കൊച്ചി: കുട്ടിക്കുരങ്ങന്മാരെ കൊണ്ട് ചുടു ചോറു വാരിക്കൽ നമ്മുടെ രാഷ്ട്രീയ പാർട്ടികളുടെ ഒക്കെ രീതിയാണ്. പഠിക്കാൻ പോയപ്പോൾ ആവേശം കയറി ചെയ്ത ഒരു പണിക്ക് അഞ്ചു കൊല്ലം നരകതുല്യമായ യാതന അനുഭവിച്ച ഒരു നേതാവിന് ഇരയായ ഐഎഎസുകാരന്റെ കരുണ കൊണ്ട് ഇപ്പോൾ എങ്കിലും ശാപമോക്ഷം ലഭിക്കുമെന്ന പ്രതീക്ഷയാണുള്ളത്.

ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടറുടെ കാബിനിലെത്തി കരിഓയിൽ ഒഴിച്ച സംഭവം ജീവിതം വഴിമുട്ടിച്ചപ്പോൾ യുവാവിന് ശാപമോക്ഷം നൽകാൻ ഉറപ്പിച്ചത്് കേശവേന്ദ്ര കുമാർ ഐഎഎസ് ആണ്. കരിഓയിൽ ഒഴിച്ച കേസ് പിൻവലിക്കുന്നതിൽ തനിക്ക് എതിർപ്പില്ലെന്ന് അന്നത്തെ ഡയറക്ടർ കേശവേന്ദ്ര കുമാർ ഹൈക്കോടതിയിൽ സത്യവാങ് മൂലം നൽകിയതോടെയാണ് കേസിന് വഴിത്തിരവാകുന്നത്.

തനിക്ക് എതിർപ്പില്ലെന്ന കാര്യം വ്യക്തമാക്കി കേശവേന്ദ്രകുമാർ സർക്കാരിനു കത്തയച്ച സാഹചര്യത്തിൽ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതി സിപ്പി നൂറുദ്ദീൻ സമർപ്പിച്ച ഹർജിയാണു കോടതി പരിഗണിക്കുന്നത്. സർക്കാരിന്റെ നിലപാട് എന്താണെന്ന് കോടതി ആരാഞ്ഞു.പ്രതിയായ യുവാവിന് സർക്കാർ ജോലികൾ ലഭിച്ചിട്ടും ജോലിയിൽ കയറാൻ പറ്റാത്ത അവസ്ഥയാണ്. രണ്ടു സർക്കാർ ജോലികൾ ഇയാൾക്ക് ലഭിച്ചു. എന്നാൽ കേസ് ഉള്ളതിനാൽ ജോലി ലഭിക്കാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തിൽ കേശവേന്ദ്ര കുമാറിന്റെ നടപടി യുവാവിനും കുടുംബത്തിനും ആശ്വാസം പകർന്നിരിക്കുകയാണ്.

കോടതിയിൽ സത്യവാങ് മൂലം നൽകിയ കേശവേന്ദ്ര കുമാർ യുവാവ് താൻ നിർദേശിച്ചപ്രകാരം സാമൂഹികസേവനം നടത്തി നിർധനരും നിരാലംബരുമായവരെ സഹായിച്ചതായും പറഞ്ഞു. ഇക്കാര്യം സാക്ഷ്യപ്പെടുത്തി ജീവകാരുണ്യ സ്ഥാപനത്തിന്റെ റിപ്പോർട്ടുണ്ട്. നഷ്ടം ഈടാക്കി കേസ് പിൻവലിക്കാൻ എതിർപ്പില്ലെന്നു സർക്കാരിനു കത്തു നൽകിയിരുന്നു. പ്രതിക്കെതിരെ തനിക്കു പരാതിയില്ല. കോടതി കേസ് റദ്ദാക്കുന്നതിൽ എതിർപ്പില്ലെന്നുമാണ് കേശവേന്ദ്ര കുമാർ കോടതിയെ ബോധിപ്പിച്ചത്.

കേസ് തുടരുന്നതിനാൽ തനിക്ക് ലഭിച്ച രണ്ട് നല്ല തൊഴിലവസരങ്ങൾ നഷ്ടമായി. കേന്ദ്ര ഐബിയിലെ നിയമനാവസരം നഷ്ടമായി. 2016 ഒക്ടോബറിൽ കേരള വെറ്ററിനറി സർവകലാശാലയിൽ അസിസ്റ്റന്റ് നിയമനം ലഭിച്ചെങ്കിലും കേസ് നിലവിലുണ്ടെന്നാണു പൊലീസ് റിപ്പോർട്ട്. കേസ് തുടരുന്നത് ഇനിയും ജോലി നഷ്ടമാക്കുമെന്നും നടപടി റദ്ദാക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു. പ്രതിയും രക്ഷിതാക്കളും ഖേദം പ്രകടിപ്പിച്ചതിനെത്തുടർന്നു മാപ്പാക്കാൻ സമ്മതിച്ചതായി നിലവിൽ കേന്ദ്ര ആരോഗ്യമിഷൻ സംസ്ഥാന ഡയറക്ടറായ കേശവേന്ദ്രകുമാറിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു.

പ്ലസ് വൺ പരീക്ഷാഫീസ് വർധനയ്‌ക്കെതിരായ സമരത്തിൽ 2013 ഫെബ്രുവരി അഞ്ചിനായിരുന്നു കരിഓയിൽ പ്രതിഷേധം. കെഎസ്‌യു പ്രവർത്തകരായ ഹർജിക്കാരനും മറ്റ് ഏഴു പേരും ഉച്ചയ്ക്കു അന്നത്തെ ഹയർ സെക്കൻഡറി ഡയറക്ടറുടെ കാബിനിലെത്തി കരിഓയിൽ ഒഴിച്ചുവെന്നാണു കേസ്. കേശവേന്ദ്രകുമാറിന്റെ ശരീരത്തിലും വസ്ത്രങ്ങളിലും മേശയിലും ഫയലിലും ഓഫിസ് സാമഗ്രികളിലുമെല്ലാം കരിഓയിൽ പതിച്ചു. 5,05,000 രൂപയുടെ നഷ്ടമുണ്ടായെന്നാണു കണക്ക്.