തെന്മല: കെവിൻ കൊല കേസിൽ വധു നീനുവിന്റെ മാതാവ് രഹനയ്ക്കായുള്ള പൊലീസിന്റെ തെരച്ചിൽ എങ്ങുമെത്തുന്നില്ല. കെവിനെ കൊലപ്പെടുത്തിയത് രഹനയുടെ പകയുടെ ഫലമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മകളെ ദളിതൻ കെട്ടുന്നതിന്റെ പകയായിരുന്നു എല്ലാത്തിനും കാരണം. കെവിനെ തട്ടിക്കൊണ്ട് പോയി വകവരുത്താനായി ഗൾഫിലുള്ള മകനെ വിളിച്ചു വരുത്തിയതും രഹനയായിരുന്നു. കെവിൻ താമസിക്കുന്നത് അനീഷിന്റെ വീട്ടിലാണെന്ന് കണ്ടെത്തിയതും രഹനയായിരുന്നു. അങ്ങനെ കേസിലെ നിർണ്ണായ ബുദ്ധികേന്ദ്രമാണ് രഹന. കേസിൽ രഹനയും പ്രതിയാകുമെന്ന് കരുതിയതോടെ അവർ സ്ഥലം വിട്ടു. ഭർത്താവ് ചാക്കോയും ഷാനുവും കീഴടങ്ങുന്നതിനു മുൻപു രഹ്നയെ ഭദ്രമായ സ്ഥലത്ത് എത്തിച്ചിരിക്കുമെന്നാണു പൊലീസ് കരുതുന്നത്.

കോട്ടയം ഗാന്ധിനഗർ പൊലീസ് നീനുവിനെ കെവിനൊപ്പം പോകാൻ അനുവദിച്ചതിന് തൊട്ടടുത്ത ദിവസം ഇവർ കോട്ടയത്ത് എത്തി കെവിൻ താമസിച്ചിരുന്ന മാന്നാനത്തെ വീട്ടിലെത്തിയിരുന്നുവെന്നാണ് സൂചന. നീനുവിനെ കാണാനില്ലെന്ന് പൊലീസിൽ ചാക്കോ പരാതി കൊടുത്തു. ഇതു പ്രകാരം പൊലീസ് നീനുവിനെ വിളിച്ചു വരുത്തി. എന്നാൽ തനിക്ക് കെവിന്റെ വീട്ടുകാർക്കൊപ്പം പോകാനാണ് താൽപ്പര്യമെന്ന് നീനു പറഞ്ഞതോടെ ചാക്കോ നിരാശനായി മടങ്ങി. നീനുവും കെവിനും രഹസ്യ കേന്ദ്രത്തിലേക്ക് മാറിയെന്നും മനസ്സിലായി. ഈ സമയമാണ് രഹന ഇടപെടലുമായി എത്തിയത്. കെവിനും നീനയും താമസിച്ച സ്ഥലം കണ്ടെത്താൻ രഹന കോട്ടയത്ത് എത്തി. ഗാന്ധി നഗർ പൊലീസിൽ നിന്ന് കെവിന്റെ വാസ സ്ഥലം മനസ്സിലാക്കി. അനീഷിന്റെ വീട്ടിലുമെത്തി. മകളെ വിട്ടു തരണമെന്ന് കെവിനോട് ആവശ്യപ്പെട്ടു. ഇതിന് വഴങ്ങില്ലെന്ന് മനസ്സിലായതോടെ ഷാനുവിനെ വിദേശത്ത് നിന്ന് വിളിച്ചു വരുത്തുകയായിരുന്നു.

ഗാന്ധിനഗർ സ്റ്റേഷനിലെത്തി മകളെ കാണാൻ അവസരനൊരുക്കണമെന്ന് ഇവർ ആവശ്യപ്പെട്ടെന്നും തുടർന്ന് കെവിന്റെ താമസസ്ഥലത്തെത്തി കണ്ടോളാൻ പൊലീസ് നിർദ്ദേശിച്ചെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ. പൊലീസ് നൽകിയ വിവരങ്ങൾ പ്രകാരം ഇവർ മാന്നാനത്ത് താമസിച്ചിരുന്ന ബന്ധു അനീഷിന്റെ വീട്ടിലെത്തി കെവിനെ കണ്ട് മകളെ തിരിച്ചേൽപ്പിക്കണമെന്ന് ആവശ്യപ്പെട്ടതായിട്ടാതായും അറിയുന്നു. നീനു വീട്ടിട്ടിലില്ലന്ന് ഉറപ്പിച്ച രഹന താമസിയാതെ തെന്മലയ്ക്ക് മടങ്ങി. പിന്നീട് മകൻ ഷാനുവിനെ വിവരങ്ങൾ ധരിപ്പിച്ചെന്നും ഏതുമാർഗ്ഗത്തിലായാലും മകളെ കണ്ടെത്തി കൊണ്ടുവരണമെന്ന് ഇവർ ഷാനുവിനോട് നിർദ്ദേശിക്കുകയും ചെയ്തു. ഇതോടെയാണ് ഷാനു അതിവേഗം ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്. പിന്നീട് അനീഷിന്റെ വീട്ടിലുമെത്തി. കെവിനോട് സംസാരിച്ചു. ഇതിന് ശേഷം മകളേയും ഫോണിൽ വിളിച്ചിരുന്നു. നീനുവും വഴങ്ങാതെ വന്നതോടെയാണ് കെവിനെ വകവരുത്താൻ തീരുമാനം ഉണ്ടാകുന്നത്.

തെന്മല ഒറ്റക്കല്ലിലെ വീട്ടിൽ കഴിഞ്ഞ ഞായറാഴ്ച വൈകിട്ടോടെയാണു ചാക്കോയെയും ഭാര്യയെയും ഒടുവിൽ നാട്ടുകാർ കണ്ടത്. തെന്മലയിലെയും തമിഴ്‌നാട്ടിലെയും ബന്ധുവീടുകൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഷാനു ചാക്കോയുടെ ഭാര്യ മുൻപു ജോലി ചെയ്തിരുന്ന ബെംഗളൂരു, ഗോവ എന്നിവിടങ്ങളിലും പൊലീസ് തിരച്ചിൽ നടത്തുന്നുണ്ട്. ഇതിനിടെ, രഹനയുടെ ചില അടുത്ത ബന്ധുക്കൾ പൊലീസിന്റെ നീക്കങ്ങൾ അപ്പപ്പോൾ അറിയുന്നതായും സൂചനയുണ്ട്. രഹനയെ ചോദ്യം ചെയ്താൽ നിർണ്ണായക വിവരങ്ങൾ കിട്ടും. ഇത് കേസ് അന്വേഷണത്തെ പുതിയ തലത്തിലെത്തിക്കും. കൊലപാതക ഗൂഢാലോചനയുടെ ചുരുൾ അഴിയാൻ ഇത് നിർണ്ണായകവുമാണ്. അതിനിടെ ഈ കേസ് പൊലീസിന് ഏറെ നാണക്കേടുണ്ടാക്കിയിരുന്നു. പ്രതികൾക്ക് പൊലീസ് തന്നെ സഹായം ചെയ്തുവെന്ന് സമ്മതിക്കേണ്ടി വന്ന കേസാണ് ഇത്. അതുകൊണ്ട് തന്നെ എത്രയും വേഗം പ്രതികളെ മുഴുവൻ പിടിച്ച് തലവേദന ഒഴിവാക്കാനാണ് നീക്കം.

അതുകൊണ്ട് തന്നെ രഹനയെ പ്രതിസ്ഥാനത്ത് നിർത്താതെ അന്വേഷണം മുന്നോട്ട് കൊണ്ട് പോകാനും നീക്കമുണ്ട്. രഹനയ്ക്ക് ഒന്നും അറിയില്ലെന്നും എല്ലാം ചെയ്തത് അച്ചൻ ചാക്കോയും മകൻ ഷാനുവും ചേർന്നാണെന്ന് വരുത്താനാണ് നീക്കം. പ്രതികളെ ഒളിവിൽ താമസിക്കാൻ സഹായിച്ചത് ഷാനുവിന്റെ ഭാര്യയായ നേഴ്‌സാണെന്ന് വ്യക്തമായിട്ടുണ്ട്. ഇവരേയും കേസിൽ നിന്ന് രക്ഷപ്പെടുത്താനാണ് നീക്കം. ഇതിന് പിന്നിൽ ചില ഉന്നതർ തന്നെ ചരടുവലികൾ നടത്തുന്നുണ്ട്. കേസിൽ പിടിയിലാകാനുള്ള മറ്റു പ്രതികൾക്കുവേണ്ടിയും തിരച്ചിൽ ഊർജിതമാണ്. പ്രതികൾ പത്തനാപുരം, പുനലൂർ, തെന്മല മേഖലകളിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിരുന്നോയെന്ന് അന്വേഷിക്കുന്നുണ്ട്.

ഇതിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് നേതാവിന്റെ പുനലൂർ കാര്യറയിലെ ഭാര്യവീട്ടിലും വെഞ്ചേമ്പിലെ ഡിസിസി അംഗത്തിന്റെ വീട്ടിലും ഇന്നലെ പൊലീസ് എത്തി. കേസിലെ പ്രതികളിലൊരാളായ നിയാസ് ഡി വൈ എഫ് ഐ നേതാവായിരുന്നു. ഇത് സിപിഎമ്മിനെ പ്രതിക്കൂട്ടിൽ നിർത്തിയ ഘടകമാണ്. ഈ സാഹചര്യത്തിലാണ് അന്വേഷണം കോൺഗ്രസ് നേതാക്കളിലേക്കും പൊലീസ് എത്തിക്കുന്നത്.

രഹനയെ രക്ഷിക്കാൻ നീക്കം തകൃതി

അതിനിടെ തെന്മലയിലെ വീട്ടിൽ നീനുവിന്റെ മാതാപിതാക്കളുമായി ആലോചിച്ച ശേഷമാണ് മാന്നാനത്തുനിന്ന് കെവിനെ തട്ടിക്കൊണ്ടുപോയതെന്നു പീരുമേട് കോടതിയിൽ കീഴടങ്ങാനെത്തിയ ടിറ്റു ജെറോമിന്റെ മൊഴി പുറത്തുവന്നു. ഇതോടെ കേസിൽ രഹനയുടെ പങ്ക് കൂടുതൽ വെളിപ്പെടുകയാണ്. എന്നിട്ടും ഇതെല്ലാം മറച്ചുവച്ച് രഹനയെ പക്ഷിച്ചെടുക്കാനാണ് നീക്കം.

ഇതിനെതിരെ പ്രതിഷേധവും ശക്തമാണ്. കോട്ടയത്തുനിന്നു നിയാസിന്റെ സഹോദരിയെ കൂട്ടിക്കൊണ്ടുവരുവാനെന്നു പറഞ്ഞ് മനുവാണ് ഓട്ടം വിളിച്ചത്. തുടർന്നു നീനുവിന്റെ വീട്ടിൽ എത്തി മറ്റു രണ്ട് വാഹനങ്ങൾക്കൊപ്പം മാന്നാനത്തേക്കു പുറപ്പെട്ടു. കെവിനെ പിടിച്ചുകൊണ്ടുവന്നു തന്റെ കാറിലാണു കയറ്റിയത്. കാറിൽവച്ചു കെവിനെ പൊതിരെ തല്ലി. ഇതെല്ലാം കണ്ടു ഭയന്ന തനിക്കു കുറെ ദൂരം പോയപ്പോൾ വാഹനം ഓടിക്കുവാൻ കഴിയാതായി. നിയാസാണു പിന്നീടു കാർ ഓടിച്ചത്. മറ്റൊരു കാറിലാണു താൻ തുടർന്നു യാത്ര ചെയ്തത്. ഈ വാഹനത്തിലായിരുന്നു മാരാകായുധങ്ങൾ സൂക്ഷിച്ചിരുന്നത്. തെന്മലയ്ക്കു സമീപം എത്തിയപ്പോൾ മുന്നിൽ പോയ മറ്റു രണ്ട് വാഹനങ്ങളും നിർത്തിയിട്ടിരിക്കുന്നതു കണ്ടുവെന്നും ടിറ്റു മൊഴി നൽകിയിട്ടുണ്ട്.

തങ്ങൾ ഇറങ്ങിയപ്പോൾ കെവിൻ വാഹനത്തിൽനിന്നു ചാടിപ്പോയതായി മറ്റുള്ളവർ പറഞ്ഞു. പിന്നിടു സമീപത്തെ തോടിനടുത്തു കുറച്ചു നേരം തിരച്ചിൽ നടത്തിയ ശേഷം മടങ്ങി ടിറ്റു വെളിപ്പെടുത്തി. കെവിന്റെ മൃതദേഹം കണ്ടെത്തിയ വിവരം അറിഞ്ഞതോടെ വാഹനം ഒളിപ്പിച്ച ശേഷം എറണാകുളത്തിനു കടന്ന ടിറ്റു, മറ്റുള്ളവർ അറ്റസ്റ്റിലായെന്നറിഞ്ഞതോടെ മൂന്നാറിലേക്കു പുറപ്പെട്ടു. അവിടെ ഒളിവിൽ കഴിയാൻ സാഹചര്യം ഇല്ലാതെവന്നതോടെ കുമളി വഴി പീരുമേട്ടിൽ എത്തി. ഇവിടേയും കെവിൻ ചാടിപോയെന്ന് വരുത്താനാണ് നീക്കം.

കൊലപാതക കുറ്റം പ്രതികൾക്ക് മേൽ പൊലീസ് ചുമത്തിയിട്ടുണ്ട്. കെവിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് കൊന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനെ പ്രതിരോധിക്കാനാണ് കെവിൻ രക്ഷപ്പെട്ടുവെന്ന മൊഴി പ്രതികൾ കൊടുക്കുന്നത്. ഇതിന് പിന്നിലും ചില ഉന്നതരുടെ ബുദ്ധിയുണ്ടെന്നാണ് വിലയിരുത്തൽ.

രണ്ട് കാറുകളും പിടിച്ചെടുത്തു

കെവിൻ വധക്കേസിൽ പ്രതികൾ സഞ്ചരിച്ചുവെന്നു കരുതുന്ന രണ്ടു കാറുകൾ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. മുഖ്യപ്രതി സാനു ചാക്കോയുടെ പേരിലുള്ള കാറും മറ്റൊരു പ്രതി ടിറ്റോ ജെറോമിന്റെ കാറുമാണ് ഇന്നലെ കണ്ടെത്തിയത്. കേസിലെ പ്രതി മനുവിന്റെ പുനലൂരിലെ വീടിനു കുറച്ചകലെ പറമ്പിൽ ഉപേക്ഷിച്ച നിലയിലായിരുന്നു സാനുവിന്റെ കാർ.

ടിറ്റോയുടെ വീടിനു സമീപത്തെ റബർത്തോട്ടത്തിൽനിന്നാണു രണ്ടാമത്തെ കാർ കസ്റ്റഡിയിലെടുത്തത്. സാനുവിന്റെ കാർ വർക്ക് ഷോപ്പിൽനിന്ന് ആളെ വരുത്തി തുറന്നെങ്കിലും ആയുധങ്ങളോ മറ്റോ കണ്ടെത്താനായില്ല. ഡ്രൈവറുടെ സീറ്റിന്റെ വശത്തെ ഗ്ലാസിൽനിന്നുള്ള വിരലടയാളങ്ങൾ ഫൊറൻസിക് വിദഗ്ദ്ധർ ശേഖരിച്ചു. പ്രതികൾ സഞ്ചരിച്ച ഒരു കാർ നേരത്തേ കസ്റ്റഡിയിലുണ്ട്.