തിരുവനന്തപുരം: കോട്ടയം സ്വദേശി കെവിന്റെ മരണത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ രംഗത്ത് വന്നു. കെവിന്റെ മരണത്തിന് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണ്. കെവിന്റെ കണ്ണുകൾ ഡിവൈഎഫ്‌ഐക്കാർ ചൂഴ്‌ന്നെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.

കെവിന്റെ വിവാഹത്തിനു പൊലീസ് ആദ്യം തന്നെ എതിരായിരുന്നു. പൊലീസ് ഡിവൈഎഫ്‌ഐക്കാരുടെ വാക്കുകേട്ട് പെൺകുട്ടിയെ വിവാഹത്തിൽ നിന്ന് പിന്തിരിപ്പിക്കാനും ശ്രമിച്ചുവെന്നും പൊലീസിനു മുന്നിൽ സഹോദരി കരഞ്ഞു യാചിച്ചിട്ടും പൊലീസ് അനങ്ങിയില്ലെന്നും അദ്ദേഹം പറഞ്ഞു.

പൊലീസിനെ പാർട്ടിയുടെ ചട്ടുകമാക്കുന്ന നയമാണ് ഇതിനെല്ലാം കാരണം. കോട്ടയത്തെ പൊലീസ് സേനയെ സി. പി. എം നേതാവ് വാസവൻ നിയന്ത്രിക്കുന്നതിന്റെ ശബ്ദരേഖ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നുവെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. ഫേസ്‌ബുക്ക് പോസിറ്റിലൂടെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.