- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് ബാധിച്ചെന്ന് സച്ചിൻ; ലോകത്തെ അറിയിക്കുന്നതെന്തിനെന്ന ചോദ്യവുമായി കെവിൻ പീറ്റേഴ്‌സൻ; യുവരാജിന്റെ ഇടപെടൽ; ഒടുവിൽ ക്ഷമാപണം
മുംബൈ: കോവിഡ് ബാധിക്കുന്നവർ ലോകത്തിനു മുന്നിൽ അക്കാര്യം പരസ്യമായി പ്രഖ്യാപിക്കുന്നത് എന്തിനെന്ന ഇംഗ്ലണ്ടിന്റെ മുൻ താരം കെവിൻ പീറ്റേഴ്‌സന്റെ ചോദ്യം വിവാദത്തിൽ.
കോവിഡ് ബാധിക്കുന്നവർ അക്കാര്യം പരസ്യമായി പ്രഖ്യാപിക്കുന്ന രീതി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇതേക്കുറിച്ച് പീറ്റേഴ്‌സൻ ചോദ്യമുയർത്തിയത്. 'നിങ്ങൾക്ക് കോവിഡ് ബാധിച്ചതായി ലോകത്തിനു മുന്നിൽ വിളിച്ചുപറയുന്നത് എന്തുകൊണ്ടാണെന്ന് ആരെങ്കിലും എനിക്കൊന്നു പറഞ്ഞു തരാമോ?' എന്നതായിരുന്നു ട്വിറ്ററിൽ പീറ്റേഴ്‌സന്റെ ചോദ്യം.
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസ താരം സച്ചിൻ തെൻഡുൽക്കർ തനിക്ക് കോവിഡ് സ്ഥിരീകരിച്ചത് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ചോദ്യം ഉന്നയിച്ച് പീറ്റേഴ്‌സൻ രംഗത്തെത്തിയത്. പീറ്റേഴ്‌സൻ ഈ ചോദ്യമുന്നയിച്ച സമയത്തിന്റെ പ്രശ്‌നം പരോക്ഷമായി സൂചിപ്പിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ് രംഗത്തെത്തി. പിന്നാലെയാണ് തനിക്ക് പറ്റിയ അബദ്ധം പീറ്റേഴ്‌സന് ബോധ്യമായാത്. സച്ചിന് കോവിഡ് ബാധിച്ച വിവരം അറിഞ്ഞിരുന്നില്ലെന്ന് പീറ്റേഴ്‌സൻ പിന്നീട് വിശദീകരിച്ചു.
ശനിയാഴ്ച രാവിലെ 10.16നാണ് കോവിഡ് ബാധിച്ച വിവരം സച്ചിൻ ട്വീറ്റ് ചെയ്തത്. പീറ്റേഴ്‌സൻ ചോദ്യം ഉന്നയിച്ചതാകട്ടെ ഉച്ചകഴിഞ്ഞ് 2.21നും. ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ് ഇക്കാര്യം പരോക്ഷമായി സൂചിപ്പിച്ചു. പീറ്റേഴ്‌സന്റെ ട്വീറ്റിന് താഴെ 'അതേക്കുറിച്ച് ഇപ്പോൾ ചിന്തിക്കാൻ കാരണമെന്താണ്? ഇതുവരെ അങ്ങനെയൊരു ചിന്ത തോന്നിയിരുന്നില്ലേ?' യുവരാജ് കുറിച്ചു. ഇതോടെയാണ് സച്ചിന് കോവിഡ് ബാധിച്ച വിവരം ഇപ്പോൾ മാത്രമാണ് അറിയുന്നതെന്ന് പീറ്റേഴ്‌സൻ വിശദീകരിച്ചത്.
'സച്ചിന് കോവിഡ് ബാധിച്ച വിവരം അൽപം മുൻപാണ് അറിഞ്ഞത്. സോറി സച്ചിൻ. എത്രയും വേഗം സുഖമാകട്ടെ' പീറ്റേഴ്‌സൻ ട്വീറ്റ് ചെയ്തു.
ന്യൂസ് ഡെസ്ക്