വാഷിങ്ടൺ: സമ്പന്നതയുടെ കളിത്തൊട്ടിലായ അമേരിക്കയിൽ പിറന്ന് വീണ ബാസ്‌കറ്റ് ബോൾ താരം കെവിൻ ഡുറന്റിന് ഒരുപക്ഷേ ഈ അനുഭവം ആദ്യമാകാം. ഇന്ത്യയെ അറിയാൻ എത്തിയ, എൻബിഎയിൽ ഏറ്റവുമധികം പ്രതിഫലം കൈപ്പറ്റുന്ന താരങ്ങളിലൊരാളായ ഡൂറന്റിന് ഇവിടേക്കെത്തും മുമ്പ് ചില സങ്കൽപ്പങ്ങളൊക്കെയുണ്ടായിരുന്നു.

തന്റെ സങ്കൽപ്പങ്ങളോട് പൊരുത്തപ്പെടുന്നതല്ല ഡുറന്റ് ഇന്ത്യയിൽ കണ്ടത്. 'തെരുവുകളിൽ പശുക്കൾ, കുരങ്ങന്മാർ എവിടെയും, റോഡരികിൽ തലങ്ങും വിലങ്ങും നൂറ് കണക്കിന് മനുഷ്യർ...ഇന്ത്യ 20 വർഷമെങ്കിലും പിന്നിലാണ്', ഒരു അത്‌ലറ്റിക് വെബ്‌സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് ഡുറന്റ് തന്റെ വിമർശനം അഴി്ച്ചുവിട്ടത്.

ഒരു പ്രതീക്ഷയുമില്ലാതെയാണ് ഇന്ത്യയിലേക്ക് പോയത്. ഇന്ത്യ എങ്ങനെയായിരിക്കും എന്നതിനെക്കുറിച്ച് എനിക്ക് യാതൊരു മുൻധാരണയുമില്ലായിരുന്നു. അവിടെയെത്തിയപ്പോഴാണ് അവരുടെ സംസ്‌കാരത്തെക്കുറിച്ചും എത്ര മോശപ്പെട്ട രീതിയിലാണ് അവർ ജീവിക്കുന്നത് എന്നതിനെക്കുറിച്ചുമെല്ലാം തിരിച്ചറിയാനായത്.

ബാസ്‌കറ്റ് ബോൾ എങ്ങനെയാണ് കളിക്കുകയെന്ന് അറിയാൻ താഴേക്കിടയിലുള്ള ജനങ്ങൾക്ക് ആഗ്രഹമുണ്ട്.ഇതൊക്കെയാണെങ്കിലും ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹൽ തന്നെ അത്ഭുതപ്പെടുത്തിയെന്ന് ഡുറന്റ് പറഞ്ഞു. 500 വർഷം മുമ്പ് നിർമ്മിച്ച താജ്മഹൽ മനോഹരമായി സംരക്ഷിച്ചിട്ടുണ്ട്.

പക്ഷെ തെരവുകളിലേക്ക് പോയാൽ, തെരുവു നായകളും അലഞ്ഞുതിരിഞ്ഞു പശുക്കളും പാതി പൂർത്തിയായ വീടുകളിൽ താമസിക്കുന്ന ആളുകളും വാതിലും ജനാലകളുമില്ലാത്ത വീടുകളും എല്ലാമാണുള്ളതെന്നും ഡുറന്റ് പറഞ്ഞു.

താരത്തിന്റെ വിവാദ പരാമർശത്തിനെതിരെ കെവിൻ ഡുറന്റിന്റെ ഫേസ്‌ബുക് പേജിൽ മലയാളികൾ പൊങ്കാലയിട്ടു. ഇതിന് പിന്നാലെയാണ് വിവാദ പരാമർശങ്ങളുടെ പേരിൽ മാപ്പുപറഞ്ഞ് ഡൂറന്റ് രംഗത്തെത്തിയത്. തന്റെ വാക്കുകൾ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റിയതാണെന്നും ഇന്ത്യയിൽ ചെലവഴിച്ച നിമിഷങ്ങൾ മഹത്തരമായിരുന്നുവെന്നും ഡൂറന്റ് ട്വിറ്ററിൽ കുറിച്ചു.

വാക്കുകൾ സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റിയതാണെങ്കിലും അത്തരം വാക്കുകൾ താൻ ഉപയോഗിക്കരുതായിരുന്നുവെന്നും കുറച്ചുകൂടി നല്ല പദങ്ങൾ ഉപയോഗിക്കാമായിരുന്നുവെന്നും ഡൂറന്റ് പറഞ്ഞു.