- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീകൾക്ക് സ്വതന്ത്രവും സമാധാനപരവുമായി ശബരിമലയിൽ പോകാൻ കഴിയണം; നടയടക്കാൻ തന്ത്രിക്ക് അധികാരമില്ല; ഇപ്പോൾ നട അടച്ചതിന് സമാനമായിട്ടുണ്ടായ മറ്റൊരു സാഹചര്യം ഗുരുവായൂർ സത്യാഗ്രഹ വേളയിൽ ഉണ്ടായതാണ്: യുവതീപ്രവേശന വിഷയത്തിൽ പുന്നല ശ്രീകുമാർ നയം വ്യക്തമാക്കുന്നു
തിരുവനന്തപുരം: ശബരിമലയിൽ എല്ലാ സ്ത്രീകൾക്കും എല്ലാ വിശ്വാസികൾക്കും സമാധാനപരമായി പോകാൻ കഴിയുന്ന സാഹചര്യം ഉണ്ടാകണമെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറിയും, വനിതാമതിൽ സംഘാടക സമിതി ജനറൽ കൺവീനറുമായ പുന്നല ശ്രീകുമാർ. ഇന്നത്തെ യുവതീപ്രവേശനത്തിലൂടെ കോടതിവിധി നടപ്പിലായി എന്നത് സന്തോഷകരമായ കാര്യമാണ്. സുപ്രീംകോടതി വിധി സാങ്കേതികമായി നടപ്പിലാക്കിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
യുവതീപ്രവേശനത്തിനു ശേഷം ശുദ്ധി ക്രിയ നടത്താനുള്ള തീരുമാനം കോടതി വിധിക്കെതിരായ അനാദരവാണ്. കോടതിയലക്ഷ്യത്തിന്റെ പരിധിയിൽ വരുന്ന കാര്യമാണ് സന്നിധാനത്ത് നടന്ന ശുദ്ധിക്രിയാ ചടങ്ങുകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമലയിലെ യുവതീപ്രവേശന വിധി നടപ്പിലാക്കിയപ്പോൾ നട അടച്ചത് കോടതിയലക്ഷ്യമാണെന്നും യഥാർഥത്തിൽ തന്ത്രിക്ക് നട അടയക്കാൻ അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോർഡിന്റെ അധികാരത്തിലും നിയന്ത്രണത്തിലുമാണ് ക്ഷേത്രമുള്ളത്. അയിത്തം തിരിച്ചു കൊണ്ടു വരുന്ന രീതിയിൽ നട അടച്ചത് കോടതി വീണ്ടും കേസ് പരിഗണിക്കുമ്പോൾ ഏത് വിധത്തിലാണ് നോക്കിക്കാണുന്നതെന്ന് വ്യക്തമാകുമെന്നും പുന്നല ശ്രീകുമാർ പറഞ്ഞു.
ഇപ്പോൾ നട അടച്ചതിന് സമാനമായിട്ടുണ്ടായ മറ്റൊരു സാഹചര്യം ഗുരുവായൂർ സത്യാഗ്രഹത്തെ തുടർന്ന് സാമൂതിരി ക്ഷേത്ര നട അടച്ചതാണ്. സ്വാതന്ത്ര്യം, സമത്വം എന്നിവ മുന്നോട്ട് വെച്ചുകൊണ്ടുള്ള വിധിയെ പരിഷ്കൃത സമൂഹം സ്വീകരിക്കേണ്ടതാണ്. ഇപ്പോൾ വിധിക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങൾ പിന്നീട് വിലയിരുത്തപ്പെടും. ഇതിനെതിരെയുള്ള പൊതു സമൂഹത്തിന്റെ പരിവർത്തനത്തിനായിട്ടുള്ള ചർച്ചകൾ മുന്നോട്ട് വയ്ക്കാനാണ് നമ്മൾ കാമ്പയിനുകൾ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
നട അടച്ചതും ശുദ്ധിക്രിയ നടത്തിയതും കോടതി അലക്ഷ്യത്തിന്റെ പരിധിയിൽ വരുന്ന കാര്യമാണ്. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് രാജഗോപാലൻ നായർ പറഞ്ഞതായി അറിഞ്ഞത് ദേവസ്വം ബോർഡിന്റെ മാന്വലിൽ ഇല്ലാത്ത കാര്യമാണ് അവിടെ നടന്നത്. അതു മാത്രമല്ല ശുദ്ധികലശം സാമ്പത്തിക ബാധ്യതയുള്ള കാര്യമാണ്. അത് ദേവസ്വം ബോർഡ് കൂടിയാലോചിക്കേണ്ട കാര്യമാണ്. അത് നടന്നിട്ടില്ലെന്നാണ് അറിയുന്നത്. അപ്പോൾ അത് ദേവസ്വം ബോർഡ് പരിശോധിക്കേണ്ട കാര്യമാണെന്നും പുന്നല കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ