- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിൽ പുതുമയില്ലെന്ന് ഇ പി ജയരാജനും ജെ മേഴ്സിക്കുട്ടിയമ്മയും; കോടതിക്ക് മേലെ പ്രവർത്തിക്കാനോ നട അടക്കാനോ തന്ത്രിക്ക് എന്തവകാശമാണ് ഉള്ളതെന്ന് ജയരാജൻ; നട അടയ്ക്കാൻ തീരുമാനിക്കേണ്ടത് ദേവസ്വം ബോർഡാണ്; ഭക്ത ജനങ്ങളെയും കോടതിയെയും വെല്ലുവിളിച്ച് നട അടയ്ക്കുകയാണ് തന്ത്രി ചെയ്തതെന്നും വിമർശനം
തിരുവനന്തപുരം: ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിൽ പുതുമയില്ലെന്ന് മന്ത്രിമാരായ ഇ പി ജയരാജനും ജെ മേഴ്സിക്കുട്ടിയമ്മയും. മുൻപും ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചിരുന്നുവെന്നും അവർ പറഞ്ഞു. ശബരിമലയിൽ ശബരിമലയിൽ ദർശനത്തിന് പൊലീസ് സുരക്ഷ ആവശ്യപ്പെടുന്ന യുവതികൾക്ക് സഹായം നൽകുമെന്നതായിരുന്നു സർക്കാർ നിലപാടെന്ന് ഇപി ജയരാജൻ പ്രതികരിച്ചു. ഭക്തർക്ക് സുരക്ഷ നൽകുകയാണ് സർക്കാർ ചെയ്യുന്നതെന്ന് ഇ.പി ജയരാജൻ വ്യക്തമാക്കി.
ബിജെ.പി ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് ഒന്നും അടിസ്ഥാനമില്ല. ഒരു രാഷ്ട്രീയ പാർട്ടിയുടെ അർഹതപോലും അവർക്കില്ല. അതൊരു വർഗീയ സംഘടനയാണെന്നതിൽ സംശയം വേണ്ട. ഇന്നലെ വനിതാ മതിലിന് എത്തിയ സ്ത്രീകൾക്കു നേരെ ആക്രമണം നടത്തുകയും, തീയിടുകയും, മാധ്യമപ്രവർത്തകരെ ആക്രമിക്കുകയും തുടങ്ങി അക്രമത്തിന്റെ നിലയിലാണ് അവർ പോയത്. അസഹിഷ്ണുതയാണ് കാണിച്ചത്.
തന്ത്രിയുടെ നടപടി കോടതിയലക്ഷ്യമാണ്. സുപ്രീം കോടതി വിധിയെ വെല്ലുവിളിക്കാൻ ഒരു തന്ത്രിക്കും അവകാശമില്ല. കോടതിക്കു മേലെ പ്രവർത്തിക്കാനോ നട അടക്കാനോ തന്ത്രിക്ക് എന്തവകാശമാണ്. നട അടയ്ക്കാൻ തീരുമാനിക്കേണ്ടത് ദേവസ്വം ബോർഡാണ്. ഭക്ത ജനങ്ങളെയും കോടതിയെയും വെല്ലുവിളിച്ച് നട അടയ്ക്കുകയാണ് തന്ത്രി ചെയ്തത്. ഇന്നുള്ള തെറ്റായ ധാരണയിൽ നിന്ന് തന്ത്രിയും പന്തളം കൊട്ടാരവും പിന്മാറണം. വർഗീയവാദികളുടെയും തീവ്രവാദികളുടെയും വാക്കുകൾ കേട്ട് പോകരുത്.
കോടതിയും നിയമവുമില്ലെങ്കിൽ രാജ്യം അരാജകത്വത്തിലേക്ക് പോകില്ലേ. ഇക്കാര്യങ്ങളെല്ലാം കോടതി നിരീക്ഷിക്കുന്നുണ്ടെന്നാണ് വിശ്വസിക്കുന്നതെന്നും മന്ത്രി ജയരാജൻ വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ