- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളത്തിനായി കേണപേക്ഷിച്ചപ്പോൾ വായിൽ ഒഴിച്ചു കൊടുത്തത് മദ്യം; ജനനേന്ദ്രീയത്തിൽ ചവിട്ടിയും കണ്ണുകളിൽ കുത്തിയും വൈരാഗ്യം തീർത്തു; ദുരഭിമാനത്തിന്റെ പേരിൽ കെവിന്റെ ജീവനെടുത്തിട്ട് മൂന്ന് വർഷം; ഭർത്താവിന്റെ വീട്ടിനൊപ്പം ചേർന്ന് നിന്ന് പഠിക്കുന്ന നീനു; എല്ലാം നഷ്ടപ്പെട്ട കൂട്ടുകാരൻ അനീഷും; ഇനി ഇത് ആവർത്തിക്കാതിരിക്കട്ടേ
കോട്ടയം: കേരളത്തിലെ ആദ്യ ദുരഭിമാനക്കൊലയുടെ മൂന്നാം ഓർമ്മ ദിനത്തിലും എല്ലാ പ്രതികളും അഴിക്കുള്ളിൽ തന്നെ. കെവിൻ വധക്കേസിൽ 10 പ്രതികൾക്കും ഇരട്ട ജീവപര്യന്തമാണു ശിക്ഷ ലഭിച്ചത്. അപ്പീൽ ഹൈക്കോടതി പരിഗണിച്ചിട്ടില്ലാത്തതിനാൽ നീനുവിന്റെ സഹോദരൻ ഷാനു ചാക്കോ അടക്കം 10 പ്രതികളും പൂജപ്പുര സെൻട്രൽ ജയിലിലാണ്. നീനുവിന്റെ പിതാവ് ചാക്കോ അടക്കം 4 പ്രതികളെ കോടതി വിട്ടയച്ചിരുന്നു. അതിവേഗ വിചാരണയിലൂടെയാണ് പ്രതികൾക്ക് അതിവേഗ ശിക്ഷ കിട്ടിയത്.
2018 മെയ് 28നാണ് നട്ടാശേരി സ്വദേശി കെവിന്റെ മൃതദേഹം തെന്മല ചാലിയേക്കര പുഴയിൽനിന്നു കണ്ടെടുത്തത്. തെന്മല സ്വദേശിനി നീനുവിനെ വിവാഹം കഴിച്ചതിന്റെ പേരിലായിരുന്നു കൊല. നീനുവിന്റെ സഹോദരന്റെ നേതൃത്വത്തിലുള്ള സംഘം കെവിനെ (23) തട്ടിക്കൊണ്ടുപോയി ചാലിയക്കര പുഴയിൽ തള്ളിയിട്ട് കൊല്ലുകയായിരുന്നു. അതിന് മുമ്പ് ക്രൂര മർദ്ദനവും. നീനു ബെംഗളൂരുവിൽ എംഎസ്ഡബ്ല്യു അവസാനവർഷ വിദ്യാർത്ഥിയാണ്. കെവിന്റെ വീട്ടുകാരുടെ സംരക്ഷണയിലാണ് നീന ഇപ്പോഴും കഴിയുന്നത്. പഠനത്തിൽ മികവ് കാട്ടി സാമൂഹിക സേവനമെന്ന ലക്ഷ്യവുമായാണ് നീനുവിന്റെ പഠനം.
കെവിന്റെ അച്ഛൻ ജോസഫ്, അമ്മ മേരി, സഹോദരി കൃപ എന്നിവർക്ക് പുതിയ വീടായി. സർക്കാർ നൽകിയ10 ലക്ഷം രൂപയും പിഎം ആവാസ് യോജനയിൽ നിന്നുള്ള 4 ലക്ഷം രൂപയും കുടുംബ സുഹൃത്തിന്റെ സഹായവുമെല്ലാം ലഭിച്ചതോടെയാണ് ചൂട്ടുവേലി ദയറാപള്ളിയുടെ അടുത്ത് കരിയമ്പാടത്ത് വീടുപണി പൂർത്തിയാക്കാനായത്. എന്നാൽ കെവിന്റെയും നീനുവിന്റെയും വിവാഹം നടത്തുന്നതിനും ഇവരെ സംരക്ഷിക്കുന്നതും ഒപ്പമുണ്ടായിരുന്ന ബന്ധു അനീഷിന് കിടപ്പാടം നഷ്ടപ്പെട്ടു. മാന്നാനത്തിനു സമീപമാണ് അനീഷ് താമസിച്ചിരുന്നത്. വീട് ആക്രമിച്ചശേഷമാണ് കെവിനെയും അനീഷിനെയും നീനുവിന്റെ സഹോദരനും സംഘവും തട്ടിക്കൊണ്ടു പോയത്. അന്ന് അനീഷിന്റെ വീട്ടിലെ ഫർണിച്ചർ, ടിവി, ഫ്രിജ് എന്നിവയും തകർത്തു. വീടു നന്നാക്കാനായില്ല. വാടക വീട്ടിലാണ് ഇപ്പോൾ താമസം. ചിക്കൻ കട നടത്തിയാണ് ഉപജീവനം.
2017 ഓഗസ്റ്റ് 27 നാണ് ഒരു സുഹൃത്തുമൊത്ത് നാഗമ്പടം ബസ്റ്റാൻഡിൽ ബസുകയറാൻ നിൽക്കുമ്പോഴാണ് കെവിനെ നീനു ആദ്യമായി പരിചയപ്പെടുന്നത്. അവിടെ നിന്ന് തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമായി. ഇതിനിടയിൽ കെവിൻ വിദേശത്തുപോയി. മാതാപിതാക്കൾ വിദേശത്തായതിനാൽ ചെറുപ്പം മുതൽ കൊല്ലത്തെ ബന്ധു വീടുകളിലും ഹോസ്റ്റലുകളിലും നിന്നാണ് നീനു വളർന്നത്. നാട്ടിലെത്തിയിട്ടും അവർ നീനുവിനോട് ബന്ധം പുലർത്തിയിരുന്നില്ല. കൂടുതലും സഹോദരൻ ഷാനുവിനോടാണ് സ്‌നേഹം കാണിച്ചത്. നീനുവിന് എപ്പോഴും ശകാരം മാത്രം. കോളേജിൽ പോകുമ്പോൾ തന്നുവിടുന്ന പണത്തിന്റെ കണക്കുവരെ അച്ഛൻ ഡയറിയിൽ എഴുതി സൂക്ഷിച്ചിരുന്നു.
ജീവിതത്തിൽ നിന്ന് ഒറ്റപ്പെട്ടു നിൽക്കുമ്പോഴാണ് കോട്ടയത്തേക്ക് പഠനവുമായി മാറുന്നതും വീണ്ടും ഹോസ്റ്റൽ ജീവിതം തുടങ്ങുന്നതും കെവിനുമായി അടുക്കുന്നതും. കൊല്ലത്തെ സ്വകാര്യ സ്‌കൂളിലായിരുന്നു എസ്എസ്എൽസി പഠിച്ചത്. തിരുവല്ലയിലെ സ്വകാര്യ സ്‌കൂളിൽ നിന്ന് 79 ശതമാനം മാർക്കോടെ പ്ലസ്ടു പാസായി. തുടർന്നാണ് മാന്നാനം കെഇ കോളേജിൽ ബിഎസ്എസി ജിയോളജിക്ക് ചേരുന്നത്. ഇപ്പോൾ മൂന്നാം വർഷത്തിലേക്ക് കടക്കുന്നു. കോട്ടയം നാഗമ്പടത്തെ തീർത്ഥാടന കേന്ദ്രത്തിലാണ് അവസാനമായി കെവിനുമൊന്നിച്ച് പോയത്. മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ചു. പിന്നീട് ആഹാരം കഴിച്ചു. അന്ന് രാത്രി എന്നെ ഹോസ്റ്റലിൽ കൊണ്ടാക്കിയശേഷം പോയതാണ് കെവിൻ. പിന്നെ ഞാൻ ജീവനോടെ നീനു കണ്ടിട്ടില്ല
തട്ടിക്കൊണ്ട് പോകുന്നതിന്റെ തലേദിവസം രാത്രിയാണ് അവസാനമായി വിളിച്ചു. വിവാഹ രജിസ്‌ട്രേഷന്റെ കാര്യങ്ങൾ പൂർത്തീകരിക്കാനായി പുലർച്ചെ 5.45 ന് നീ എന്നെ വിളിച്ചുണർത്തണം, ആരൊക്കെ എതിർത്താലും നിന്നെ ഞാൻ സ്വന്തമാക്കും, ഇത്രയും പറഞ്ഞ്് ഫോൺവച്ചു. പിറ്റേദിവസം പറഞ്ഞ സമയത്ത് കെവിൻ ചേട്ടനെ ഉണർത്താനായി ഞാൻ പലതവണ ഫോൺ വിളിച്ചെങ്കിലും എടുത്തില്ല. തുടർന്ന് പല കൂട്ടുകാരെയും വിളിച്ചു. നീ വിഷമിക്കേണ്ട അവൻ വരുമെന്ന് കൂട്ടുകാർ ആശ്വസിപ്പിച്ചു. ഈ പ്രതീക്ഷയെയാണ് കെവിന്റെ മരണവാർത്ത തകർത്തത്.
നീനുവിന്റെ ബാഗിൽനിന്ന് കെവിന്റെ ഫോട്ടോ കിട്ടിയതോടെയാണ് ഇരുവരുടെയും ബന്ധം ആദ്യം വീട്ടിലറിഞ്ഞത്. പലതവണ ഭീഷണിപ്പെടുത്തിയെങ്കിലും ബന്ധം ഉപേക്ഷിക്കാൻ തയ്യാറായില്ല. സംഭവത്തിന്റെ തലേദിവസം നീനുവിന്റെ അമ്മ, ബന്ധു നിയാസ് അടക്കം കെവിനെ തിരക്കി മാന്നാനത്തെ വീട്ടിൽ എത്തി. പ്രദേശത്തെ പഞ്ചായത്തംഗത്തിന്റെ സഹായത്തോടെ വീട് കണ്ടുപിടിച്ചു. ഇവിടെ എത്തിയ അവർ കെവിനെ ചീത്ത പറഞ്ഞു. തുടർന്ന് നീനുവിനെ വിളിക്കണമെന്ന് ആവശ്യപ്പെട്ടു. നിയാസ് കെവിന്റെ ഫോണിൽ തന്നോട് സംസാരിച്ചു. എന്നാൽ കെവിനെ വിട്ടുവരില്ല എന്ന് നിലപാടെടുത്തു. നീനുവിനെ വിട്ടുകൊടുക്കില്ലെന്ന തീരുമാനത്തിൽ കെവിനും ഉറച്ച് നിന്നതോടെ അവർ പോയി എന്നാണ് പിന്നീട് കെവിൻ ഫോണിൽ വിളിച്ചു പറഞ്ഞത്. പിന്നീട് എല്ലാം കീഴ് മേൽ മറിഞ്ഞു.
മർദനമേറ്റ് അവശനായ കെവിൻ വെള്ളം ചോദിച്ചപ്പോൾ ഒന്നാം പ്രതി ഷാനു ചാക്കോ വായിൽ ഒഴിച്ചു കൊടുത്തത് മദ്യം ആയിരുന്നു. നീനുവിനെ എങ്ങനേയും വീട്ടിലേക്ക് മടക്കി കൊണ്ടു പോകാനായിരുന്നു ഭർത്താവ് കെവിനെ ക്രൂര പീഡനത്തിന് ഇരയാക്കിയത്. ജനനേന്ദ്രീയം അടിച്ചു തകർത്തതും ഷാനുവായിരുന്നു. സഹോദരിയുമായുള്ള കുടുംബ ജീവിതം തകർക്കുകയായിരുന്നു ലക്ഷ്യം. പിൻസീറ്റിനിടയിൽ ഇരുത്തി മൂന്നു മണിക്കൂറിലേറെയാണു ക്രൂരമായി പീഡിപ്പിച്ചത്. കോട്ടയം മുതൽ പുനലൂർ വരെയുള്ള 95 കിലോമീറ്റർ ദൂരവും കെവിനെ മർദിച്ചു. മർദനമേറ്റു ബോധരഹിതനായി വീണ യുവാവിനെ ഷാനു ബൂട്ടിട്ട് ചവിട്ടി. വലതുകണ്ണും പുരികവും അടിയേറ്റു കലങ്ങിയ നിലയിലായിരുന്നു. ഇടതു പുരികത്തിനു മുകളിലും മുറിവേറ്റിരുന്നു. മുഖത്തും താടിയിലും വീണ് ഉരഞ്ഞതിനു സമാനമായ പാടുകളുണ്ടായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ