കോട്ടയം: മുസ്ലീമായ അയൽക്കാരിയെ പ്രണയിച്ച് എതിർപ്പുകൾ അവഗണിച്ച് ജീവിത സഖിയാക്കിയ ചാക്കോ.... പ്രണയത്തിന്റെ വേദനകൾ ഫെയ്‌സ് ബുക്കിലിട്ട് ആരാധികമാരെ സൃഷ്ടിക്കുന്ന ഷാനു ചാക്കോ.. ദാരിദ്യം മാത്രം കൂടെയുണ്ടായിരുന്ന കാമുകനെ കെട്ടാൻ ഏതറ്റം വരേയും പോയ രഹന. ഇവരായിരുന്നു പ്രണയത്തിന്റെ പേരിൽ കെവിന്റെ ജീവനെടുത്തത്. ഈ മൂന്ന് പേരുമായിരുന്നു പ്രധാന ഗൂഢാലോചനക്കാരെന്ന് പൊലീസിന് വ്യക്തമായി കഴിഞ്ഞു. ഇതിൽ എങ്ങനെ കെവിനെ തട്ടിയെടുക്കണമെന്നും വകവരുത്തണമെന്നും നിശ്ചയിച്ചത് ചാക്കോയും മകൻ ഷാനുവും ചേർന്നായിരുന്നു. എല്ലാത്തിനും കൂട്ടായി നിയാസിനെ ചേർത്ത് നിർത്തിയത് അമ്മ രഹനയും. അങ്ങനെ വിവാഹം രജിസ്റ്റർ ചെയ്തത് സാധുവാകും മുമ്പ് തന്നെ മകൾ നീനു വിധവയായി. കേരളത്തെ ഞെട്ടിച്ച ദൂരഭിമാനക്കൊലയിൽ ചുരുളുകൾ അഴിക്കുകയാണ് പൊലീസ്.

കൃത്യം നടപ്പാക്കാനാണു ബന്ധുവായ നിയാസിനെ കൂട്ടുപിടിച്ചത് വ്യക്തമായ ലക്ഷ്യത്തോടെയാണ്. നിയാസിന്റെ രാഷ്ട്രീയ സ്വാധീനവും സുഹൃദ്ബന്ധവുമാണ് ഇതിനു കാരണമായത്. സംഘാംഗങ്ങളെ സംഘടിപ്പിക്കുന്നതും വാഹനങ്ങൾ ഏർപ്പാടാക്കുന്നതും നിയാസ് ഏറ്റെടുത്തു. ഇടമണ്ണിലും പുനലൂരിലുമുള്ള തന്റെ സുഹൃത്തുക്കളെ ഇതിനായി നിയാസ് കണ്ടെത്തി. നിയാസ് മൂന്നു വാഹനങ്ങൾ സംഘടിപ്പിച്ചാണു തട്ടിക്കൊണ്ടുപോകൽ ആസൂതണം ചെയ്തത്. കെഎസ്ആർടിസി ജീവനക്കാരനായ പിതാവ് മരിച്ചതിനെ തുടർന്ന് ആശ്രിത നിയമനത്തിനുള്ള അപേക്ഷയും നടപടികളും തുടരുന്നതിനിടെയാണ് ദുരഭിമാന കൊലപാതകക്കേസിൽ നിയാസ് പ്രതിയായത്. ഇതോടെ ജോലി ലഭിക്കാനുള്ള സാധ്യതയും അടഞ്ഞു. ഡിവൈഎഫ് ഐക്കാരനായ നിയാസിനെ സിപിഎം പുറത്താക്കിയിട്ടുമുണ്ട്.

നിയാസാണ് തട്ടിക്കൊണ്ട് പോകലിന്റെ അന്തിമ ചിത്രം തയ്യാറാക്കിയത്. ഷാനുവും ചാക്കോയും പറഞ്ഞത് അനുസരിച്ചായിരുന്നു ഇത്. കോട്ടയത്തുനിന്നു തിരിച്ചുവരുംവഴി വിജനമായ പിറവന്തൂർചാലിയക്കര റോഡ് തിരഞ്ഞെടുത്തത് ഈ സ്ഥലങ്ങളെക്കുറിച്ച് പ്രതികൾക്കു നല്ല ധാരണയുള്ളതു കൊണ്ടാണ്. വനമേഖലയായതിനാൽ കെവിനെ ഭീഷണിപ്പെടുത്താൻ ഈ സ്ഥലം യോജ്യമാണെന്ന് ഇവർ ഉറപ്പിച്ചു. കെവിനെയും ബന്ധു അനീഷിനെയും രണ്ടു വാഹനങ്ങളിലായാണു കൊണ്ടുപോയത്. അനീഷിനു ഛർദിക്കാനായി ഞായറാഴ്ച പുലർച്ചെ മൂന്നു മണിയോടെ ചാലിയക്കര ഭാഗത്തു വാഹനം നിർത്തിയപ്പോൾ മറ്റു വാഹനങ്ങളിലുള്ളവരും എന്താണെന്ന് അറിയാനായി അവിടേക്കു ചെന്നുവെന്നു പ്രതികൾ പൊലീസിനോടു പറഞ്ഞു. ഈ സമയം കെവിന്റെ വാഹനത്തിൽ ടിറ്റോ മാത്രമാണ് ഉണ്ടായിരുന്നത്. ഇതിനിടെ കെവിൻ പുറത്തിറങ്ങി. അതു മൂത്രമൊഴിക്കാനാണെന്നാണ് ടിറ്റോ കരുതിയത്. തുടർന്ന് കെവിൻ ഓടിപ്പോയെന്നും കണ്ടെത്താനായില്ലെന്നുമാണ് ഇവർ അന്വേഷണസംഘത്തോടു പറഞ്ഞിരിക്കുന്നത്. ഇത് വ്യക്തമായ തന്ത്രത്തിന്റെ ഭാഗമാണ്. തട്ടിക്കൊണ്ട് പോകലിൽ മാത്രമേ പങ്കുള്ളൂവെന്ന് വരുത്താനുള്ള നീക്കം. കൊലക്കയർ കിട്ടാതിരിക്കാൻ തയ്യാറാക്കിയ തന്ത്രമാണിതെന്ന് പൊലീസ് പറയുന്നു.

ഈ സാഹചര്യത്തിലാണ് പ്രതികൾക്കെതിരെ കൊലക്കുറ്റം ചാർത്തിയത്. സാനു ചാക്കോ തിരുവനന്തപുരത്തു വിമാനമിറങ്ങിയതു ശനിയാഴ്ചയായിരുന്നു. തിരുവനന്തപുരത്തുള്ള ഭാര്യവീട്ടിലേക്കാണു നേരെ പോയത്. രാത്രി എട്ടരയോടെ കാറുമായി അവിടെനിന്നു പോയി. ഇതിനിടെ, ഭാര്യയുടെ മൊബൈൽ ഫോണിൽനിന്നു സാനു നടത്തിയ ചില കോളുകളെക്കുറിച്ചു പൊലീസ് അന്വേഷിക്കുകയാണ്. ഇതിൽ സംശയം തോന്നിയ നമ്പറുകൾ പേരൂർക്കട പൊലീസ് കോട്ടയം സംഘത്തിനു കൈമാറി. പേരൂർക്കട സിഐ സ്റ്റുവർട്ട് കീലറുടെ നേതൃത്വത്തിലുള്ള സംഘം വഴയിലയിലെ സാനുവിന്റെ ഭാര്യവീട്ടിൽ പരിശോധന നടത്തിയപ്പോഴാണ് ഈ നമ്പറുകളുടെ കാര്യം ശ്രദ്ധയിൽ പെട്ടത്. ഇതിലും ഗൂഢാലോചനയുടെ തെളിവുകൾ അവശേഷിക്കുന്നതായാണ് സൂചന. ഇതെല്ലാം നിയാസിനേയും ഷാനുവിനേയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ്.

ഷാനു ഗൂഡാലോചകനും നിയാസ് സംഘാടകനുമായി മാറുകയായിരുന്നു. നീനു പൊലീസിൽ പരാതി പറഞ്ഞപ്പോൾ അവർ കണ്ണടച്ചു. പണത്തിന്റെ സഹായത്താൽ പൊലീസുകാരെ വിലയ്‌ക്കെടുത്തു. എല്ലാം അറിഞ്ഞിട്ടും എ എസ് ഐ ബിജുവും പ്രതികളെ സഹായിച്ചു. ബിജുവിനെതിരെ കേസെടുക്കാൻ സാധ്യത ഏറെയാണ്. എന്നാൽ പൊലീസിനെ രക്ഷിക്കാൻ ഉന്നതർ സജീവമായി രംഗത്തുണ്ട്. എങ്ങനേയും കൊലക്കുറ്റം ഒഴിവാക്കാൻ പൊലീസിലെ ചിലർ ശ്രമിക്കുന്നതും ബിജുവിനെ ഓർത്താണ്.

കെഎസ്ആർടിസിയിൽ ഡ്രൈവറായിരുന്ന നിയാസിന്റെ പിതാവ് നാസിറുദ്ദീൻ ഒരു മാസം മുൻപാണ് ആത്മഹത്യ ചെയ്തത്. നീനുവിന്റെ മാതാവ് രഹ്നയുടെ മൂത്ത സഹോദരനാണ് നാസിറുദ്ദീൻ. ഇദ്ദേഹം മരിച്ചതോടെ കെഎസ്ആർടിസിയിൽ ജോലി ലഭിക്കാനായി ആശ്രിതനിയമനത്തിനുള്ള അപേക്ഷ നിയാസ് സമർപ്പിച്ചിരുന്നു. ഇതിനായി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ വേണ്ടി ഇയാൾ ഏതാനും ദിവസം മുൻപ് തെന്മല പൊലീസ് സ്റ്റേഷനിലെത്തി. ഡിവൈഎഫ്‌ഐ ഇടമൺ34 യൂണിറ്റ് പ്രസിഡന്റായിരുന്ന നിയാസ് ഒട്ടേറെ അടിപിടി സംഭവങ്ങളിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ, രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഈ പരാതികളെല്ലാം കേസാക്കാതെ നോക്കാൻ ഇയാൾക്കു കഴിഞ്ഞു. ഇങ്ങനെ ജോലി നേടിയെടുക്കാനായിരുന്നു നീക്കം. ഇതിനിടെയാണ് കെവിന്റെ കൊലപാതകത്തിൽ പ്രധാനിയായി മാറിയതും.

അതിനിടെ ഷാനു ചാക്കോ ഫേസ്‌ബുക്കിൽ പ്രണയചിന്തകൾ പങ്കുവച്ചത് ഒട്ടേറെത്തവണയാണെന്നും പൊലീസ് കണ്ടെത്തി. സാനു വിവാഹം കഴിച്ചതും പ്രണയിച്ചാണെന്നും പൊലീസ് പറയുന്നു.

ഷാനു ഫേസ്‌ബുക്കിൽ പങ്കുവച്ച പ്രണയ പോസ്റ്റുകളിൽ ചിലത്:

  • 'സ്‌നേഹിച്ച മനസ്സുകൾ തമ്മിൽ പിരിയുമ്പോൾ അടർന്നുവീഴുന്ന ഓരോ കണ്ണുനീർത്തുള്ളിക്കും പറയാനുള്ളത് ഒന്നുമാത്രം.. മറക്കാനായി ആരെയും സ്‌നേഹിക്കരുത്'
  • 'കാലം പുതിയ കഥകൾ എഴുതുമ്പോൾ, പഴകിത്തുടങ്ങിയ ഓർമകളിലെ അവസാന സ്പന്ദനവും ചിതലെടുത്തുപോകുമ്പോൾ, ഓർക്കുക.. ഞാൻ നിന്നെ പ്രണയിച്ചിരുന്നു.'
  • ഞാൻ തിരയുന്നത്..നിന്റെ മൗനത്തെയല്ല....... അതിൽ നീ ഒളിപ്പിച്ചുവച്ച ഞാൻ കേൾക്കാൻ കൊതിക്കുന്ന ആ വാക്കുകളെയാണ്.