കൊല്ലം: കെവിനെ കൊന്നത് പ്രണയത്തിന്റെ പേരിലാണെന്ന് ആർക്കും വിശ്വസിക്കാനാവുന്നില്ല. നീനുവിനെ സ്വന്തമാക്കാനുള്ള യാത്രയിൽ കെവിന്റെ ജീവനെടുത്തത് ദുരഭിമാനം തന്നെയെന്ന് തെന്മലക്കാർ വിശ്വസിക്കുന്നു. നീനുവിന്റെ മതമേതാണ്. തെന്മലക്കാരുടെ ഉത്തരം അച്ഛന്റേത് ക്രിസ്ത്യനെന്നും അമ്മയുടേത് മുസ്ലീമെന്നുമാണ്. ഇവരുടെ മകളുടെ മതമേതാകുമെന്നാണ് അവരുയർത്തുന്ന ചോദ്യം. സഹോദരിയുടെ ഭർത്താവിനെ കൊന്ന ഷാനുവും പ്രണയവിവാഹിതൻ. എന്നിട്ടും കെവിനെ അവർ കൊന്നു കളഞ്ഞു. ദളിതനായത് മാത്രമാണ് ദുരഭിമാനക്കൊലയ്ക്ക് കാരണം.

നീനുവിന്റെ മാതാപിതാക്കളായ തെന്മല ഒറ്റക്കൽ ഷാനു ഭവനിൽ ചാക്കോയുടേതും രഹന ബീവിയുടേതും പ്രണയ വിവാഹമായിരുന്നു. ഏറെ കോളിളക്കമുണ്ടാക്കിയ പ്രണം. ഒറ്റക്കൽ സ്വദേശികളായിരുന്നു ഇരുവരും. കെവിനെ തട്ടിക്കൊണ്ടുപോകാൻ നേതൃത്വംനൽകിയ നീനുവിന്റെ സഹോദരൻ ഷാനുവിന്റേതും പ്രണയവിവാഹം തന്നെ. ഇതൊക്കെയാണ് കെവിന്റെ ദുരഭിമാനക്കൊലയിൽ തെന്മലക്കാരുടെ ചർച്ച ഇപ്പോൾ. പ്രണയത്തിന്റെ പവിത്രത അറിയാവുന്നവർ തന്നെ കെവിനെ വകവരുത്തി.

ചാക്കോയുടേയും രഹനയുടേയും വിവാഹം ഏറെ ചർച്ചാവിഷയമായിരുന്നു. 25 കൊല്ലം മുമ്പത്തെ സംഭവങ്ങൾ ഇന്നും തെന്മലക്കാർ മറന്നിട്ടില്ല. അന്നു രഹനയുടെ വീട്ടുകാർ വിവാഹത്തിനു സമ്മതംമൂളിയപ്പോൾ ചാക്കോയുടെ വീട്ടുകാർ എതിർത്തു. ഇതിന്റെ പേരിൽ പിന്നീടു തെന്മല പൊലീസ് സ്റ്റേഷനിൽ കേസുണ്ടായിരുന്നെന്നും സ്റ്റേഷനിലുണ്ടായ ഒത്തുതീർപ്പിലൂടെയാണു വിവാഹം നടന്നതെന്നും നാട്ടുകാർ ഓർമിക്കുന്നു. ചാക്കോയുടെ ബന്ധുക്കൾ വിവാഹത്തിൽ സഹകരിച്ചില്ല. ഇപ്പോഴും അവരുമായി ഈ വീട്ടുകാർക്കു വലിയ അടുപ്പമില്ല. രഹനയുടെ ബന്ധുക്കളുമായി സഹകരണം തുടർന്നു.

പിന്നീടു ചാക്കോ ജോലിക്കായി വിദേശത്തേക്കു പോയി. ഏതാനും വർഷങ്ങൾക്കു ശേഷം രഹനയെയും കൊണ്ടുപോയി. ജോലി മതിയാക്കി നാട്ടിൽവന്ന ചാക്കോ വീടിനു സമീപത്തു സ്റ്റേഷനറി കട തുടങ്ങി. കട നോക്കിനടത്തുന്നതു ഭാര്യയാണ്. ചാക്കോയുടെ മകനും നീനുവിന്റെ ജ്യേഷ്ഠസഹോദരനുമായ ഷാനു തിരുവനന്തപുരം സ്വദേശിനിയെ പ്രണയിച്ചു വിവാഹം കഴിക്കുകയായിരുന്നു. വിദേശത്തു ജോലിയുള്ള ഷാനു ഏതാനും ദിവസം മുൻപാണു നാട്ടിലെത്തിയത്. ഷാനുവാണ് കൊലയ്ക്ക് നേതൃത്വം കൊടുത്തത്.

നീനു ബിരുദപഠനത്തിനാണു കോട്ടയത്തെത്തിയത്. അവിചാരിതമായി കെവിൻ പി. ജോസഫിനെ പരിചയപ്പെട്ടു. ഇരുവരും പ്രണയത്തിലായി. കോഴ്‌സ് കഴിഞ്ഞു നീനു മടങ്ങിയശേഷവും പ്രണയം തുടർന്നു. കഴിഞ്ഞ വ്യാഴാഴ്ച നീനുവിന്റെ എതിർപ്പു മറികടന്നു വീട്ടുകാർ വേറെ വിവാഹം ഉറപ്പിച്ചു. തുടർന്ന് പരീക്ഷയുടെ ആവശ്യത്തിനെന്ന പേരിൽ നീനു കോട്ടയത്തേക്കു പോന്നു. കെവിന്റെ കടുത്തുരുത്തിയിലുള്ള ബന്ധുവീട്ടിലാണ് അന്നു നീനുവിനെ താമസിപ്പിച്ചത്.

വെള്ളിയാഴ്ച വിവാഹ റജിസ്‌ട്രേഷനുള്ള ഓൺലൈൻ അപേക്ഷ നൽകി. തുടർന്ന് ഒരുമിച്ചു ജീവിക്കാൻ കരാറിൽ ഒപ്പുവച്ചു. വിവാഹം കഴിഞ്ഞതായി നീനു വീട്ടിൽ വിളിച്ചറിയിക്കുകയും ചെയ്തു. വീട്ടുകാരുടെ ഇടപെടൽ ഭയന്ന് നീനുവിനെ കെവിൻ രഹസ്യമായി ഹോസ്റ്റലിലേക്കു മാറ്റി. ദലിത് ക്രൈസ്തവ വിഭാഗത്തിലുള്ള കെവിനുമായുള്ള ബന്ധം നീനുവിന്റെ വീട്ടുകാർ അംഗീകരിക്കാൻ തയാറായിരുന്നില്ല. സാമ്പത്തികനിലയിലെ അന്തരവും പ്രശ്‌നമായി. ഇതായിരുന്നു ദുരഭിമാനക്കൊലയുടെ യഥാർത്ഥ കാരണം.

നീനുവിന്റെ അമ്മയുടെ ബന്ധുക്കളും ഷാനുവിന്റെ സുഹൃത്തുക്കളുമാണ് ദുരഭിമാനക്കൊലയ്ക്ക് കൂട്ടുനിന്നത്. ഇതിൽ സിപിഎമ്മുകാരും കോൺഗ്രസുകാരുമുണ്ട്. അതുകൊണ്ട് തന്നെ രാഷ്ട്രീയത്തിന് അപ്പുറമുള്ള ദുരഭിമാനക്കൊലയാണ് കെവിന്റേത്.