പുനലൂർ: നീനുവിന്റെ കാമുകനെ കൊല്ലാൻ തന്ത്രങ്ങളൊരുക്കിയ അച്ഛൻ ബിജുവെന്ന ചാക്കോയ്ക്ക് പറയാനുള്ളതും ഇല്ലായ്മകളുടെ പൂർവ്വ ചരിത്രം. എന്നിട്ടും പണമെത്തിയപ്പോൾ പാവപ്പെട്ടവനെ പ്രണയിച്ച് കെട്ടിയ മകളോട് പൊറുക്കാൻ ചാക്കോയ്ക്കായില്ല. കെവിനെ വകവരുത്താൻ മകൻ ഷാനുവിനൊപ്പം നിന്നു. നിർദ്ധന കുടുബത്തിലായിരുന്നു നീനുവിന്റെ അച്ഛൻ ചാക്കോയും ജനിച്ച് വളർന്നത്. ഇയാൾ അടുത്തിടെയാണ് സമ്പന്നനായത്. അയൽവാസിയായ മുസ്ലിം സമുദായാംഗമായ രഹനയെ വിവാഹം കഴിച്ച ചാക്കോ പിന്നീട് തന്ത്രങ്ങളിലൂടെ സമ്പനത്തയിലേക്ക് എത്തുകയായിരുന്നു.

ചാക്കോയുടേയും രഹനയുടേയും വിവാഹത്തെ ബന്ധുക്കൾ എതിർത്തിരുന്നു. ഇതെല്ലാം അവഗണിച്ചായിരുന്നു വിവാഹം. അതിന് ശേഷവും ജീവിതം ദുരിതമായിരുന്നു. ദാരിദ്രം തീർക്കാൻ ആദ്യം ഭാര്യയെ ഗൾഫിലയച്ചു. മുസ്ലീമിനെ കെട്ടി വിവാഹം കഴിച്ചെങ്കിലും ഭാര്യയെ മതംമാറ്റി ക്രിസ്തുമത വിശ്വാസിയാക്കിയിരുന്നു. ഇതിന് ശേഷമാണ് ഗൾഫിലേക്ക് ഇവരെ അയച്ചത്. പിന്നീട് ചാക്കോയും ഗൾഫിലെത്തി. വർഷങ്ങളോളം വിദേശത്ത് ജോലി ചെയ്ത ഇരുവരും ഗൾഫ് ജീവിതം മതിയാക്കി നാട്ടിലെത്തി. പിന്നീടിണ് മകൻ ഷാനുവിനെ വിദേശത്ത് അയച്ചത്. നല്ല സമ്പാദ്യവുമായെത്തിയ ചാക്കോയും ഭാര്യയും ചേർന്ന് സ്റ്റേഷനറി, വസ്ത്ര വ്യാപാരശാല തുടങ്ങി. ഒറ്റക്കൽ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് ടു പഠനം കഴിഞ്ഞ നീനുവിനെ കോട്ടയത്ത് ഡിഗ്രി പഠനത്തിനയച്ചു. ഹോസ്റ്റലിൽ നിന്ന് പഠിക്കുന്നതിനിടെയാണ് കെവിനുമായി അടുപ്പത്തിലായത്. ഇത് അംഗീകരിക്കാൻ പ്രണയിച്ച് തന്നെ വിവാഹം കഴിച്ച ചാക്കോയ്ക്കും ഭാര്യയ്ക്കും ആയില്ല. സഹോദരൻ ഷാനുവിന്റേതും പ്രണയവിവാഹം.

പക്ഷേ ഒന്നുമില്ലാത്ത കെവിനൊപ്പം മകളെ എങ്ങനെ അയയ്ക്കും. അതും ദളിതൻ. അങ്ങനെ നീനുവിനെ കെവിന് കൊടുക്കാതിരിക്കാൻ ആവുന്നതെല്ലാം ചെയ്തു. അവസാനം മകളുടെ വിവാഹ വാർത്തയും അറിഞ്ഞു. സംഭവം അറിഞ്ഞ സഹോദരൻ ഷാനു കഴിഞ്ഞയാഴ്ച വിട്ടിലെത്തി. നീനുവിനെ ബന്ധത്തിൽ നിന്ന് പിന്മാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതാണ് ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് കോട്ടയത്ത് നിന്ന് കെവിനെ തട്ടിക്കൊണ്ടു പോയ സംഭവങ്ങളിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. വിവാഹിതനായ ഷാനു തിരുവനന്തപുരത്താണ് ഭാര്യയുമെത്ത് താമസം. ഒറ്റക്കല്ലിലെ വീട്ടിൽ പൊലിസ് അന്വേഷിച്ച് എത്തിയെങ്കിലും നിനുവിന്റെ പിതാവും സഹോദരനും അടക്കമുള്ളവർ ഒളിവിലാണ്.

അതിനിടെയാണ് കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഭാര്യ നീനുവിന്റെ അച്ഛനും അമ്മയുടെ പങ്കെന്ന് സൂചന പൊലീസിന് ലഭിക്കുന്നത്. ഇതിൽ നിർണ്ണായകമായി കേസിൽ അറസ്റ്റിലായ നിയാസിന്റെ അമ്മയുടെ മൊഴി. മകനെ കുടുക്കിയതാണെന്ന് അറസ്റ്റിലായ നിയാസിന്റെ അമ്മ ് പറഞ്ഞു. നീനുവിന്റെ അമ്മയും അച്ഛനും സഹോരൻ ഷാനുവും ചേർന്ന് നിയാസിനെ നിർബന്ധിച്ച് കൊണ്ടുപോകുകയായിരുന്നു. നീനുവിനെ പരീക്ഷ കഴിഞ്ഞ് കൊണ്ടുവരാൻ വാഹനം വേണമെന്നായിരുന്നു ആവശ്യപ്പെട്ടത്.നീനുവിന്റെ വീട്ടുകാർ നിയാസിനെ വിളിക്കാനെത്തിയ ബൈക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അതേ സമയം നീനുവിന്റെ മറ്റൊരു സുഹൃത്തിനെ കൊല്ലാനും പെൺകുട്ടിയുടെ കുടുംബം ക്വട്ടേഷൻ നൽകിയെന്ന വാർത്തയും പുറത്ത് വരുന്നുണ്ട്. തെന്മല സ്വദേശിയായ നീനുവിന്റെ സുഹൃത്തിനെ വെട്ടിപ്പരിക്കേൽപ്പിക്കാൻ ശ്രമിച്ചു.പെൺകുട്ടിയുമായി അടുപ്പം കാണിച്ചതിനാണ് ക്വട്ടേഷൻ നൽകിയത്. സംഭവം നടന്നത് രണ്ട് വർഷം മുൻപാണ്.

കോട്ടയം മാന്നാനം പുനലൂരിൽ നിന്ന് 20 കിലോമീറ്റർ മാറി ചാലിയേക്കര എന്ന സ്ഥലത്ത് നിന്നാണ് കെവിന്റെ മൃതദേഹം ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. പുലർച്ചെ പ്രഭാത സവാരിക്ക് ഇറങ്ങിയ നാട്ടുകാരാണ് റോഡിലെ തോട്ടിൽ മൃതദേഹം കിടക്കുന്നത് കണ്ടത്. കെവിന്റെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളും കഴുത്തിൽ ആഴത്തിലുള്ള മുറിവുകളും ഉണ്ട്. കൊലപ്പെടുത്തിയ ശേഷം കെവിന്റെ മൃതദേഹം രാവിലെ ഇവിടെ ഉപേക്ഷിക്കുകയായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ് ഇപ്പോൾ ഉള്ളത്. അതേസമയം കെവിനെ കൊന്നവർ തമിഴ്‌നാട്ടിലെ തെങ്കാശ്ശിയിലേക്ക് രക്ഷപ്പെട്ടതായി പൊലീസിനെ വ്യക്തമായിട്ടുണ്ട്. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്നും ഇവരെ കണ്ടെത്താനായി രണ്ട് സംഘങ്ങളായി പൊലീസ് അന്വേഷണം നടത്തുന്നുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.

വിവാഹവിവരം നീനു വീട്ടിൽ അറിയിച്ചത് മുതൽ കെവിന് വധഭീഷണി ഉയർന്നിരുന്നു. ഈ ഭയം കൊണ്ടാണ് കെവിൻ ഭാര്യ നീനുവിനെ ഹോസ്റ്റലിൽ തന്നെ തിരികെ കൊണ്ടു വിട്ടതും അനീഷിന്റെ വീട്ടിലേക്ക് മാറിയതും. കെവിനെയും അനീഷിനെയും ശനിയാഴ്ച മുതൽ ക്വട്ടേഷൻ സംഘം സ്‌കെച്ച് ചെയ്തിരുന്നതായിട്ടാണ് വിവരം. വിവാഹവിവരം പെൺകുട്ടി വീട്ടിൽ അറിയിച്ചത് മുതൽ കെവിന്റെ ഫോണിലേക്ക് ഭീഷണിസന്ദേശം വന്നു തുടങ്ങിയിരുന്നു. വിവാഹദിവസം തന്നെ കെവിൻ നീനുവിനെ താമസിച്ചിരുന്നു ഹോസ്റ്റലിൽ തിരികെയെത്തിച്ചു. പല തരത്തിലുള്ള ഭീഷണികൾ ഉണ്ടായിട്ടും കെവിൻ കാര്യമായി എടുത്തിരുന്നില്ല. രാവിലെ മുതൽ കെവിനെയും അനീഷിനെയും ലക്ഷ്യമിട്ട ഗുണ്ടകൾ അവസരം പാർത്ത് രാവിലെ മുതൽ സമീപപ്രദേശങ്ങളിൽ റോന്തു ചുറ്റുകയായിരുന്നു.

ശനിയാഴ്ച അർദ്ധരാത്രി വരെ കെവിന്റെയും അനീഷിന്റെയും ചില കൂട്ടുകാർ മാന്നാനത്തെ വീട്ടിൽ ഉണ്ടായിരുന്നതിനാൽ അവസരം കിട്ടിയില്ല. കൂട്ടുകാർ പോയ ശേഷം കെവിനും അനീഷും ഉറങ്ങാൻ കിടന്നു. പുലർച്ചെ ഒന്നരയോടെയാണ് ക്വട്ടേഷൻ സംഘം വീടിന്റെ അടുക്കള വാതിൽ തല്ലിത്തകർത്ത് അകത്തുകയറുകയും ഇരുവരേയും മർദ്ദിക്കുകയും വീട്ടുപകരണങ്ങൾ തകർക്കുകയും ചെയ്തത്. തുടർന്ന് ഇരുവരേയും വലിച്ചിഴച്ച് വാഹനത്തിൽ കയറ്റിയ ശേഷം കൊണ്ടു പോകുകയായിരുന്നു. മൂന്ന് വാഹനങ്ങളിലായി എത്തിയ സംഘം ഒരാളെ ഇന്നോവ കാറിലും മറ്റേയാളെ വാഗൺ ആർ കാറിലുമാണ് കയറ്റിയത്. വാഹനത്തിൽ കയറ്റിയപ്പോൾ മുതൽ മർദ്ദിക്കുകയും ചെയ്തതായി പിന്നീട് അനീഷ് പറഞ്ഞു.

തെന്മലയിൽ നിന്നുള്ള ക്വട്ടേഷൻ സംഘത്തിന് പ്രാദേശിക സഹായം കിട്ടാതെ കൃത്യം നടത്തി മടങ്ങാൻ കഴിയില്ലെന്നാണ് പൊലീസ് നിഗമനം. മാന്നാനത്തെയും പ്രദേശങ്ങളിലെയും മൊബൈൽ ടവർ ലൊക്കേഷനുകൾ സംബന്ധിച്ച വിവരങ്ങൾ പൊലീസ് ശേഖരിച്ചു വരികയാണ്. പ്രതികൾ ഉപയോഗിച്ച നമ്പരിൽ നിന്നും പ്രദേശവാസികളിൽ ആരെയെങ്കിലൂം വിളിച്ചിട്ടുണ്ടോ എന്നതാണ് പ്രധാനമായും പൊലീസ് പരിശോധിക്കുന്നത്.