മനാമ: കുടുംബവുമൊത്ത് ബഹ്‌റൈനിലെത്തിയ മലയാളി യുവാവിന് കടലിൽ വീണ് ദാരുണാന്ത്യം. കോട്ടയം സ്വദേശി മിഷാൽ തോമസാണ് (37) മരിച്ചത്. കഴിഞ്ഞ ദിവസമാണ് മിഷാൽ കുടുംബവുമൊത്ത് സൗദിയിൽ നിന്നും ബഹ്‌റൈനിലെത്തിയത്. സൗദിയിലെ അൽകോബാറിലെ ബിസിനസ് ഗ്രൂപ്പായ ഇറാം ഗ്രൂപ്പിന്റെ സ്ഥാപനമായ 'ജാഫ് അറേബ്യ'യുടെ ഡയറക്ടർ ആണ് മിഷാൽ.

പതിമൂന്ന് പേരടങ്ങുന്ന സുഹൃത്തുക്കൾക്കൊപ്പം കടലിൽ ബോട്ടിങ്ങിനു പോയതിനിടെയായിരുന്നു അപകടം സംഭവിച്ചത്. നീന്തലിനായി ബോട്ട് നിർത്തിയതിനിടെ കൂട്ടുകാരോടൊപ്പം കടലിൽ ഇറങ്ങിയെങ്കിലും തിരികെ കയറാൻ സാധിച്ചില്ല. പവിഴപ്പുറ്റ് കാണാൻ പോയപ്പോൾ മിഷാൽ അവിടെ കുടുങ്ങിപോകുകയായിരുന്നു. ബോട്ടിങ് സംഘത്തിൽ കുടുംബം ഉണ്ടായിരുന്നില്ല.

സംഭവത്തെ പറ്റി കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. മൃതദേഹം കിങ് ഹമദ് ആശുപത്രിയിൽ പരിശോധനകൾക്കായി സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾ പൂർത്തിയാക്കിയതിനു ശേഷം നാട്ടിലേക്കു കൊണ്ടുപോകും. മിഷാലിന്റെ മാതാപിതാക്കളോടൊപ്പം ഭാര്യയും രണ്ടു കുട്ടികളും ബഹ്‌റൈനിലുണ്ട്.