ന്യൂയോർക്ക്: ചൊവ്വയിൽ മംഗൾയാൻ എത്തിയപ്പോൾ അഭിമാനത്തോടെ ഇന്ത്യ ചരിത്ര നേട്ടത്തെ നെഞ്ചിലേറ്റി. അതിന്റെ പ്രാധാന്യവും പ്രസക്തിയും തിരിച്ചറിഞ്ഞ് നാസപോലും ഇന്ത്യയെ പ്രശംസകൊണ്ട് ചൊരിഞ്ഞു. ഇതൊന്നുമറിയാതെ പുലിവാലു പിടിച്ചത് ന്യൂയോർക്ക് ടൈംസെന്ന അമേരിക്കക്കാരുടെ സ്വന്തം പത്രമാണ്. വെറുതെയൊന്ന് ചൊറിയാനെത്തി. ഒന്നൊന്നര പണിയാണ് വാങ്ങിയത്. മാപ്പു പറഞ്ഞാൽ എല്ലാം തീരുമെന്നും കരുതി. എന്നിട്ടും തെറിവിളി തീരുന്നില്ല. മലയാളത്തിലാണ് ഇതെല്ലാം. അതുകൊണ്ട് തന്നെ വിവർത്തകനെ കൊണ്ട് വായിപ്പിക്കേണ്ട ഗതി. അങ്ങനെ മുഖതാരിൽ പരിഭാഷകനും വിളിക്കുന്നു തെറി. 

സൈബർ ഗുണ്ടകളാണത്ര ഇപ്പോൾ മലയാളികൾ. സച്ചിനെ അറിയില്ലെന്ന് പറഞ്ഞതിന് മരിയാ ഷറപ്പോവയെ പാഠം പടിപ്പിച്ചു. മോഹൻലാലെന്ന ലാലേട്ടന്റെ വെബ് സൈറ്റ് ഹാക്ക് ചെയ്തതിന് പാക് സൈന്യത്തിന് പോലും പണി കിട്ടി. വിദേശിയർ മാത്രല്ല തദ്ദേശിയരും സൈബർ ലോകത്തെ മലയാള തെറിയുടെ ചൂടറഞ്ഞിട്ടുണ്ട്. കുട്ടിക്ക് മേനോൻ ചേർത്ത് പേരിടുമ്പോൾ പൊല്ലാപ്പാകുമെന്ന പൃഥ്വി രാജും കരുതിയില്ല. അവതാരക രഞ്ജിനി ഹരിദാസ്, ബംഗ്ലാദേശ് ക്രിക്കറ്റർ ഷക്കീബ് അൽ ഹസൻ... അങ്ങനെ മലയാളികളായ സൈബർ ഗുണ്ടകളുടെ കരുത്തറിഞ്ഞവർ ഏറെയാണ്. 

സൈബർ ലോകത്ത് ആരേയും കൈയാങ്കളിയിലൂടെ വകവരുത്താൻ കഴിയില്ല. അങ്ങനെയുള്ളവരുമല്ല സൈബർ ഗുണ്ടകൾ. അരുതാത്ത പോസ്‌റ്റോ ചിത്രമേ കാർട്ടൂണോ ആരെങ്കിലും ഇട്ടാൽ അടങ്ങിയിരിക്കില്ല. ന്യൂയോർക്ക് ടൈംസല്ല ബംഗ്ലാദേശുകാരനായാലും മലയാളത്തിൽ വിവരമറിയും. തെറ്റു തിരുത്തും വരെ സൈബർ സ്‌പെയ്‌സിൽ ചീത്ത വിളി. ഒപ്പം പരിഹാസവും. ഇവയെല്ലാം സോഷ്യൽ മീഡിയിയിൽ നിന്ന് ഡിലേറ്റ് ചെയ്ത് മാലോകരറിയാതെ രക്ഷപ്പെടാം. പക്ഷേ ഡിലീറ്റ് ചെയ്യുമ്പോൾ പറ്റിയ തെറ്റിലെ വിമർശനങ്ങൾ നെഞ്ചിൽ തറയ്ക്കും. ഇതെല്ലാം മനസ്സിലാക്കി മാപ്പു പറഞ്ഞ് തടിയൂരാനാണ് ന്യൂയോർക്ക് ടൈംസ് ശ്രമിച്ചത്. 

തലപ്പാവ് ധരിച്ച ദരിദ്രകർഷകൻ പശുവിനൊപ്പം എലീറ്റ് സ്‌പേസ് ക്ലബ്ബിന്റെ വാതിലിൽ മുട്ടുന്നതായാണ് കാർട്ടൂണിലുണ്ടായിരുന്നത്. ക്ലബ്ബിനകത്തിരിക്കുന്ന സായിപ്പന്മാർ, മംഗൾയാൻ വിജയത്തെക്കുറിച്ചുള്ള പത്രവാർത്ത വായിക്കുകയാണ്. ഇന്ത്യയിൽനിന്നുള്ള ദരിദ്രൻ അവരുടെ വാതിലിൽ മുട്ടുന്നതിന്റെ നീരസം അവരുടെ മുഖത്തുണ്ട്. ഇന്ത്യയെ ദരിദ്ര രാജ്യമാക്കി കളിയാക്കുന്നതായിരുന്നു കാർട്ടൂണെന്നാണ് വിമർശനമുയർന്നത്. ഇന്ത്യാക്കാരെ വംശീയമായി അധിക്ഷേപിക്കുന്നതാണെന്നും ആരോപണം ഉയർന്നു. ഇന്ത്യക്കാരൻ പശുവിനെമേച്ചു നടക്കുന്ന അപരിഷ്‌കൃതനാണെന്ന ധാരണയാണ് കാർട്ടൂൺ പ്രകടമാക്കുന്നതെന്നും വാദമുയർന്നു. ഇതോടെയാണ് സൈബർ സപെയ്‌സിൽ ന്യൂയോർക് ടൈംസിനെതിരെ ആക്രമണം തുടങ്ങിയത്.

ഒടുവിൽ ഫെയ്‌സ് ബുക്കിലൂടെ കാർട്ടൂണിന്റെ പേരിൽ പത്രം മാപ്പുറഞ്ഞു. ഇന്ത്യയെ വലുതാക്കി കാണിക്കാനാണ് കാർട്ടൂൺ പ്രസിദ്ധീകരിച്ചതെന്ന സൂചന പോലും നൽകി. ഇന്ത്യയെ അപമാനിക്കാൻ ഉദ്ദേശിച്ചല്ല കാർട്ടൂണിട്ടത്. ഇതിനെതിരെ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് കുറിപ്പെന്നും വ്യക്തമാക്കി. ഹെങ് കിം സോങ് കാർട്ടൂണിലൂടെ ഇന്ത്യയെ വിലകുറച്ച് കാണാനല്ല ശ്രമിച്ചത്. മറിച്ച് ബഹിരാകാശ ദൗത്യം സമ്പന്നന്മാരായ പാശ്ചാത്യ രാജ്യങ്ങൾക്ക് മാത്രം വഴങ്ങിയിരുന്നതാണ്. അത് എപ്രകാരമാണ് മറ്റ് രാജ്യങ്ങൾക്കും സാധ്യമായത് എന്ന് വിശദീകരിക്കുന്നതായിരുന്നു കാർട്ടൂണെന്നായിരുന്നു ന്യൂയോർക്ക് ടൈംസിന്റെ വിശദീകരണം.

പരപ്രേരണ കൂടാതെ കാർട്ടൂണിസ്റ്റ് തെരഞ്ഞെടുത്ത ചിത്രങ്ങളാണ് അതിലുണ്ടായിരുന്നത്. വംശീയ അധിക്ഷേപമോ ഇന്ത്യയെ ആക്രമിക്കുകയോ എന്ന ഒരു ലക്ഷ്യവും സോങ്ങിനില്ലായിരുന്നു. എങ്കിലും അത്തരം ചിത്രങ്ങൾ വായനക്കാർക്ക് ഉണ്ടാക്കിയ വേദനയിൽ മാപ്പു പറയുന്നു. ഫെയ്‌സ് ബുക്കിലൂടെ വായനാക്കാർ നടത്തിയ വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നുമുണ്ട്. ഭാവിയിലും ഇത്തരം വിമർശനങ്ങൾ തുടരണമെന്നാണ് ന്യൂയോർക് ടൈംസിന്റെ എഡിറ്റോറിയൽ പേജ് എഡിറ്റർ ആവശ്യപ്പെടുന്നത്. ഫേസ്‌ബുക്ക് പേജിലാണ് ന്യൂയോർക്ക് ടൈംസിന്റെ മാപ്പപേക്ഷിച്ച് പോസ്റ്റിട്ടത്.

എന്നാൽ ഈ പ്രസ്താവനയും ന്യൂയോർക്ക് ടൈംസിനെ രക്ഷിച്ചില്ല. ഇപ്പോഴും മലയാളത്തിൽ തെറി കേൾക്കുകയാണ് ന്യൂയോർക്ക് ടൈംസിന്റെ ഫെയ്‌സ് ബുക്ക് പേജ്. ഫെയ്‌സ് ബുക്കിലെ മാപ്പ് കൊണ്ട് മാത്രം കാര്യമില്ലെന്നാണ് സൈബർ ഗുണ്ടകളുടെ ആവശ്യം. ന്യൂയോർക്ക് ടൈംസ് പത്രത്തിലും മാപ്പ് പ്രസിദ്ധീകരിക്കണം. ടെക്കികളല്ലാത്ത വായനക്കാരും പത്രത്തിന്റെ തെറ്റ് തിരിച്ചറിയാൻ വേണ്ടിയാണ് ഇത്. മാപ്പ് പത്രത്തിൽ അടിച്ചു വരും വരെ ന്യൂയോർക്ക് ടൈംസിലെ മലയാളി പ്രതിഷേധങ്ങൾ തുടരാനാണ് സാധ്യത.