കോട്ടയം: കെവിന്റെ കൊലപാതകത്തിലേയ്ക്ക് നയിച്ച മുഴുവൻ സംഭവങ്ങൾക്കും വഴിതെളിച്ചത് നീനുവിന്റെ മാതാവ് രഹനയുടെ ഇടപെടലെന്ന് സൂചന. ഇത് സംബന്ധിച്ച് അറസ്റ്റിലായവരിൽ നിന്നും പൊലീസിന് സുപ്രധാന വിവരങ്ങൾ ലഭിച്ചതായിട്ടാണ് അറിയുന്നത്. കോട്ടയം ഗാന്ധിനഗർ പൊലീസ് നീനുവിനെ കെവിനൊപ്പം പോകാൻ അനുവദിച്ചതിന് തൊട്ടടുത്ത ദിവസം ഇവർ കോട്ടയത്ത് എത്തി കെവിൻ താമസിച്ചിരുന്ന മാന്നാനത്തെ വീട്ടിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

നീനുവിനെ കാണാനില്ലെന്ന് പൊലീസിൽ ചാക്കോ പരാതി കൊടുത്തു. ഇതു പ്രകാരം പൊലീസ് നീനുവിനെ വിളിച്ചു വരുത്തി. എന്നാൽ തനിക്ക് കെവിന്റെ വീട്ടുകാർക്കൊപ്പം പോകാനാണ് താൽപ്പര്യമെന്ന് നീനു പറഞ്ഞതോടെ ചാക്കോ നിരാശനായി മടങ്ങി. നീനുവും കെവിനും രഹസ്യ കേന്ദ്രത്തിലേക്ക് മാറിയെന്നും മനസ്സിലായി. ഈ സമയമാണ് രഹന ഇടപെടലുമായി എത്തിയത്. കെവിനും നീനയും താമസിച്ച സ്ഥലം കണ്ടെത്താൻ രഹന കോട്ടയത്ത് എത്തി. ഗാന്ധി നഗർ പൊലീസിൽ നിന്ന് കെവിന്റെ വാസ സ്ഥലം മനസ്സിലാക്കി. അനീഷിന്റെ വീട്ടിലുമെത്തി. മകളെ വിട്ടു തരണമെന്ന് കെവിനോട് ആവശ്യപ്പെട്ടു. ഇതിന് വഴങ്ങില്ലെന്ന് മനസ്സിലായതോടെ ഷാനുവിനെ വിദേശത്ത് നിന്ന് വിളിച്ചു വരുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഷാനുവിന് താമസിക്കാൻ ഒളിത്താവളം ഒരുക്കിയത് ഷാനുവിന്റെ ഭാര്യയാണെന്നും വ്യക്തമായിട്ടുണ്ട്. എന്നാൽ രഹനയേയും ഷാനുവിന്റെ ഭാര്യയേയും കേസിൽ പ്രതി ചേർക്കാതിരിക്കാൻ സമ്മർദ്ദം ശക്തമാണ്.

ഗാന്ധിനഗർ സ്‌റ്റേഷനിലെത്തി മകളെ കാണാൻ അവസരനൊരുക്കണമെന്ന് ഇവർ ആവശ്യപ്പെട്ടെന്നും തുടർന്ന് കെവിന്റെ താമസസ്ഥലത്തെത്തി കണ്ടോളാൻ പൊലീസ് നിർദ്ദേശിച്ചെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ. പൊലീസ് നൽകിയ വിവരങ്ങൾ പ്രകാരം ഇവർ മാന്നാനത്ത് താമസിച്ചിരുന്ന ബന്ധു അനീഷിന്റെ വീട്ടിലെത്തി കെവിനെ കണ്ട് മകളെ തിരിച്ചേൽപ്പിക്കണമെന്ന് ആവശ്യപ്പെട്ടതായിട്ടാതായും അറിയുന്നു. നീനു വീട്ടിട്ടിലില്ലന്ന് ഉറപ്പിച്ച രഹന താമസിയാതെ തെന്മലയ്ക്ക് മടങ്ങി. പിന്നീട് മകൻ ഷാനുവിനെ വിവരങ്ങൾ ധരിപ്പിച്ചെന്നും ഏതുമാർഗ്ഗത്തിലായാലും മകളെ കണ്ടെത്തി കൊണ്ടുവരണമെന്ന് ഇവർ ഷാനുവിനോട് നിർദ്ദേശിക്കുകയും ചെയ്തു. ഇതോടെയാണ് ഷാനു അതിവേഗം ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്. പിന്നീട് അനീഷിന്റെ വീട്ടിലുമെത്തി. കെവിനോട് സംസാരിച്ചു. ഇതിന് ശേഷം മകളേയും ഫോണിൽ വിളിച്ചിരുന്നു.

കെവിന്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പൊലീസ് ചാക്കോയുടെ വീട്ടിലെത്തിയിരുന്നു. ഈ സമയം രഹന വീട്ടിലുണ്ടായിരുന്നു. ഈ സമയമാണ് ഈ നിർണ്ണായക വിവരങ്ങൾ രഹന പൊലീസിന് കൈമാറിയത്. താൻ കോട്ടയത്തിന് പോയെന്നും യാത്ര ബസ്സിലായിരുന്നെന്നുമാണ് സംഭവത്തെത്തുടർന്ന് വിവരങ്ങൾ ശേഖരിക്കാനെത്തിയ പൊലീസ് സംഘത്തോട് രഹന പ്രതികരിച്ചത്. എന്നാൽ ഇവർ തിരിച്ച് നാട്ടിലെത്തിയത് കാറിലായിരുന്നെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. തെന്മലയിൽ നിന്നും ഇവർ കോട്ടയത്തിന് തിരിച്ചത് കാറിലായിരിക്കാമെന്നും ഇവർക്കൊപ്പം ഷാനുവും ഉണ്ടായിരുന്നിരിക്കാമെന്നും പൊലീസ് സ്‌റ്റേഷനിലേയ്ക്കും കെവിന്റെ താമസസ്ഥലത്തേയ്ക്കും ഇവർ ബോധപൂർവ്വം കാർയാത്ര ഒഴിവാക്കുകയായിരുന്നെന്നുമാണ് പൊലീസ് സംശയിക്കുന്നത്.

ഷാനുവിനും കൂട്ടർക്കും കെവിന്റെ താമസസ്ഥലം എളുപ്പം കണ്ടെത്താനായത് ഇവർ രഹനയ്‌ക്കൊപ്പം ഇവിടെയെത്തിയതിനാലാവാമെന്നും പൊലീസ് കണക്കുകൂട്ടുന്നു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷക സംഘം ഇവരെ വിശദമായി ചോദ്യം ചെയ്യുമെന്നും സൂചനുണ്ട്. മൃതദ്ദേഹം കണ്ടെത്തിയിനെത്തുടർന്ന് പൊലീസ് ഇവരുടെ വീട്ടിലെത്തി വിവരങ്ങൾ തിരക്കിയപ്പോൾ ഷാനുവുമായി നല്ല ബന്ധത്തിലായിരുന്നില്ലന്ന് രഹന വെളിപ്പെടുത്തിയതും സംശങ്ങൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ബാംഗ്ലൂരിൽ നേഴ്‌സായി ജോലി ചെയ്യുന്ന ഷാനുവിന്റെ ഭാര്യയ്ക്കും തട്ടിക്കൊണ്ടു പോകൽ അറിയാമെന്ന് പൊലീസ് സംശയിക്കുന്നു. ഷാനുവിനും പിതാവിനും ഒളിത്താവളം ഒരുക്കിയോ എന്ന കാര്യത്തിലും നേഴ്‌സിന് പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. ഷാനുവും ചാക്കോയും ബംഗളൂരുവിൽ ഒളിവിൽ താമസിച്ചുവെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഷാനുവിനെയും ചാക്കോയെയും കുടുക്കിയത് ബെംഗളൂരുവിൽ ഭക്ഷണം കഴിച്ച ഹോട്ടലിൽ നിന്നുള്ള വിവരമാണ്. പിടിയിലായ ഇഷാൻ, റിയാസ്, നിയാസ് എന്നിവരിൽനിന്ന് മുഖ്യപ്രതികളായ ഷാനു ചാക്കോയെയും പിതാവ് ചാക്കോയും ബെംഗളുരുവിലേക്കു കടക്കുന്നതായി പൊലീസിനു സൂചന ലഭിച്ചു. ഇതോടെ ബെംഗളുരു പൊലിസും അന്വേഷണം തുടങ്ങി. ഇവരുടെ ഫോൺ ടവർ ലൊക്കേഷനും പൊലിസ് നിരീക്ഷിച്ചു. അതിനിടെ ഹോട്ടലിലെ സിസിടിവിയിൽ ഇരുവരും ഭക്ഷണം കഴിക്കാൻ വന്നതായി പൊലിസ് കണ്ടെത്തി. പൊലിസ് നീക്കം ശക്തമായതോടെ പ്രതികൾ ഇരുവരും വീണ്ടും കേരളത്തിലേക്കു നീങ്ങി. ഇവിടെ ഒളിത്താവളം ഒരുക്കിയത് ഷാനുവിന്റെ ഭാര്യയാണെന്നാണ് സൂചന. ഷാനു നാഗർകോവിലിലാണുള്ളതെന്ന് പൊലീസിനെ തെറ്റിധരിപ്പിക്കാൻ ഷാനുവിന്റെ തിരുവനന്തപുരത്തുള്ള ഭാര്യ വീട്ടുകാരും ശ്രമിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഷാനുവിന്റെ ഭാര്യയ്‌ക്കെതിരേയും അന്വേഷണം നടത്തുകയാണ് പൊലീസ്.

എവിടെ പോയി ഒളിച്ചാലും തങ്ങൾ കുടുങ്ങുമെന്നുള്ള ഉത്തമ ബോധ്യം വന്നതോടെയാണ് ഷാനുവും അച്ഛനും കീഴടങ്ങിയത്. അതേസമയം അഭിഭാഷകരും മറ്റും ഇവർക്ക് വ്യക്തമായ നിർദ്ദേശങ്ങൾ നൽകിയതായും സൂചനയുണ്ട്. അമ്മയെ അറസ്റ്റ് ചെയ്യാതിരിക്കാനാണ് ഈ നീക്കമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. കെവിനെ തട്ടിക്കൊണ്ടു വരാൻ നിയാസിനെ പങ്കാളിയായി തെരഞ്ഞെടുത്തതും രഹനയാണ്. നിയാസിന്റെ വീട്ടിൽ രഹനയും എത്തിയിരുന്നു. രഹനയുടെ ബന്ധുവായ നിയാസിന്റെ രാഷ്ട്രീയം തിരിച്ചറിഞ്ഞായിരുന്നു ഈ നീക്കം. ഇതെല്ലാം ഗൂഢാലോചനയിൽ രഹനയ്ക്കുള്ള പങ്കിന് തെളിവാണ്.