ന്യൂഡൽഹി: ഇന്ത്യയിൽ ഏറ്റവും ശുദ്ധമായ വായു കിട്ടുന്ന സ്ഥലം കേരളത്തിൽ. എറണാകുളം ജില്ലയിലെ ഏലൂരാണ് 24 മണിക്കൂറിലെ എയർ ക്വാളിറ്റി ഇൻഡക്‌സ് അനുസരിച്ച് ഒന്നാമത്. പട്ടികയിൽ നാലാം സ്ഥാനത്തുള്ള സ്ഥലവും കേരളത്തിലാണ്. കണ്ണൂരിനാണ് ആ പദവി ലഭിച്ചത്. ശുദ്ധവായുവിന്റെ കാര്യത്തിൽ ദക്ഷിണേന്ത്യ ഉത്തരേന്ത്യയേക്കാൾ മികച്ചു നിൽക്കുന്നു എന്നാണ് പട്ടിക സൂചിപ്പിക്കുന്നത്.

കേന്ദ്ര അന്തരീക്ഷ മലനീകരണ നിയന്ത്രണ ബോർഡിന്റെ 24 മണിക്കൂറിലെ എയർ ക്വാളിറ്റി ഇൻഡക്‌സ് അനുസരിച്ച് ഏലൂർ ഒന്നാമത് നിൽക്കുമ്പോൾ ഉത്തർപ്രദേശിലെ മൊറാദാബാദാണ് ഏറ്റവും വിഷം ശ്വസിക്കുന്ന നഗരം. ഏലൂരിന് പിന്നിൽ ശുദ്ധവായു കിട്ടുന്ന നഗരം സിക്കിമിലെ ഷില്ലോംഗ് ആണ്. 47 ആണ് ഇവിടെ മലിനീകരണം. തൊട്ടുപിന്നിൽ മുന്നാം സ്ഥാനത്ത് കർണാടകയിലെ മൈസൂരാണ്. 51 ആണ് എയർ ക്വാളിറ്റി. നാലാമത് കണ്ണൂരുണ്ട്. 55 ആണ് കേരളത്തിലെ ഈ നഗരത്തിലെ മലിനീകരണ തോത്. അഞ്ചാമത് ചെന്നൈ 59 മായി നിൽക്കുന്നു.

മൊറാദാബാദിലെ എയർ ക്വാളിറ്റി ഇൻഡക്‌സ് (എക്യൂഐ)489 ആകുമ്പോൾ ഏലൂരിൽ ഇത് 41 ആണ്. ഇന്ത്യയിലെ ഏറ്റവും മലിനീകരണ തോത് ഉയർന്ന അഞ്ചു നഗരങ്ങളിൽ നാലും ഉത്തർപ്രദേശിലേതാണ്. മൊറാദാബാദിന് പിന്നാലെ 464 വരുന്ന ഭാഗ്പത്തും 469 വരുന്ന ബുലന്ദ്ഷഹറും 457 വരുന്ന ഗ്രേറ്റർ നോയ്ഡയും വരുന്നു. അഞ്ചാം സ്ഥാനത്ത് ഹരിയാനയിലെ ബഹാദുർഗർ ആണ്. ഇവിടെ 452 ആണ് എക്യൂഐ. സ്വയം അന്തരീക്ഷം മലിനമാക്കുന്ന യുപി ഡൽഹിയേയും വലയ്ക്കുന്നു.

ഭൗമശാസ്ത്ര മന്ത്രാലയമായ സഫർ പറയുന്നത് കാർഷിക മേഖലയിൽ കച്ചി കത്തിക്കുന്നത് പഞ്ചാബ്, യുപി, ഹരിയാന സംസ്ഥാനങ്ങളിലെ അന്തരീക്ഷം മലിനീകരിക്കുന്നു എന്നാണ്. ഈ സംസ്ഥാനങ്ങളുടെ ചെയ്തികളുടെ ഫലം ന്യൂഡൽഹിയിലെ വായുവിനെയും മലിനമാക്കുന്നു. ന്യൂഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തിന്റെ 21 ശതമാനം സംഭാവന ചെയ്യുന്നത് ഈ സംസ്ഥാനങ്ങളിലെ കർഷകരുടെ പ്രവർത്തിയാണെന്ന് സഫർ വ്യക്തമാക്കുന്നു. ഞായറാഴ്ച ഇത് 40 ശതമാനമായിരുന്നു.