- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുതിരാൻ തുരങ്കത്തിൽ കാത്തിരിപ്പ് കുരുക്ക് ! പുതുവർഷം ആരംഭിച്ചിട്ടും തുരങ്കപാതകളുടെ പണിക്ക് 'ഒച്ചുവേഗം' ; കോൺക്രീറ്റ് ചെയ്ത ഭാഗങ്ങളിൽ പോലും വെള്ളം കിനിഞ്ഞിറങ്ങി വിള്ളവുണ്ടായിട്ടുണ്ടെന്ന് സൂചന; കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കർശന നടപടി എടുത്തില്ലെങ്കിൽ കുതിരാൻ സ്വപ്നം ഇനിയും നീളും
വടക്കഞ്ചേരി: പുതുവർഷം പിറന്നിട്ടും കുതിരാനിന്റെ സ്വപ്നങ്ങൾക്ക് പുതു ജീവൻ വയ്ക്കുന്നില്ല. പലതവണ നിലച്ചും പിന്നീട് പുനരാരംഭിച്ചും ഒച്ചു വേഗത്തിലാണ് ഇപ്പോൾ കുതിരാൻ തുരങ്കത്തിന്റെ പണികൾ നടന്നുവരുന്നത്. കഴിഞ്ഞ അഞ്ചു മാസത്തിലേറെയായി പണി മുടങ്ങി കിടക്കുന്ന കുതിരാൻ തുരങ്കത്തിന്റെ പണികൾ തുടരണമെങ്കിൽ കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ ശക്തമായ ഇടപെടൽ ഉണ്ടായേ തീരു. ഇതിനിടെയാണ് തുരങ്കത്തിന്റെ പലഭാഗങ്ങളിലും പൊട്ടൽ അടക്കമുള്ള പ്രശ്നങ്ങൾ കണ്ടെത്തിയത്. തുരങ്കത്തിലെ കോൺക്രീറ്റ് ചെയ്ത സ്ഥലങ്ങളിൽ പോലും വെള്ളം കിനിഞ്ഞിറങ്ങി വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്.
ഡ്രെയിനേജുകളുടെ പണി പൂർത്തിയാകാനുണ്ട്. പൊലീസിന്റെ കൺട്രോൾ സ്റ്റേഷൻ നിർമ്മാണവും ഇതുവരെ നടന്നിട്ടില്ല. കുതിരാൻ തുരങ്കമുഖത്ത് സുരക്ഷാഭീഷണി സൃഷ്ടിച്ചു വീഴാൻ നിൽക്കുന്ന പാറക്കൂട്ടം പൊട്ടിച്ചു നീക്കണം. അഗ്നിസുരക്ഷാ സംവിധാനങ്ങൾ, 24 മണിക്കൂറും ജല ലഭ്യത, യന്ത്രവൽകൃത തീയണയ്ക്കൽ സംവിധാനം എന്നിവയും നടപ്പാക്കിവേണം തുരങ്കം തുറന്നുകൊടുക്കാൻ. വടക്കഞ്ചേരി ആറുവരിപ്പാത നിർമ്മാണം നിലച്ചിട്ടും മാസം 9 പിന്നിടുകയാണ്. പണമില്ലാതെ നിർമ്മാണ പ്രവർത്തനങ്ങൾ അനിശ്ചിതമായി നീളുകയാണ്. തൊഴിലാളി സമരം ശക്തമായതോടെ ചുവട്ടുപാടത്തുള്ള നിർമ്മാണ കമ്പനി ഓഫിസ് അടച്ച് അധികൃതർ സ്ഥലം വിട്ടു. എന്നിട്ടും സർക്കാർ ഇടപെടുന്നില്ല.
വടക്കഞ്ചേരി മേൽപാലത്തിന്റെ നിർമ്മാണവും പാതിവഴിയിൽ നിലച്ചു. ഏഴു പ്രധാന അടിപ്പാതകളുടെ നിർമ്മാണവും എങ്ങുമെത്തിയിട്ടില്ല. നിർമ്മാണ കമ്പനിക്കെതിരെ നടപടി എടുക്കാൻ ദേശീയപാത അഥോറിറ്റിയും തയാറാകുന്നില്ല. 2019 ജനുവരിയിൽ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് പാതനിർമ്മാണം തുടങ്ങുമെന്നാണു കെഎംസി അധികൃതർ ഇപ്പോൾ പറയുന്നത്. എന്നാൽ പാത നിർമ്മാണം തുടങ്ങണമെങ്കിൽ ബാങ്കുകൾ വായ്പ നൽകണം.
അതിനു സാധ്യത കാണുന്നില്ല. ഇതിനാൽ കമ്പനി നേരിട്ടു ഫണ്ട് കണ്ടെത്തി പണി പൂർത്തിയാക്കി ടോൾ പിരിവ് ആരംഭിക്കാനാണു നീക്കം. 2019 ജനുവരിയിൽ കുതിരാൻ തുരങ്കം തുറന്നു കൊടുക്കുമെന്ന ഉറപ്പും തുരങ്കത്തിലെ സമരം മൂലം അനിശ്ചിതത്വത്തിലായി. മേയിൽ മഴയ്ക്കു മുമ്പേ പണികൾ പൂർത്തീകരിക്കാനാണു നിലവിലെ ശ്രമം. കുതിരാൻ ഇടതു തുരങ്കമുഖത്ത് ഇടിഞ്ഞുവീണ മണ്ണു നീക്കംചെയ്യാത്ത നിലയിൽ.
മറുനാടന് ഡെസ്ക്