കോട്ടയം: നീനുവിന്റെ പിതാവ് മകളുടെ വിവാഹക്കാര്യം രണ്ടു തവണ തന്റെ വർക്ഷോപ്പിൽ എത്തി സംസാരിച്ചിരുന്നതായി കെവിന്റെ പിതാവ് ജോസഫ്. എസ്എച്ച് മൗണ്ടിനു സമീപം ഇരുചക്രവാഹന വർക്ഷോപ്പ് നടത്തുകയാണു ജോസഫ്. നീനുവിനെ തട്ടിക്കൊണ്ടുപോകാനാണു സഹോദരൻ ഷാാനുവിന്റെ നേതൃത്വത്തിലുള്ള സംഘം ഞായറാഴ്ച പുലർച്ചെ മാന്നാനത്ത് എത്തിയത്. നീനു മാന്നാനത്ത് അനീഷിന്റെ വീട്ടിൽ ഇല്ലെന്ന് അറിഞ്ഞതോടെ കെവിനെയും അനീഷിനെയും കൊണ്ടുപോവുകായായിരുന്നു. ഇരുവരെയും തെന്മല വെള്ളിമറ്റത്ത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ പാർപ്പിക്കാനായിരുന്നു പദ്ധതിയെന്നായിരുന്ന സംഘത്തിലുള്ളവരെ ഷാനു തെറ്റിധരിപ്പിച്ചത്. ഇതിനിടെയാണ് ക്രൂര മർദ്ദനവും കെവിന്റെ മരണവുമെല്ലാം സംഭവിക്കുന്നത്.

എങ്ങനേയും നീനുവിനെ തിരിച്ചു കിട്ടണം അതുമാത്രമായിരുന്നു ഷാനുവിന്റെ ലക്ഷ്യം. എന്നാൽ കെവിനും നീനുവും മനസ്സ് മാറ്റില്ലെന്ന് വ്യക്തമായതോടെ കെവിനെ വകവരുത്തുകയായിരുന്നു. സംഭവത്തെക്കുറിച്ചു കെവിന്റെ അച്ഛൻ ജോസഫ് പറയുന്നത് ഇങ്ങനെയാണ്. ഏതാനും മാസങ്ങൾക്കു മുൻപ് ഒരു പെൺകുട്ടിയുമായി പ്രണയമുണ്ടെന്ന സൂചന കെവിൻ വീട്ടിൽ അറിയിച്ചിരുന്നു. എന്നാൽ അതേപ്പറ്റി പിന്നീടു സംസാരിച്ചില്ല. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ നീനുവിന്റെ അച്ഛൻ ചാക്കോ, ജോസഫിന്റെ വർക്ഷോപ്പിൽ എത്തി ജോസഫിനെ പരിചയപ്പെടുകയും കെവിനും നീനുവും ഇഷ്ടത്തിലാണെന്നും ഇവരുടെ വിവാഹം നടത്താമെന്നും അറിയിച്ചു. നീനു എവിടെ ഉണ്ടെന്നും ചോദിച്ചു. നീനുവിനെ കണ്ടെത്താനുള്ള തന്ത്രമായിരുന്നു ഇത്.

നീനുവിനെ കണ്ടിട്ടില്ലെന്നും വിവാഹാലോചന വീട്ടിൽ വച്ചു സംസാരിക്കാമെന്നും അറിയിച്ചതോടെ ചാക്കോ പോയി. പിറ്റേന്നു രാവിലെ പൊലീസ് സ്റ്റേഷനിൽനിന്നു സുഹൃത്തായ പൊലീസുകാരൻ വിളിച്ചു മകന്റെ പേരിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതിയുണ്ടെന്നും സ്റ്റേഷനിൽ എത്തണമെന്നും അറിയിച്ചു. കെവിനെയും ഒപ്പമുണ്ടായിരുന്ന നീനുവിനെയും പൊലീസുകാർ വിളിച്ചുവരുത്തിയിരുന്നു. ഇവർ വിവാഹം രജിസ്റ്റർ ചെയ്യാൻ അപേക്ഷിച്ചതിന്റെ രേഖകൾ പൊലീസിനു കാട്ടിക്കൊടുത്തു. എന്നാൽ പൊലീസ് ചാക്കോയുടെ പക്ഷത്തായിരുന്നു. രേഖകൾ പൊലീസ് നോക്കാൻ പോലും തയാറായില്ല.

അവിടെ വച്ചു പിതാവു നീനുവിനെ ബലമായി കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും കെവിന്റെ ഒപ്പം പോകണമെന്നു കരഞ്ഞ് ബഹളംവച്ചതോടെ പൊലീസ് സ്റ്റേഷനിൽ എഴുതിവച്ച ശേഷം നീനുവിനെ കെവിനൊപ്പം അയച്ചു. പിന്നീടു വർക് ഷോപ്പിൽ നീനുവിന്റെ അച്ഛൻ എത്തി 'എല്ലാം പറഞ്ഞ് ശരിയാക്കി' എന്നറിയിച്ചു. നീനുവിന്റെ സഹോദരൻ സഷാനു ചാക്കോയും വർക്ഷോപ്പിലെത്തി പരിചയപ്പെടുകയും നീനു എവിടെയാണെന്നു ചോദിക്കുകയും ചെയ്തു. അറിയില്ലെന്ന് പറഞ്ഞതോടെ മടങ്ങി. ഇതിന് ശേഷമാണ് ഇവർ അനീഷിന്റെ വീട്ടിൽ കെവിൻ ഉണ്ടെന്ന് തിരിച്ചറിയുന്നത്. ഇതോടെ അനീഷിന്റെ വീട്ടിലെത്തി.

കെവിനുമായി ഒരു സംഘവും അനീഷുമായി മറ്റൊരു സംഘവും വ്യത്യസ്ത വഴികളിലൂടെയാണു തെന്മലയിൽ എത്തിയത്. ചാലിയേക്കരയിൽവച്ചു രണ്ടു സംഘവും ഒരുമിച്ചു. അനീഷിനെ പിടികൂടിയ സംഘം കോട്ടയത്തിനു മടങ്ങാൻ തീരുമാനിച്ചു. കോട്ടയത്തേക്കു വരുന്നവഴി അനീഷിനോടു ഗാന്ധിനഗർ പൊലീസിൽ വിളിക്കാൻ ഗുണ്ടാ സംഘം ആവശ്യപ്പെട്ടു. കഴുത്തിൽ വാൾ വച്ച ഗുണ്ടാസംഘം തങ്ങൾ പറയുന്നതുപോലെ പൊലീസിനെ അറിയിക്കാൻ നിർദേശിച്ചു. അതോടെ കെവിൻ ചാടിപ്പോയെന്നും താൻ സുരക്ഷിതനാണെന്നും തട്ടിക്കൊണ്ടുപോയവർ തന്നെ തിരിച്ചുകൊണ്ടുവരുന്നുണ്ടെന്നും അനീഷ് പൊലീസിനോടു പറഞ്ഞു. തിരിച്ചുകൊണ്ടുവരുന്ന വാഹനത്തിന്റെ നമ്പർ മാറ്റിപ്പറയിച്ചു.

അനീഷുമായി സംഘം ഞായറാഴ്ച രാവിലെ 10 മണിയോടെ കോട്ടയത്ത് എത്തി. നീനു താമസിക്കുന്ന ഹോസ്റ്റലിലെ നമ്പറിൽ അനീഷിനെക്കൊണ്ടു വിളിച്ചപ്പോൾ അവൾ പൊലീസ് സ്റ്റേഷനിൽ എത്തിയെന്ന് അറിഞ്ഞു. അതോടെ സ്റ്റേഷനിലേക്കു പോകാനും കെവിൻ അൽപം കഴിയുമ്പോൾ എത്തുമെന്നും അനീഷിനെക്കൊണ്ടു പറയിച്ച് നീനുവിനെ സ്റ്റേഷനു പുറത്തെത്തിക്കാനായി ശ്രമം. എന്നാൽ, സ്റ്റേഷനിൽ എത്തിയ അനീഷ് നിലപാടു മാറ്റി. നടന്ന സംഭവം അതുപോലെ പറഞ്ഞു. കെവിന് അപകടം സംഭവിച്ചെന്ന സംശയവും പൊലീസിനോടു പറഞ്ഞു. തന്നെക്കൊണ്ടുപോയ സംഘം പുറത്തുനിൽപുണ്ടെന്നും കെവിന് അപകടം പറ്റിയെന്നും കരഞ്ഞു പറഞ്ഞിട്ടും പൊലീസ് ശ്രദ്ധിച്ചില്ല.

അപ്പോഴും പുറത്ത് വില്ലന്മാരുണ്ടായിരുന്നു. അവരെ പൊലീസിന് വേണ്ടായിരുന്നു. എ എസ് ഐ വാങ്ങിയ 10000രൂപയുടെ കൈക്കൂലിയായിരുന്നു ഇതിന് കാരണം. ഈ കൈക്കൂലിയാണ് കെവിനെ കൊലയ്ക്ക് വിട്ടുകൊടുത്തതും.