- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവതികൾ കയറിയത്കൊണ്ട് മാത്രം സമൂഹത്തിന്റെ തെറ്റായ ചിന്തകൾ മാറില്ല; കേരളത്തിന്റെ ചരിത്രം വരും തലമുറയും അറിയണം; സംസ്ഥാനത്ത് നവോത്ഥാന മ്യൂസിയം തുടങ്ങാൻ ഒരുങ്ങി സർക്കാർ; വനിതാ മതിലിന് ഇനിയും തുടർച്ചകൾ ഉണ്ടാകുമെന്നും പിണറായി വിജയൻ
തിരുവനന്തപുരം: കേരളത്തിന്റെ നവോത്ഥാനചരിത്രം വരും തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി നവോത്ഥാനമ്യൂസിയം സ്ഥാപിക്കാൻ ആലോചിച്ച് സർക്കാർ. ഇതിന് വേണ്ടി മുൻകൈയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തമസ്‌കരിക്കപ്പെട്ട സ്ത്രീമുന്നേറ്റങ്ങളെ ചരിത്രത്താളുകളിൽ അടയാളപ്പെടുത്താനാവശ്യമായ നടപടികളുമുണ്ടാകും. നവോത്ഥാനമൂല്യ സംരക്ഷണത്തിനായി വനിതാമതിൽ പോലുള്ള വമ്പിച്ച ജനമുന്നേറ്റങ്ങൾ തുടർന്നും സംഘടിപ്പിക്കാൻ സർക്കാർ മുൻകൈയെടുക്കും.
ശബരിമലയിൽ യുവതികൾ കയറിയതുകൊണ്ട് മാത്രം സമൂഹത്തിന്റെ തെറ്റായ യാഥാസ്ഥിതിക ബോധം തിരുത്താനാവില്ല. അതിന് വനിതാമതിൽ പോലുള്ള ജനമുന്നേറ്റങ്ങൾ ഇനിയുമുണ്ടാവണം. നവോത്ഥാന സംഘടനകളുമായി ചർച്ച ചെയ്ത് ഭാവി പ്രവർത്തനങ്ങൾക്ക് രൂപം നൽകും. എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായും കെ.പി.എം.എസ് ജനറൽസെക്രട്ടറി പുന്നല ശ്രീകുമാറുമായും ഇതേക്കുറിച്ച് ചർച്ച ചെയ്തുകഴിഞ്ഞു. അവരുടേത് അനുകൂലനിലപാടാണ്.
വനിതാമതിലിനെത്തിയ പ്രവർത്തകർക്കെതിരെ ആസൂത്രിത അക്രമങ്ങളാണ് കാസർകോട് ചേറ്റുകുണ്ടിലും മായിപ്പാടിയിലും അരങ്ങേറിയത്. സംഘപരിവാർ ഇങ്ങനെ ചെയ്യുമ്പോൾ കൂടെ നിൽക്കാൻ ബാദ്ധ്യതപ്പെട്ട കൂട്ടരാണ് യു.ഡി.എഫുകാർ. വനിതാമതിലിന് നേരെയും സുപ്രീംകോടതി വിധി നടപ്പാക്കിയപ്പോഴും ആക്രമണം സംഘടിപ്പിച്ചവർ അഴിച്ചുവിട്ട അക്രമത്തെ അപലപിക്കാൻ അവരിലാരും തയ്യാറായില്ല. ആർ.എസ്.എസ് ആക്രമണത്തെ ഒരു കോൺഗ്രസ് നേതാവ് വിശേഷിപ്പിച്ചത് സ്വാഭാവികപ്രതികരണമെന്നാണ്.
കേരളത്തിന്റെ നവോത്ഥാനചരിത്രത്തിൽ വനിതാമതിൽ പുതിയ അദ്ധ്യായമായി. അതിൽ പങ്കെടുത്ത എല്ലാ വനിതകളെയും സഹായവുമായി വിവിധ തലങ്ങളിലിടപെട്ട എല്ലാവരെയും അഭിനന്ദിക്കുന്നു. ഭാവികേരളത്തിന്റെ ദിശ നിർണ്ണയിക്കാനത് പ്രാപ്തമായി. ഇതിനെതിരായ ആക്രോശങ്ങൾ അത്ര ഗൗരവമുള്ളതായി നാട് കണക്കാക്കിയില്ല. നാടിന്റെ വളർച്ചയ്ക്ക് ഇന്ധനമാകുന്ന സമാനതകളില്ലാത്ത ഒരുപാട് പാഠങ്ങൾ അത് നൽകിയിട്ടുണ്ട്. കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യരംഗങ്ങളെ ഇത് നല്ലനിലയിൽ ഇളക്കിമറിച്ചു.
മറുനാടന് മലയാളി ബ്യൂറോ