ലണ്ടൻ: സാന്ത്വന സ്പർശവുമായി ഭൂമിയിലെത്തിയ മാലാഖമാരെ കഴിഞ്ഞ ദിവസം ലോകമാകെ ആദരിച്ചു. മനുഷ്യസ്നേഹത്തിന്റെ മകുടോദാഹരണമായ ഫ്ളോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനം അന്താരാഷ്ട്ര നഴ്സസ് ദിനമായിലോകം മുഴുവൻ ആഘോഷിക്കുമ്പോൾ ബ്രിട്ടനും എൻ എച്ച് എസും അതിൽ പങ്കുചേര്ന്നു. ആരോഗ്യ രംഗത്ത് സ്തുത്യർഹമായ സേവനങ്ങൾ കാഴ്‌ച്ച വയ്ക്കുന്ന ജീവനക്കാർക്ക് അവർ അർഹിക്കുന്ന ആദരവും പുരസ്‌കാരങ്ങളുംനൽകി ആദരിക്കാനും ബ്രിട്ടനിലെ ആരോഗ്യ മേഖല മറന്നില്ല.

ഈ അവസരത്തിൽ ബ്രിട്ടനിലെ മലയാളി സമൂഹത്തിനു മാത്രമല്ല, ലോകമെമ്പാടുമുള്ള മലയാളി നഴ്സിങ് സമൂഹത്തിനു തന്നെ അഭിമാനമായിരിക്കുകയാണ് രഞ്ജിനി ശിവരാമൻ എന്ന മലയാളിനഴ്സ്. തന്റെ കഠിനാദ്ധ്വാനത്തിനും അർപ്പണ മനോഭാവത്തിനും അർഹിക്കുന്ന പരിഗണനൽകി അവരെ ആദരിച്ചിരിക്കുകയാണ് കെന്റിലെ മെഡ്വേ മാരിടൈം ഹോസ്പിറ്റൽ. മെഡ്വേ മാരിടൈം ഹോസ്പിറ്റലിലെ നഴ്സും, സീനിയർ സിസ്റ്ററും, വാർഡ് മാനേജറുമായ രഞ്ജിനി ശിവരാമന് അവരുടെ സേവനത്തെ അംഗീകരിക്കുന്ന സാക്ഷ്യപത്രം നൽകി ബഹുമാനിക്കുകയായിരുന്നു. ട്രസ്റ്റിന്റെ ചീഫ് എക്സിക്യുട്ടീവ് ഡോ. ജോർജ്ജ് ഫിൻഡ്ലേ, ചീഫ് നഴ്സിങ് ഓഫീസർ എവോൺ ഹണ്ട്, ഡിവിഷണൽ ഡയറക്ടർ ഓഫ് നഴ്സിങ് ഡാൻ വെസ്റ്റ് എന്നിവരാണ് സാക്ഷ്യപത്രം നൽകിയിരിക്കുന്നത്.

ഒരു പ്രമുഖ പ്രാദേശിക മാധ്യമമായ കെന്റ് മെസഞ്ചർ അതീവ പ്രാധാന്യത്തോടെയായിരുന്നു ഈ വിവരം പ്രസിദ്ധീകരിച്ചത്. ഒരു ആരോഗ്യ പ്രവർത്തകയുടെ തൊഴിൽ ജീവിതത്തിലെ വെല്ലുവിളികളുടേയും ബുദ്ധിമുട്ടുകളുടെയും നേർക്കാഴ്‌ച്ചയായി രഞ്ജിനിയുടെ ഒരു ദിവസത്തെ ജോലി മുഴുവൻ അവർ പകർത്തിയെടുത്തു.

എമർജൻസി വാർഡുകളിൽ നിന്നും മാറ്റപ്പെടുന്നവരും അതുപോലെ ശസ്ത്രക്രിയകൾക്ക് ശേഷമുള്ള തുടർചികിത്സകൾ നടത്തുന്നവരെയും കിടത്തുന്ന വിക്ടറി വാർഡിന്റെ ചുമതലയാണ് രഞ്ജിനിക്ക് ഉള്ളത്. കെന്റ് മെസഞ്ചർ പറയുന്നത്, 4000 ൽ അധികം വരുന്ന ജീവനക്കാരിൽ, ഹോസ്പിറ്റലിൽ ജോലിക്ക് ചേർന്ന നിമിഷം മുതൽ തന്നെ രഞ്ജിനി തന്റെ വേറിട്ട സാന്നിദ്ധ്യം പ്രകടമാക്കി എന്നാണ്. അവരുടെടീമിലുള്ള 25 നഴ്സുമാരും അതുപോലെ പ്രതിദിനമുള്ള 18 രോഗികളും നല്ലതുമാത്രമാണ് രഞ്ജിനിയെ കുറിച്ച് പറയുന്നത്.

രഞ്ജിനിയുടെ ഭർത്താവ് രാകേഷ് നായർ ഇതേ ആശുപത്രിയിൽ തന്നെ നഴ്സായി ജോലി ചെയ്യുന്നു. 10 ഉം 15 ഉം വയസ്സുള്ള രണ്ട് കുട്ടികളും ഈ ദമ്പതിമാർക്കുണ്ട്. കേരളത്തിൽ തൃശ്ശൂർ ജില്ലയിൽ നിന്നാണ് രഞ്ജിനി വരുന്നതെങ്കിൽ നിലമ്പൂർ സ്വദേശിയാണ് രാകേഷ്. ഇപ്പോൾ കെന്റിലെ ഗില്ലിങ്ഹാമിലാണ് ഇവർ താമസിക്കുന്നത്.