ഇരിട്ടി: ഒളിക്കാനുള്ള പലയിടങ്ങളും തേടി എങ്കിലും ഒരിടത്തും രക്ഷ ഇല്ലെന്ന് കണ്ടെത്തിയതോടെയാണ് കെവിൻ കൊലപാതക കേസിലെ മുഖ്യ പ്രതികളായ ചാക്കോയും മകനും ഒന്നാം പ്രതിയുമായ ഷാനു ചാക്കോയും കരിക്കോട്ടക്കരിയിലെ പൊലീസ് സ്‌റ്റേഷനിൽ കീഴടങ്ങിയത്. ഓട്ടോറിക്ഷ പിടിച്ച് പൊലീസ് സ്‌റ്റേഷനിൽ എത്തിയ ഇരുവരും തങ്ങളാണ് കെവിൻ കൊലപാതക കേസിലെ പ്രകിളെന്ന് സ്വയം പരിചയപ്പെടുത്തി കീഴടങ്ങുകയായിരുന്നു. കെവിൻ കൊലക്കേസിലെ പ്രതികളാണെന്ന് ഇവർ സ്വയം വെളിപ്പെടുത്തി പരിചയപ്പെടുത്തിയപ്പോൾ പൊലീസ് അമ്പരന്നു. എസ്‌ഐ ടോണി ജെ. മറ്റത്തെ നേരിട്ടു കണ്ട് വിവരം അറിയിക്കുകയായിരുന്നു ഇരുവരും.

അതേസമയം ഇരുവരും കർണ്ണാടക അതിർത്തിയിലെ ഒരു കൊച്ചു പൊലീസ് സ്‌റ്റേഷനിൽ പോയി കീഴടങ്ങിയതെന്തിനാണെന്ന കാര്യത്തിൽ മാത്രം സംശയം തുടരുകയാണ്. ഈ പൊലീസ് സ്റ്റേഷൻ പരിധി കഴിഞ്ഞാൽ കർണാടക സർക്കാരിനു കീഴിലെ വനമേഖലയാണ്. ഇവർ കീഴടങ്ങാൻ ഈ പൊലീസ് സറ്റേഷൻ തന്നെ തിരഞ്ഞെടുത്തത് എന്തിനാണെന്ന കാര്യത്തിലും ദുരൂഹത തുടരുകയാണ്. ഇക്കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇവിടെ കീഴടങ്ങുന്നതിൽ മറ്റാരുടെ എങ്കിലും പ്രേരണയുണ്ടോ എന്ന കാര്യത്തിലും സംശയം തുടരുകയാണ്.

ഒരു പക്ഷേ ഇവർ അഭിഭാഷകരുടെയോ മറ്റാരുടെയെങ്കിലുമോ പരപ്രേരണയാലാവാം കീഴടങ്ങിയതെന്ന സംശയമാണ് ബലപ്പെടുന്നത്. മാത്രമല്ല ഇന്നലെ രാവിലെയാണ് ഇവർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. അതിന് പിന്നാലെയായിരുന്നു ഇരുവരുടേയും കീഴടങ്ങൽ. ബെംഗളൂരുവിൽനിന്നു വന്നു കീഴടങ്ങി എന്ന നിലയിലുള്ള പൊലീസ് ഭാഷ്യവും സംശയം ഉളവാക്കുന്നതാണ്. അങ്ങനെയാണെങ്കിൽ ഹൈവേയിൽതന്നെയുള്ള ഇരിട്ടി സ്റ്റേഷനിലോ മട്ടന്നൂർ സ്റ്റേഷനിലോ ആണ് കീഴടങ്ങാൻ കൂടുതൽ സാധ്യത.

കരിക്കോട്ടക്കരി സ്‌റ്റേഷനിൽ കീഴടങ്ങിയതിന് പിന്നാലെ എസ്‌ഐ മേലുദ്യോഗസ്ഥരെ ഫോണിൽ ബന്ധപ്പെട്ടു. മിനിറ്റുകൾക്കുള്ളിൽ മുകളിൽനിന്ന് നിർദ്ദേശം എത്തി. ഇരുവരുടേയും കീഴടങ്ങൽ വിവരം അതീവ രഹസ്യമായി സൂക്ഷിക്കണം. ഉടൻ കോട്ടയത്തേക്ക് കൊണ്ടുപോയി അന്വേഷണ സംഘത്തിന് കൈമാറണം എന്നുമായിരുന്നു നിർദ്ദേശം. ഇതനുസരിച്ച് എസ്‌ഐയുടെ നേതൃത്വത്തിൽ പൊലീസ് വാഹനം പ്രതികളുമായി പ്രധാന വഴിമാറി കോട്ടയത്തേക്ക്. ഇടയ്ക്കു മറ്റൊരു എസ്‌ഐയും പൊലീസുകാരും ഒപ്പം ചേർന്നു.

അതേസമയം സാനുവിനെയും ചാക്കോയെയും കുടുക്കിയത് ബെംഗളൂരുവിൽ ഭക്ഷണം കഴിച്ച ഹോട്ടലിൽ നിന്നുള്ള വിവരമാണ്. പിടിയിലായ ഇഷാൻ, റിയാസ്, നിയാസ് എന്നിവരിൽനിന്ന് മുഖ്യപ്രതികളായ ഷാനു ചാക്കോയെയും പിതാവ് ചാക്കോയും ബെംഗളുരുവിലേക്കു കടക്കുന്നതായി പൊലീസിനു സൂചന ലഭിച്ചു. ഇതോടെ ബെംഗളുരു പൊലിസും അന്വേഷണം തുടങ്ങി. ഇവരുടെ ഫോൺ ടവർ ലൊക്കേഷനും പൊലിസ് നിരീക്ഷിച്ചു. അതിനിടെ ഹോട്ടലിലെ സിസിടിവിയിൽ ഇരുവരും ഭക്ഷണം കഴിക്കാൻ വന്നതായി പൊലിസ് കണ്ടെത്തി. പൊലിസ് നീക്കം ശക്തമായതോടെ പ്രതികൾ ഇരുവരും വീണ്ടും കേരളത്തിലേക്കു നീങ്ങി.

എവിടെ പോയി ഒളിച്ചാലും തങ്ങൾ കുടുങ്ങുമെന്നുള്ള ഉത്തമ ബോധ്യം വന്നതോടെയാണ് ഇവർ കീഴടങ്ങിയത്. അതേസമയം അഭിഭാഷകരും മറ്റും ഇവർക്ക് വ്യക്തമായ നിർദ്ദേശങ്ങൾ നൽകിയതായും സൂചനയുണ്ട്. ഈ നിർദ്ദേശ പ്രകാരമാണ് ഇവർ ഒറ്റപ്പെട്ട ഒരു പൊലീസ് സ്‌റ്റേഷൻ തന്നെ തിരഞ്ഞെടുത്തത് എന്ന സംശയവും ബലപ്പെടുകയാണ്.