കോട്ടയം: മർദനമേറ്റ് അവശനായ കെവിൻ വെള്ളം ചോദിച്ചപ്പോൾ ഒന്നാം പ്രതി ഷാനു ചാക്കോ വായിൽ ഒഴിച്ചു കൊടുത്തത് മദ്യം. നീനുവിനെ എങ്ങനേയും വീട്ടിലേക്ക് മടക്കി കൊണ്ടു പോകാനായിരുന്നു ഭർത്താവ് കെവിനെ ക്രൂര പീഡനത്തിന് ഇരയാക്കിയത്. സഹോദരിയെ രജിസ്റ്റർ മാരീജ് ചെയ്ത കെവിനോട് ഒരു ദയയും ഷാനു കാട്ടിയില്ല. പൊലീസിനേയും സുഹൃത്തുക്കളേയും ഒപ്പം നിർത്തി ഷാനു തന്നെയാണ് കെവിനെ വകവരുത്തിയതെന്നാണ് സൂചന. ഷാനുവിന്റെ ക്രൂരതകൾ പൊലീസ് അറിയുന്നത് പിടിയിലായ പ്രതികളുടെ മൊഴികളിലൂടെയാണ്. ആദ്യം പിടിയിലായ നിയാസ്, റിയാസ്, ഇഷാൻ എന്നിവരെ ചോദ്യംചെയ്തപ്പോൾ ലഭിച്ചതാണ് ഈ വിവരം.

പഴുതുകൾ അടച്ച് അന്വേഷണത്തിനാണ് പൊലീസിന്റെ ഇപ്പോഴത്തെ ശ്രമം. കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ തട്ടിക്കൊണ്ടുപോയതു മുതലുള്ള വിവരങ്ങൾ പൊലീസിന് അറിയാമായിരുന്നു എന്ന് ഐജിയുടെ റിപ്പോർട്ട് ഗൗരവത്തോടെ ആഭ്യന്തര വകുപ്പും എടുത്തിട്ടുണ്ട്. കാര്യങ്ങളറിഞ്ഞിട്ടും എഎസ്‌ഐ ബിജു മേലുദ്യോഗസ്ഥരെ ഇക്കാര്യങ്ങളൊന്നും അറിയിച്ചില്ല. തട്ടിക്കൊണ്ടുപോയ വിവരം അറിഞ്ഞപ്പോൾ എഎസ്‌ഐ ബിജു മുഖ്യ പ്രതി ഷിനു ചാക്കോയെ വിളിച്ച് കെവിനെ തിരിച്ച് വീട്ടിലെത്തിക്കണമെന്ന് നിർദ്ദേശിച്ചു. തട്ടിക്കൊണ്ടുപോയ സംഭവത്തെ ഗൗരവമായി കണ്ടില്ലെന്നും റിപ്പോർട്ട് പറയുന്നു. ഈ സാഹചര്യത്തിൽ പ്രതികളുടെ മൊഴിയും സാഹചര്യ തെളിവുകളും പൊലീസ് സസൂക്ഷ്മമായി പരിശോധിക്കും. അതിന് ശേഷം മാത്രമേ അന്തിമ നിലപാടുകളിലേക്ക് എത്തൂ. അന്വേഷണം ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിരീക്ഷിക്കുന്നുമുണ്ട്.

നീനുവിനെ കൊണ്ടുവരാനെന്നുപറഞ്ഞാണ് തങ്ങളെ ഒപ്പം കൂട്ടിയതെന്നാണ് പിടിയിലായ കൂട്ടുപ്രതികൾ കൊടുത്തിരിക്കുന്ന മൊഴി. കെവിനെ കൊലപ്പെടുത്തിയതാണെന്ന് ഇവർ സമ്മതിക്കുന്നില്ല. പോസ്റ്റ് മോർട്ടം റിപ്പോർട്ടിലൂടെ കൊലപാതകം ശാസ്ത്രീയമായി സ്ഥിരീകരിക്കാനാണ് നീക്കം. അതിന് ശേഷമേ ഇക്കാര്യത്തിൽ വിശദ ചോദ്യം ചെയ്യൽ നടക്കൂ. പ്രതികളുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നും സൂചനയുണ്ട്. നീനുവിനെക്കുറിച്ച് വിവരം കിട്ടാതായതോടെ കെവിൻ എവിടെയുണ്ടെന്ന അന്വേഷണം തുടങ്ങിയെന്ന് ഇവർ പറഞ്ഞു. അനീഷിന്റെ വീട്ടിൽ ഉണ്ടെന്നറിഞ്ഞാണ് രാത്രിയിൽ അവിടെ ചെന്നതെന്നും പ്രതികൾ പൊലീസിനോട് പറയുന്നു.

നീനു എവിടെയുണ്ടെന്ന് ചോദിച്ച് വാക്കേറ്റമായി. അയൽവാസികൾ ഉണർന്നെത്തി കൂടുതൽ ബഹളം ഉണ്ടാകാതിരിക്കാനാണ് ഇരുവരെയും വണ്ടിയിൽ കയറ്റിയത്. ഇതൊന്നും മുൻകൂട്ടി തയ്യാറാക്കിയവയായിരുന്നില്ലെന്നാണ് മൂവരും പറഞ്ഞത്. നിയാസിന്റെ സുഹൃത്തുക്കളാണ് ഇവരെല്ലാം. നിയാസ് ആവശ്യപ്പെട്ടത് അനുസരിച്ച് എല്ലാകാര്യങ്ങളും ഷാനു പറഞ്ഞതനുസരിച്ചാണ് ചെയ്തത്. മൂന്ന് വാഹനങ്ങളുണ്ടായിരുന്നു. വാഹനത്തിൽവെച്ച് ഇരുവരെയും മർദിച്ചതും ഷാനുവാണെന്ന് ഇവർ പറഞ്ഞിട്ടുണ്ട്. തനിക്ക് ഒന്നും അറിയില്ലെന്ന് തീർത്തുപറഞ്ഞതോടെ അനീഷിനെ വാഹനത്തിൽനിന്ന് ഇറക്കിവിട്ടു. വാഹനത്തിന്റെ നടുവിലെ സീറ്റിനു താഴെയാണ് കെവിനെ ഇരുത്തിയത്. പുനലൂരിൽ എത്തിച്ച് വിശദമായി ചോദ്യംചെയ്താൽ നീനു എവിടെയുണ്ടെന്ന് കെവിൻ പറയുമെന്ന നിലപാടായിരുന്നു ഷാനുവിന്.

മദ്യം ഉള്ളിൽച്ചെന്നിട്ടും കെവിൻ ഒന്നും പറഞ്ഞില്ല. 'ഇവനെ കൊല്ലില്ല. എല്ലാം കാണാനായി ഇവൻ ജീവിക്കണ'മെന്നും ഷാനു പറഞ്ഞതായി ഇവർ അറിയിച്ചു. തെന്മല ഭാഗത്ത് ചെന്നപ്പോൾ കെവിൻ ഇറങ്ങിയോടിയെന്നും മരിച്ച വിവരം മാധ്യമങ്ങളിൽനിന്നാണ് അറിഞ്ഞതെന്നുമാണ് ഇവരുടെ മൊഴി. ഇതുകൊലപാതക കുറ്റം ഒഴിവായി കിട്ടാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്നാണ് വിലയിരുത്തൽ. ദുരഭിമാനം തന്നെയാണ് കെവിനെ തട്ടിക്കൊണ്ട് പോകാൻ കാരണമായതെന്ന് ഈ മൊഴിയിലും ഉണ്ട്. അതിനിടെ കെവിന്റെ മൃതദേഹത്തിൽ 15 ചതവുകളുണ്ടെന്ന് പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ട് പൊലീസ് സസൂക്ഷ്മം പരിശോധിക്കുകയാണ്.

ജനനേന്ദ്രിയത്തിലടക്കം ചവിട്ടേറ്റ പാടുകളുണ്ട്. ആന്തരികാവയവങ്ങൾക്കും ക്ഷതമേറ്റു. എന്നാൽ, ഇവയൊന്നും മരണകാരണമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ശ്വാസകോശത്തിൽ നിറയെ വെള്ളം കയറിയിട്ടുണ്ട്. വെള്ളം ശ്വാസകോശത്തിൽച്ചെന്ന് മരിച്ചാൽ മൃതദേഹം കമിഴ്ന്നുകിടക്കും. കണ്ണുകൾ തുറന്നനിലയിലായിരിക്കും. കണ്ണിലെ തിളക്കംകണ്ട് ജലജീവികൾ കൊത്തും. കണ്ണുകളുടെ ഭാഗത്തെ മുറിവ് ഇങ്ങനെയുണ്ടായതാകാമെന്നാണ് നിഗമനം. മരിച്ചശേഷം 20 മണിക്കൂറോളം വെള്ളത്തിൽ കിടന്നെന്നും കണക്കാക്കുന്നു. ദേഹം ജീർണിച്ചുതുടങ്ങിയിരുന്നു. ജനനേന്ദ്രീയം അടിച്ചു തകർത്തതും ഷാനുവായിരുന്നു. സഹോദരിയുമായുള്ള കുടുംബ ജീവിതം തകർക്കുകയായിരുന്നു ലക്ഷ്യം.

പിൻസീറ്റിനിടയിൽ ഇരുത്തി മൂന്നു മണിക്കൂറിലേറെയാണു ക്രൂരമായി പീഡിപ്പിച്ചത്. കോട്ടയം മുതൽ പുനലൂർ വരെയുള്ള 95 കിലോമീറ്റർ ദൂരവും കെവിനെ മർദിച്ചതായി കഴിഞ്ഞദിവസം പുനലൂരിൽ അറസ്റ്റിലായ പ്രതികൾ പൊലീസിനു മൊഴി നൽകി. മർദനമേറ്റു ബോധരഹിതനായി വീണ യുവാവിനെ ഷാനു ബൂട്ടിട്ട് ചവിട്ടിയെന്നും കൂട്ടു പ്രതികളുടെ മൊഴിയിലുണ്ട്. വലതുകണ്ണും പുരികവും അടിയേറ്റു കലങ്ങിയ നിലയിലായിരുന്നു. ഇടതു പുരികത്തിനു മുകളിലും മുറിവേറ്റിരുന്നു. മുഖത്തും താടിയിലും വീണ് ഉരഞ്ഞതിനു സമാനമായ പാടുകളുണ്ട്. വാരിയെല്ലിനു സമീപത്തും കാൽമുട്ടിലും മുറിവേറ്റ പാടുകളുണ്ട്. ഒരേ സ്ഥലത്തു തന്നെ നിരന്തരം മർദനമേറ്റതിനു സമാനമായ പാടുകളാണ് മൃതദേഹത്തിലുള്ളതെന്നു പോസ്റ്റ് മോർട്ടം റിപ്പോർട്ടിലും വ്യക്തമാക്കിയിരുന്നു.സംഭവത്തിനു ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇടമൺ സ്വദേശികളായ റിയാസ്, നിയാസ്, ഇഷാൻ എന്നിവരെ പൊലീസ് തിങ്കളാഴ്ച പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതോടെയാണു സംഭവത്തിന്റെ യഥാർഥചിത്രം പുറത്തുവരുന്നത്. കെവിന്റെ മൃതദേഹം കിടന്ന സ്ഥലം കാട്ടിക്കൊടുത്തതും പ്രതിയായ റിയാസായിരുന്നു.

മൃതദേഹത്തിൽ മർദ്ദനമേറ്റതിന്റെയും വലിച്ചിഴച്ചതിന്റെയും 20 ലേറെ പാടുകൾ. ജനനേന്ദ്രിയത്തിൽ ചതവുള്ളതായി കണ്ടെത്തി. മുഖത്തു മാത്രം നാലിടത്ത് മുറിവുകളുണ്ട്. ഒരേ സ്ഥലത്ത് നിരന്തരം ഇടിച്ചതിന്റെ ആഴമേറിയ മുറിവാണ്. വലതുകാലിൽ താഴെ വലിയ മുറിവുണ്ട്. മൃതദേഹം 24 മണിക്കൂർ വെള്ളത്തിൽ കിടന്നു. ഞായറാഴ്ച പുലർച്ചെ തന്നെ മരണം സംഭവിച്ചതായിട്ടാണ് കണക്കാക്കുന്നത്. 12 മണിക്കൂർ കരയിൽ കിടന്നതിനാൽ മൃതദേഹം അഴുകി. മൃതദേഹത്തിനുള്ള 42 ഗ്രാം ദഹിക്കാത്ത ഭക്ഷണം ഉണ്ടായിരുന്നു. ശ്വാസകോശം പൊട്ടി സ്രവം ശരീരത്തിനുള്ളിൽ കലർന്നിരുന്നു.

വിശദപരിശോധനയ്ക്കായി കെവിന്റെ ആന്തരികാവയവങ്ങളുടെ ഭാഗങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇവ തിരുവനന്തപുരത്തെ ഫൊറൻസിക് ലബോറട്ടറിയിലേക്കയച്ചു. വേഗം ഫലം കിട്ടാൻ പൊലീസുകാരന്റെ കൈവശം കൊടുത്തയയ്ക്കുകയായിരുന്നു. അതിന്റെ ഫലംകൂടി വന്നശേഷമേ കൃത്യമായ വിവരം ലഭിക്കൂ. എന്തെങ്കിലും രാസവസ്തു ഉള്ളിൽ നൽകിയിട്ടുണ്ടോയെന്നും വിശദ പരിശോധനയിൽ വ്യക്തമാകും. വിശദമായ ഫലംകിട്ടാൻ വൈകും. ഇത് കേസ് അന്വേഷണത്തിലും അന്തിമ നിഗമനത്തിലും നിർണ്ണായകമാകും. ചൊവ്വാഴ്ച രാവിലെ കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യം നടത്തിയ പോസ്റ്റുമോർട്ടം കെവിന്റേതായിരുന്നു. എല്ലാ ദൃശ്യങ്ങളും വീഡിയോയിൽ പകർത്തി. മെഡിക്കൽ കോളേജിലെ പൊലീസ് സർജന്മാരായ അസോസിയേറ്റ് പ്രൊഫ. ഡോ. വി.എൻ. രാജു, അസിസ്റ്റന്റ് പ്രൊഫ. ഡോ. സന്തോഷ് എന്നിവരാണ് പോസ്റ്റുമോർട്ടത്തിന് നേതൃത്വം നൽകിയത്.

മാന്നാനത്തെ അനീഷിന്റെ വീട്ടിൽനിന്ന് ഏകദേശം 120 കിലോമീറ്റർ അകലെനിന്നാണ് മൃതദേഹം കിട്ടിയത്. നാലുമണിക്കൂറോളം വാഹനം ഓടിയാലേ ഇവിടെയെത്തൂവെന്നും കണക്കാക്കുന്നു. ഈ സമയമത്രയും കെവിനെ ഷാനു മർദ്ദിച്ചുവെന്നാണ് സൂചന.