കോതമംഗലം: ശബരിമല കർമ്മസമിതി നാളെ സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്തിട്ടുള്ള ഹർത്താലുമായി സഹകരിക്കില്ലെന്ന്കോതമംഗലം നെല്ലിക്കുഴിയിലെ വ്യാപാരികൾ പ്രഖ്യാപിച്ചിട്ടുണ്ട്. അടിക്കടി ഉണ്ടാവുന്ന ഹർത്താലുകളും കറന്റ് കട്ടും നെല്ലിക്കുഴിയിലെ വ്യാപാര നിർമ്മാണ കേന്ദ്രങ്ങളെ സാരമായി ബാധിച്ചതോടെയാണ് ഇത്തരം പ്രകോപനപരമായ ഹർത്താലുകളുമായി സഹകരിക്കേണ്ടന്ന് വ്യാപാരികൾ തീരുമാനിച്ചത്.

ഹർത്താൽ ആഹ്വാനം തള്ളി കളഞ്ഞ നെല്ലിക്കുഴിയിലെ വ്യാപാരി സമൂഹത്തിന് കേരള വ്യാപാരി വ്യവസായി സമിതി പിന്തുണ അറിയിച്ചിട്ടുണ്ട്. നോട്ട് നിരോധനവും ,ജി.എസ്.ടി പ്രഖ്യാപനവും നെല്ലിക്കുഴിയിലെ വ്യാപാരികളെ കാര്യമായി ബാധിച്ചിരുന്നു. കേരളത്തിലെ അറിയപ്പെടുന്ന ഫർണീച്ചർ നിർമ്മാണ കേന്ദ്രമാണ് നെല്ലിക്കുഴി. ഇതോട് അനുബന്ധിച്ചുള്ള നൂറ്കണക്കിന് ചെറുകിട നിർമ്മാണയൂണിറ്റുകളും 400 ഓളം വരുന്ന വ്യാപാര ശാലകളുമാണ് നെല്ലിക്കുഴിയിൽ ഉള്ളത് .ഇതരസംസ്ഥാനക്കാരും പ്രദേശവാസികളുമായ ആയിരകണക്കിന് തൊഴിലാളികൾ ഫർണീച്ചർ - അനുബന്ധ ജോലികളുമായി നെല്ലിക്കുഴിയിൽ തൊഴിലെടുക്കുന്നുണ്ട്. ഹർത്താലിനെതിരെ പ്രതിഷേധവുമായി നെല്ലിക്കുഴി വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിലാണ് വ്യാപാരികൾ രംഗത്ത് വന്നത്. കഴിഞ്ഞ ദിവസം ബിജെപി പ്രഖ്യാപിച്ച ഹർത്താലും നെല്ലിക്കുഴിയിലെ വ്യാപാരികൾ തള്ളിയിരുന്നു