സൂറിച്ച്: വേൾഡ് മലയാളി കൗൺസിൽ സ്വിറ്റ്‌സർലാൻഡും യൂത്ത് ഫോറവും സംയുക്തമായി ഒരുക്കുന്ന 'കേരളോത്സവം 2015' ന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ചെയർമാൻ ജോഷി പന്നാരകുന്നേൽ, പ്രസിഡന്റ് ജിമ്മി കൊരട്ടികാട്ടുതറയിൽ, സെക്രട്ടറി ജോഷി താഴത്തുകുന്നേൽ എന്നിവർ അറിയിച്ചു.

ഏഴിനു (ശനി) ഉച്ചകഴിഞ്ഞ് മൂന്നിനു കേരളപ്പിറവി വിപുലമായി ആഘോഷിക്കും. (UntereHeslibachstrasse, 8700 Küssnacht, Zuerich). ആഘോഷത്തോടനുബന്ധിച്ച് യുവജനോത്സവവും മെഗാ സ്റ്റേജ് ഷോയും ഒരുക്കുന്നുണ്ട്. സ്വിറ്റ്‌സർലാൻഡിൽ മലയാള രാജ്യത്തിന്റെ ജന്മദിനമാഘോഷിക്കുന്ന ഏക സംഘടനയാണ് വേൾഡ് മലയാളി കൗൺസിൽ.

സിനിമാ, സംഗീതം, ഹാസ്യം എന്നീ മേഖലകളിൽ പ്രശസ്തി നേടിയ കലാകാരന്മാരുടെ നേതൃത്വത്തിൽ ഹൃദ്യമായൊരു സ്റ്റേജ് ഷോ ഈ വർഷത്തെ കേരളപ്പിറവി ആഘോഷങ്ങളുടെ മികവു വർധിപ്പിക്കുമെന്ന് പ്രസിഡന്റ് ജിമ്മി കൊരട്ടിക്കാട്ടുതറയിൽ, യൂത്ത് ഫോറം പ്രസിഡന്റ് സ്മിത നമ്പുശേരിൽ, സെക്രട്ടറി റോഷ്‌നി കാശാംകാട്ടിൽ, ട്രഷറർ ഫ്രെഡിൻ താഴത്തുകുന്നെൽ, യൂത്ത് ഫോറം കൺവീനർ ബോസ് മണിയംപാറയിൽ എന്നിവർ ഉറപ്പു നൽകി .

കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി ഈ വർഷം സിനിമാറ്റിക് ഡാൻസ് (ഗ്രൂപ്പ്) വിഭാഗത്തിൽ മത്സരം ഉണ്ടായിരിക്കും. മേജർ, മൈനർ എന്നീ രണ്ട് ഗ്രൂപ്പുകളിലാണ് മത്സരങ്ങൾ. വിജയിക്കുന്ന ടീമുകൾക്ക് കാഷ് അവാർഡും ട്രോഫിയും സമ്മാനിക്കും.

പ്രശസ്തരായ ഒരു പിടി കലാകാരന്മാരെയും കലാകാരികളെയും അണി നിരത്തുന്ന മെഗാ ഷോയുടെ അവസാന മിനുക്ക് പണിയിലാണ് സംഘാടകർ. പ്രേമം ഫെയിം സിജു വിൽസൺ, സിനിമാ താരവും മിമിക്രി കലാകാരനുമായ കലാഭവൻ ഷാജോൺ, സിനിമാ താരവും നർത്തകിയുമായ

മൃദുല  വാരിയർ, പ്രശസ്ത പിന്നണി ഗായകൻ അഫ്‌സൽ, പിന്നണി ഗായിക അഖില ആനന്ദ്, ഹാസ്യ സമ്രാട്ട് ഉല്ലാസ് പന്തളം, കലാഭവൻ സുധി എന്നിവരെ കൂടാതെ സ്വിസ് മലയാളി പ്രതിഭകളും ചേർന്ന് മെഗാ സ്റ്റേജ് ഷോ ഒരുക്കും. ആഘോഷങ്ങളിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.