി വിധി അടഞ്ഞ അദ്ധ്യായമല്ല. ഈ ഘട്ടത്തിൽ ഇത് ചെയ്തതിന് ന്യായീകരണമില്ല. ഇത് അവിവേകമാണ്.ഇരുമുടിക്കെട്ടില്ലാതെയും വൃതാനുഷ്ഠാനങ്ങളില്ലാതെയും ദേവസ്വം മന്ത്രിയുടെ ഭാഷയിലാണെങ്കിൽ ആക്ടിവിസ്റ്റുകളെയാണ് ശബരിമലിയിൽ പൊലീസ് എത്തിച്ചത്. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് ഇത് ചെയ്തത്. ഇതിന് പിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ട്.
നേരത്തെ ശബരിമലയിലെത്തി ദർശനം നടത്താൻ കഴിയാതെ മടങ്ങിയ ഈ യുവതികൾ ഇത് വരെ എവിടെയായിരുന്നു? പൊലീസിന്റെ സംരക്ഷണയിലായിരുന്നു എന്നാണ് ഞങ്ങൾക്ക് കിട്ടിയ വിവരം. പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന യുവതികളെയാണ് പൊലീസ് ഇരുമുടിക്കെട്ടില്ലാതെ സന്നിധാനത്ത് എത്തിച്ചത്. ഇന്നലെ മതിൽ കെട്ടിയതിന് തൊട്ടു പിന്നാലെയാണ് ഇത് ചെയ്തത്. മതിൽ കെട്ടിയത് തന്നെ ആചാരം ലംഘിക്കുന്നതിന് വേണ്ടിയായിരുന്നെന്ന് തെളിഞ്ഞിരിക്കുകയാണ്.
ആ മതിലിൽ പങ്കെടുത്തവരും ഇതിന് മറുപടി പറയണം. ശബരിമലയിൽ പ്രവേശിച്ച യുവതികളിലൊരാൾ മവേലി സ്റ്റോറിലെ സിഐ.ടി.യു യൂണിയൻ നേതാവുമാണ്. ഇതിന് പിന്നിലെ ഗൂഢാലോചന ഇതോടെ കൂടുതൽ വ്യക്തമാവുകയാണ്. യുവതി പ്രവേശനത്തെ ന്യായീകിരി്ചചു കൊണ്ട രംഗത്തെത്തിയ ഇടതു മുന്നണിയിലെ ഘടക കക്ഷി നേതാക്കളും ഈ ഗൂഢാലോചനയിൽ പങ്കാളികളാണ്.
യുവതികൾ പ്രവേശിച്ചതിനെത്തുടർന്ന ശബരിമല നടയടച്ച് ആചാരപരമായ കാര്യങ്ങൾ കൈക്കൊണ്ട തന്ത്രികളുടെ നിലപാട് നൂറ് ശതമാനവും ശരിയാണ്. ആചാരലംഘനമുണ്ടായാൽ വിധി പ്രകാരം ചെയ്യേണ്ട കാര്യങ്ങളാണ് അദ്ദേഹം ചെയ്തത്. തന്ത്രികളെ ആക്ഷേപിക്കുക വഴി പ്രശ്നം വീണ്ടും വഷളാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സർക്കാർ വിശ്വാസ സമൂഹത്തോട് യുദ്ധപ്രഖ്യാപനമാണ് നടത്തിയിരിക്കുന്നത്. ഒരു മതത്തിന്റെ മാത്രമല്ല എല്ലാ മതവിഭാഗങ്ങളുടെയും വിശ്വാസങ്ങൾക്കെതിരായ വെല്ലുവിളിയാണിത്. കേരളം ഇതിനെ ഒറ്റക്കെട്ടായി നേരിടും. ശക്തമായ പ്രക്ഷോഭങ്ങൾക്ക് യു.ഡി.എഫ് നേതൃത്വം നൽകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.