കോട്ടയം: ഇനിയും ഞാൻ കെവിൻ ചേട്ടന്റെ ഭാര്യയായി തന്നെ ജീവിക്കും. കെവിൻ ചേട്ടന്റെ വീടുവിട്ട് ഒരിടത്തും പോകില്ല. ഇത്രയേറെ ക്രൂരത വീട്ടുകാർ എന്നോട് ചെയ്യുമെന്ന് കരുതിയില്ല. അച്ഛനും അമ്മയ്ക്കുമൊപ്പം ഒരിക്കലും ഇനി പോകില്ല വീട്ടുകാരുടെ ദുരഭിമാനം ഭർത്താവിന്റെ ജീവനെടുത്തുവെന്ന സത്യം ഉൾക്കൊള്ളാൻ നീനുവിന് ഇനിയും കഴിഞ്ഞിട്ടില്ല. പൊലീസിന്റെ അനാസ്ഥയാണ് തന്റെ ഭർത്താവിന്റെ കൊലയ്ക്ക് കാരണമെന്നും ഈ ഇരുപതുകാരി കരുതുന്നു. പൊലീസിനോട് കേണപേക്ഷിച്ചിട്ടും തട്ടിക്കൊണ്ട് പോയ ഭർത്താവിനെ കണ്ടെത്താൻ അവർ ഒന്നും ചെയ്തില്ല. ഇന്നലെയാണ് കെവിൻ കൊല്ലപ്പെട്ടത് നീനുവിനെ അറിയിച്ചത്. അതിന് ശേഷം മാനസികമായി തളർന്ന നീനുവിനെ ആശ്വസിക്കാൻ ആകാതെ പാടുപെടുകയാണ് കെവിന്റെ കുടുംബം.

പൊലീസുകാരോട് കെവിൻ ചേട്ടനൊപ്പമേ ജീവിക്കൂവെന്ന് പറഞ്ഞിരുന്നു. കെവിൻ ചേട്ടനെ കണ്ടു പിടിച്ച് തരണമെന്ന് കേണപേക്ഷിച്ചു. എന്നാൽ ആരും ഒന്നും ചെയ്തില്ല. ഇനി ഈ വീടുവിട്ട് എങ്ങോട്ടുമില്ല-നീനു നിറകണ്ണുകളോടെ പറഞ്ഞു. 'എല്ലാം അവനെന്നോട് പറയുമായിരുന്നു. പക്ഷേ, ഇതു മാത്രം പറഞ്ഞില്ല...മേരിയെന്ന ഓമനയുടെ കരച്ചിലും ഒടുങ്ങുന്നില്ല. കെവിന്റെ അമ്മയാണ് മേരി. വാവച്ചനെന്നാണു കെവിനെ വീട്ടുകാർ വിളിച്ചിരുന്നത്. 'മേരി കൃത്യമായ ഇടവേളകളിൽ കെവിനെ ഫോണിൽ വിളിച്ചുകൊണ്ടിരുന്നു. 'അമ്മ പേടിക്കണ്ട, എനിക്കൊന്നുമില്ല.. എപ്പോഴും എന്തിനാ ഇങ്ങനെ വിളിക്കുന്നത്..?' എന്നു ചോദിച്ചിരുന്നു. പക്ഷേ, ഇത്തരത്തിലൊരു സ്‌നേഹബന്ധത്തെക്കുറിച്ച് വീട്ടിലാരോടും പറയാതെ കെവിൻ ശ്രദ്ധിച്ചു. വെള്ളിയാഴ്ച വിവാഹ റജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കി നീനുവിനെയും കൂട്ടി വീട്ടിലെത്തിയെങ്കിലും ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയിരുന്നതിനാൽ ആരും വീട്ടിലില്ലാതിരുന്നതിനാൽ തിരിച്ചുപോയി. തുടർന്നാണു നീനുവിനെ ഹോസ്റ്റലിലേക്കു മാറ്റിയത്.

വെള്ളിയാഴ്ച കെവിനും ഒരു പെൺകുട്ടിയും പൊലീസ് സ്റ്റേഷനിൽ നിൽക്കുന്നെന്ന വിവരം പുറത്തു വന്നപ്പോഴാണ് ഞാനും ഭർത്താവും അടക്കമുള്ളവർ ഇങ്ങനൊരു കാര്യം അറിഞ്ഞത്. പിന്നീടു നീനുവിനെ മജിസ്‌ട്രേട്ടിനു മുന്നിൽ ഹാജരാക്കിയപ്പോൾ കെവിനൊപ്പം പോകണമെന്നാണ് നീനു ആവർത്തിച്ചത്. ഇതോടെ സ്വന്തം മകളായി നീനുവിനെ ഏറ്റെടുത്ത് ഞങ്ങൾ അവളെ വീട്ടിലേക്കു കൊണ്ടുപോന്നു. രാത്രി മുഴുവനും നിർത്താതെ കരഞ്ഞുകൊണ്ടിരുന്ന നീനുവിനെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ലായിരുന്നു ഞങ്ങൾക്ക്. അവർ കൊണ്ടുപോയാലും ഉപദ്രവിക്കില്ല, വിട്ടയയ്ക്കും എന്നൊക്കെ നീനു പറഞ്ഞുകൊണ്ടിരുന്നുമേരി പറയുന്നു. ഭക്ഷണം പോലും കഴിക്കാതെ കരഞ്ഞുകൊണ്ടിരുന്ന നീനു രാത്രി ഉറങ്ങിയതേയില്ല. രാവിലെ കെവിന്റെ മരണവാർത്തയുമെത്തി.

കെവിൻ കൊല്ലപ്പെട്ട സംഭവത്തിലെ മുഖ്യ സൂത്രധാരൻ കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരനായ ഷാനു ചാക്കോയാണെന്ന് വെളിപ്പെടുത്തൽ പൊലീസിന് കിട്ടിയിട്ടുമുണ്ട്. കഴിഞ്ഞ ദിവസം അറസ്റ്റിലായ നിയാസ്, റിയാസ് എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങൾ ലഭിച്ചത്. നീനുവിന്റെ അമ്മവഴിയുള്ള ബന്ധുക്കളാണിവർ. കെവിനെ ആക്രമിക്കുമെന്ന വിവരം നീനുവിന്റെ അച്ഛനും അമ്മയ്ക്കും അറിയാമായിരുന്നുവെന്ന വിവരവും ഇവർ പൊലീസിനോട് പറഞ്ഞു. അതേസമയം വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ അറസ്റ്റ് ഭയന്ന് മാതാപിതാക്കൾ ഒളിവിൽ പോയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിൽ 13 പേരുണ്ടായിരുന്നു. ഇവരിൽ ഭൂരിഭാഗവും നീനുവിന്റെ ബന്ധുക്കളാണ്. ഇവരിൽ രണ്ടുപേർക്ക് ക്രിമിനൽ പശ്ചാത്തലമുള്ളതായും പൊലീസ് പറയുന്നു. വിദേശത്തായിരുന്ന ഷഷാനു ശനിയാഴ്ചയാണ് നാട്ടിലെത്തിയത്. സഹോദരിയുടെ വിവാഹം സംബന്ധിച്ച വിവരം അറിഞ്ഞാണ് ഷാനു ഗൾഫിൽനിന്ന് നാട്ടിലേക്കെത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ശനിയാഴ്ച പേരൂർക്കടയിലെത്തിയ ഇയാൾ അന്നുതന്നെ ഇവിടെ നിന്ന സംഭവത്തിനുശേഷം ഒളിവിലായിരിക്കുന്ന ഷാനു ചാക്കോ ഭാര്യവീടുമായി ബന്ധം പുലർത്തുമെന്ന വിശ്വാസത്തിൽ പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുകയാണ്.

വിവാഹവിവരം പെൺകുട്ടി വീട്ടിൽ അറിയിച്ചത് മുതൽ കെവിന് വധഭീഷണി ഉയർന്നിരുന്നു. ഈ ഭയം കൊണ്ടാണ് കെവിൻ ഭാര്യ നീനുവിനെ ഹോസ്റ്റലിൽ തന്നെ തിരികെ കൊണ്ടു വിട്ടതും അനീഷിന്റെ വീട്ടിലേക്ക് മാറിയതും. കെവിനെയും അനീഷിനെയും ശനിയാഴ്ച മുതൽ ക്വട്ടേഷൻ സംഘം സ്‌കെച്ച് ചെയ്തിരുന്നതായിട്ടാണ് വിവരം. വിവാഹവിവരം പെൺകുട്ടി വീട്ടിൽ അറിയിച്ചത് മുതൽ കെവിന്റെ ഫോണിലേക്ക് ഭീഷണിസന്ദേശം വന്നു തുടങ്ങിയിരുന്നു. വിവാഹദിവസം തന്നെ കെവിൻ നീനുവിനെ താമസിച്ചിരുന്നു ഹോസ്റ്റലിൽ തിരികെയെത്തിച്ചു. പല തരത്തിലുള്ള ഭീഷണികൾ ഉണ്ടായിട്ടും കെവിൻ കാര്യമായി എടുത്തിരുന്നില്ല. രാവിലെ മുതൽ കെവിനെയും അനീഷിനെയും ലക്ഷ്യമിട്ട ഗുണ്ടകൾ അവസരം പാർത്ത് രാവിലെ മുതൽ സമീപപ്രദേശങ്ങളിൽ റോന്തു ചുറ്റുകയായിരുന്നു.