- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടികളുടെ കച്ചവടം നടത്തുന്ന പാറമടകൾ ലോൺ തിരിച്ചടയ്ക്കുന്നില്ല; ബാറുടമകൾ കൊടുക്കാനുള്ളത് 600 കോടി; ബോക്സോഫീസിലെ ഹിറ്റ് നിർമ്മാതാക്കളും ഒളിച്ചുകളിക്കുന്നു; വായ്പാ തിരിച്ചടയ്ക്കാത്തവർക്ക് മുട്ടൻ പണി കൊടുത്ത് തച്ചങ്കരിയുടെ സിബിൽ തന്ത്രം; ഇനി മുടക്ക് വന്നാൽ മറ്റു ബാങ്കുകളുടെ വായ്പയും കിട്ടില്ല; കെ എഫ് സിയിൽ ഇനി പാറമടയ്ക്കും ബാറിനും സിനിമയ്ക്കും നിരോധനം
തിരുവനന്തപുരം: കടമെടുത്ത് പണം അടയ്ക്കാത്തവർക്ക് ഇനി കേരളാ ഫിനാൻഷ്യൽ കോർപ്പറേഷൻ കൊടുക്കുക എട്ടിന്റെ പണി. സർക്കാർ സ്ഥാപനത്തെ പറ്റിച്ച് മുങ്ങി നടക്കുന്നവരെ തളയ്ക്കാൻ തന്ത്രപരമായ നീക്കം നടത്തുകയാണ് കെ എഫ് സി. സിഎംഡി ടോമിൻ തച്ചങ്കരി നടത്തിയ പരിശോധനകളിൽ കണ്ടെത്തിയത് കിട്ടാകടത്തിന്റെ ഞെട്ടിക്കുന്ന കണക്കുകളാണ്. മൊത്തം ബിസിനസിന്റെ നാൽപത് ശതമാനത്തോട് അടുത്ത് കിട്ടാക്കടമാണ്. ഇത് മാറ്റാൻ കെ എഫ് സിയെ സിബിലിന് കീഴിലേക്ക് കൊണ്ടു വരികയാണ്.
ഡിജിപി റാങ്കുള്ള ടോമിൻ തച്ചങ്കരിയുടെ ഇടപെടലാണ് നിർണ്ണായകമാകുന്നത്. ക്രൈംബ്രാഞ്ച് മേധാവിയായിരിക്കെ ഡിജിപി കേഡർ കിട്ടിയ തച്ചങ്കരിക്ക് സർക്കാർ നൽകിയത് കെ എഫ് സിയുടെ ചുമതലയാണ്. കെ എസ് ആർ ടി സിയിലേയും കൺസ്യൂമർ ഫെഡിലേയും അഴിമതി വിരുദ്ധ പോരാട്ടം കെ എഫ് സിയിലും തച്ചങ്കരി നടത്തി. ഇതോടെയാണ് വൻകിട മുതലാളിമാരുടെ അടക്കം കിട്ടാക്കടം കണ്ടെത്തിയത്. സിബിൽ കുരുക്കിൽ കെ എഫ് സിയെ മുന്നോട്ട് കൊണ്ടു പോകാനുള്ള തന്ത്രപരമായ തീരുമാനവും ഇതിന്റെ ഭാഗമാണ്. കൂടുതൽ വായ്പകൾ അർഹിക്കുന്നവർക്ക് കിട്ടാനാണ് ഇത്.
ഇതു പ്രകാരം വായ്പാ വിവരങ്ങൾ റിസർവ്വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള സിബിലിൽ നൽകും. കെ എഫ് സിയിൽ വായ്പാ തിരിച്ചടവ് കുറയുന്നവർക്ക് ഇതോടെ സിബിൽ സ്കോർ കുറയും. മറ്റ് ബാങ്കുകൾ സിബിൽ സ്കോർ പരിശോധിച്ചാണ് വായ്പകൾ നൽകുന്നത്. ഇതോടെ കെ എഫ് സിയെ പറ്റിക്കുന്നവർക്ക് മറ്റ് ബാങ്കുകളുടെ സഹായം കിട്ടാതെ വരും. നിലവിൽ സിബിലിൽ കെ എഫ് സി അംഗമായിരുന്നില്ല. അതുകൊണ്ട് തന്നെ കെ എഫ് സിയിൽ നിന്ന് വായ്പ എടുത്ത് തിരിച്ചടയ്ക്കില്ലാത്തവർക്കും മറ്റ് ബാങ്കുകളിൽ നിന്ന് വായ്പ കിട്ടും. അതുകൊണ്ട് തന്നെ വൻകിടക്കാർ കൂസലില്ലാതെ കെ എഫ് സിയെ പറ്റിച്ചു.
വസ്തുവിന്റെ മൂല്യം ഉയർത്തിക്കാട്ടി പരമാവധി തുക കെ എഫ് സിയിൽ നിന്നും വായ്പ എടുക്കും. അതിന് ശേഷം തിരിച്ചടയ്ക്കില്ല. ഇങ്ങനെ വരുമ്പോഴും കുറഞ്ഞ വിലയ്ക്കുള്ള ഭൂമി കണ്ടു കെട്ടാനേ കെ എഫ് സിക്ക് കഴിയൂ. ഉദ്യോഗസ്ഥ തലത്തിലെ സഹായത്തോടെയാണ് ഈ തട്ടിപ്പുകൾ നടന്നത്. കണ്ടെത്തുകയും പ്രയാസമായിരുന്നു. കെ എഫ് സിയെ സിബിലിൽ ഉൾപ്പെടുത്തുമ്പോൾ ഇങ്ങനെ വായ്പ മുടക്കി പറ്റിക്കുന്നവർക്ക് സിബിൽ സ്കോർ കുറയും. മറ്റ് ബാങ്കുകളുടെ വായ്പകളൊന്നും കിട്ടാത്ത സ്ഥിതിയും വരും. ഇത് മനസ്സിലാക്കിയാണ് തച്ചങ്കരി സുപ്രധാന തീരുമാനം എടുത്തത്.
ബാർ ഹോട്ടലുകാരും പാറമട ഉടമകളും സിനിമാ നിർമ്മാതാക്കളും വരെ കെ എഫ് സിയിൽ നിന്നും ലോൺ എടുക്കാറുണ്ട്. ഇത് തിരിച്ചടയ്ക്കാത്തത് വലിയ ബാധ്യതയുമാണ്. ഈ സാഹചര്യത്തിൽ ഇത്തരക്കാർക്ക് ഇനി ലോൺ നൽകില്ല. ചെറുകിട-ഇടത്തരം വ്യവസായ സംരഭകർക്ക് മാത്രമായി ലോൺ നൽകുന്നത് പരിമിതപ്പെടുത്തും. ബാർ മുതലാളിമാർക്ക് 600 കോടി വായ്പ കൊടുത്തിട്ടുണ്ട്. സിനിമകൾ സൂപ്പർ ഹിറ്റായിട്ടും ഒരു പൈസ പോലും തിരിച്ചടയ്ക്കാത്ത സിനിമാ നിർമ്മാതാക്കളും ഉണ്ട്. ഇവരെ പൂട്ടുകയെന്ന ലക്ഷ്യത്തോടെയാണ് സിബിലിൽ കെ എഫ് സിയെ ഉൾപ്പെടുത്തിയത്.
ഇതിനോടകം 5100 വായ്പാ ഇടപാടുകൾ സിബിലിന് നൽകി. 6630 വായ്പാ അക്കൗണ്ടുകളാണുള്ളത്. ഇതിൽ 2220 അക്കൗണ്ടുകൾ കിട്ടാക്കടമാണ്. പിരിഞ്ഞു കിട്ടാനുള്ളത് 5696 കോടി. ഇതിൽ 778 കോടി മുതലും ബാക്കി പലിശയും. ബാഹ്യശക്തികളുടെ ഇടപെടലിന് വഴങ്ങി കോർപ്പറേഷനിലെ ഒരുകൂട്ടം മുൻ ഉദ്യോഗസ്ഥർ നടത്തി വായ്പാ വിതരണമാണ് പ്രശ്നത്തിന് കാരണം. വായ്പ നൽകിയ ശേഷം നിരീക്ഷണങ്ങൾ നടത്താത്തതാണ് ഇതിന് കാരണം. കിട്ടാക്കടം തിരിച്ചു പിടിക്കാനാണ് തച്ചങ്കരിയുടെ തീരുമാനം.
വീഡിയോ കോൺഫറൻസിലൂടെയാണ് ഇപ്പോൾ വായ്പകൾ നൽകുന്നത്. അതായത് വായ്പ വേണ്ട വ്യക്തിയെ കെ എഫ് സിയുടെ ഹെഡ് ഓഫീസിലുള്ളവരും അഭിമുഖത്തിന് വിധേയമാക്കും. അങ്ങനെ തീർത്തും തിരിച്ചടയ്ക്കാൻ കഴിയുന്നവർക്ക് മാത്രമേ ലോൺ കിട്ടുന്നുള്ളൂവെന്ന് ഉറപ്പിക്കാനാണ് നീക്കം. സംരംഭകത്വ വികസന പദ്ധതിയുടെ ഭാഗമായി 2,000 പേർക്ക് കെ.എഫ്.സി ഒരുലക്ഷം രൂപവരെ ഈടുരഹിത വായ്പ നൽകും. അപേക്ഷകർ സമർപ്പിക്കുന്ന രേഖകൾ പരിഗണിച്ചും മറ്റു പരിശോധനകൾ ഇല്ലാതെയുമാണ് വായ്പ നൽകുക.
ബിസിനസ് രംഗത്തേക്ക് വരുന്ന തുടക്കക്കാർക്ക്, പ്രത്യേകിച്ച് ചെറുകിട സംരംഭകർക്ക് മൂലധനം സ്വരൂപിക്കുന്നത് ദുഷ്കരമായ പശ്ചാത്തലത്തിലാണ് ഉദാരവ്യവസ്ഥയിൽ വായ്പ ലഭ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ വായ്പയുടെ 50 ശതമാനം തുക അപേക്ഷ ലഭിച്ച് ഒരാഴ്ചയ്ക്കകം മുൻകൂറായി നൽകും. സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും അതിവേഗം വായ്പ അനുവദിക്കും. മൂന്നുവർഷമാണ് വായ്പയുടെ തിരിച്ചടവ് കാലാവധി. ഗൂഗിൾ പേ ഉൾപ്പെടെയുള്ള നൂതന മാർഗങ്ങളിലൂടെ ആഴ്ചതോറും തിരിച്ചടവ് നടത്താം. വായ്പ ലഭിക്കാനുള്ള എം.എസ്.എം.ഇ രജിസ്ട്രേഷൻ, പാൻ കാർഡ് എന്നിവയും കെ.എഫ്.സി വഴി ലഭ്യമാക്കും.
ഇത്തരം ആകർഷക വായ്പ സംസ്ഥാനത്ത് ആദ്യമാണെന്നും ചെയർമാൻ പറഞ്ഞു.പദ്ധതിയിൽ വായ്പാപ്പലിശ ഏഴ് ശതമാനമാണ്. ഇതിൽ മൂന്നു ശതമാനം സർക്കാർ സബ്സിഡിയും ഉൾപ്പെടുന്നു. സംരംഭങ്ങൾ തുടങ്ങുന്നവർക്ക് മറ്റ് സബ്സിഡികൾക്കുള്ള അർഹതയും ഉണ്ടായിരിക്കും. പദ്ധതിപ്രകാരം 400ഓളം വായ്പകൾക്ക് ഇതിനകം അനുമതി നൽകി. അപേക്ഷകരിൽ ഇതുവരെ മൂന്നിലൊന്നും വനിതകളാണ്.
മറുനാടന് മലയാളി ബ്യൂറോ