സിനിമാ താരങ്ങൾക്ക് പൊതുവേ തങ്ങളുടെ രോഗത്തെയും ശാരീരീക ബുദ്ധിമുട്ടുകളെയും കുറിച്ചൊക്കെ തുറന്ന് പറയാൻ എപ്പോഴും മടിയും ആശങ്കയുമൊക്കെയാണ്.അതിന് പ്രധാന കാരണം അത്തരം തുറന്ന് പറച്ചിലുകൾ അവരുടെ കരിയറിനെ തന്നെ ബാധിക്കുമൊ എന്ന ആശങ്കയാണ്. എന്നാലിപ്പോഴിത ചികിത്സയിലാത്ത തന്റെ ഒരു രോഗത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി യാമി ഗൗതം.

കെരാട്ടോസിസ് പിലാരിസ് എന്ന ചികിത്സയില്ലാത്ത ചർമ രോഗം തനിക്കുണ്ടെന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ യാമി തന്റെ ആരാധകരെ അറിയിച്ചത്. ചെറിയ സൗന്ദര്യ പ്രശ്‌നങ്ങൾ പോലും എപ്പോഴും മൂടി വയ്ക്കാൻ ശ്രമിക്കുന്ന സിനിമ ലോകത്ത് തന്റെ കുറവുകളെ ധൈര്യപൂർവം വെളിപ്പെടുത്തി കൈയടി നേടുകയാണ് യാമി.

കൗമാരകാലത്താണ് തനിക്ക് ഈ അസുഖം പിടിപെട്ടതെന്ന് ഇൻസ്റ്റാഗ്രാമിൽ യാമി കുറിച്ചു. ഈ രോഗം പ്രകടമാക്കുന്ന ചില എഡിറ്റ് ചെയ്യാത്ത ചിത്രങ്ങളും നടി പങ്കുവച്ചു. പോരായ്മകളെ അംഗീകരിക്കുക മാത്രമല്ല സ്വന്തം ശരീരത്തെ അതിന്റെ എല്ലാ കുറവുകളോടെയും കൂടി സ്‌നേഹിക്കുമെന്ന് ഉറക്കെ പ്രഖ്യാപിക്കുക കൂടി ചെയ്യുന്ന യാമിയുടെ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലാകാൻ അധികം നേരമെടുത്തില്ല. വർഷങ്ങളായി നേരിടുന്ന രോഗത്തെ പറ്റിയുള്ള തുറന്ന് പറച്ചിൽ വലിയ ആശ്വാസം നൽകുന്നുണ്ടെന്ന് മിഡ് ഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ പിന്നീട് യാമി പറഞ്ഞു.

ഷൂട്ടിങ് വേളയിൽ കാണുമ്പോൾ ചർമത്തിലെ ഈ പ്രശ്‌നങ്ങളെ എങ്ങനെയാണ് മേക്കപ്പിലൂടെയും മറ്റും മറച്ചു വയ്ക്കുന്നതെന്ന് ജനങ്ങൾ സംസാരിച്ചിരുന്നതായി യാമി പറയുന്നു. ഇത് തന്നെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നും വർഷങ്ങൾ കൊണ്ടാണ് ഈ പ്രശ്‌നങ്ങളെ അംഗീകരിച്ച് ആത്മവിശ്വാസം തിരിച്ചു പിടിക്കാനായതെന്നും യാമി ഇൻസ്റ്റയിൽ കുറിച്ചു. അസുഖത്തെ കുറിച്ച് തുറന്ന് പറഞ്ഞു കൊണ്ടുള്ള പോസ്റ്റിന് ലഭിച്ച വലിയ പ്രതികരണം തന്നെ ഞെട്ടിച്ചെന്നും യാമി കൂട്ടിച്ചേർത്തു. തൊലി പുറത്ത് തിണർപ്പും മുഖക്കുരു പോലത്തെ ചെറിയ കുരുക്കളും ഉണ്ടാക്കുന്ന ചർമരോഗമാണ് കെരാട്ടോസിസ് പിലാരിസ്.

 
 
 
View this post on Instagram

A post shared by Yami Gautam Dhar (@yamigautam)

 ഹീറോ എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയാണ് ബോളിവുഡ് നടി യാമി ഗൗതം. ഉറി, വിക്കിഡോണർ തുടങ്ങിയ പല ഹിറ്റ് ചിത്രങ്ങളിലെയും നായിക കഥാപാത്രമായി തിളങ്ങിയിട്ടുമുണ്ട് യാമി ഗൗതം