ചെങ്ങന്നൂർ: ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർ കെജി കർത്തായുടെ റോഡ് കൈയേറിയുള്ള നിർമ്മാണത്തിന് എതിരേ സംസ്ഥാന സമിതിയംഗം കെഎസ് രാജൻ മൂലവീട്ടിൽ വിജിലൻസിനും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്കും പരാതി നൽകി. ഇതോടെ ചെങ്ങന്നൂരിൽ ബിജെപിയിലെ വിഭാഗീയത മറ നീക്കി. സിപിഎമ്മിന്റെയും സ്ഥലം എംഎൽഎയുടെയും നഗരസഭ ഭരിക്കുന്ന കോൺഗ്രസിന്റെയും പിന്തുണയോടെയാണ് കർത്ത അനധികൃത നിർമ്മാണം നടത്തുന്നതെന്ന പ്രചാരണം നിലനിൽക്കേ രാജൻ മൂലവീട്ടിൽ നൽകിയ പരാതി വിവാദം കൊഴുപ്പിച്ചിരിക്കുകയാണ്. നേരത്തേ ഇതു സംബന്ധിച്ച് രമേശ്ബാബു എന്നയാൾ പരാതി നൽകിയിരുന്നു.

എന്നാൽ, പൊതുപ്രവർത്തകൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന രമേശ്ബാബുവിന് നാട്ടുകാർക്കിടയിലുള്ള പേരുദോഷം കാരണം, പരാതിയുടെ ഗൗരവം ചോർന്നിരുന്നു. ഇപ്പോൾ സ്വന്തം പാർട്ടിയിലെ തന്നെ സംസ്ഥാന കമ്മറ്റിയംഗം രംഗത്ത് വന്നതോടെ കെട്ടിടം പൊളിക്കേണ്ടി വരുമെന്ന അവസ്ഥയായിട്ടുണ്ട്. നഗരമധ്യത്തിൽ ആർഡിഓഫീസിന്റെ മുന്നിലാണ് കെട്ടിട നിർമ്മാണം. മൂടിക്കെട്ടിയാണ് നിർമ്മാണം നടത്തിയത്. തേക്കുന്നതിന് വേണ്ടി മൂടി അഴിച്ചപ്പോഴാണ് കൈയേറ്റം പുറത്തു വന്നത്. കെട്ടിട നിർമ്മാണം പകുതി വഴിയിൽ എത്തിയിട്ടും നടപടികൾ സ്വീകരിക്കാതെ മൗനസമ്മതം നൽകുകയാണ് ചെങ്ങന്നൂർ നഗരസഭ.

ചെങ്ങന്നൂർകോഴഞ്ചേരി പൊതുമരാമത്ത് റോഡിന്റെയും ആൽത്തറടെലിഫോൺ എക്സ്ചേഞ്ച് നഗരസഭ റോഡിന്റെയും വശത്തായി ബ്ലോക്ക് നമ്പർ ഏഴിൽ സർവേ നമ്പർ 321/3ലാണ് മാസങ്ങളായി നിർമ്മാണം നടന്നു വന്നിരുന്നത്. നിലവിലുള്ള ഓടിട്ട കെട്ടിടത്തിന് ഉള്ളിലായിട്ടാണ് നിർമ്മാണം. പൊതുമരാമത്ത് റോഡിൽ നിന്ന് മൂന്നു മീറ്റർ വിട്ട് വേണം നിർമ്മാണ പ്രവർത്തനം എന്നാണ് നഗരസഭാ ചട്ടം. എന്നാൽ, ഇവിടെ കെട്ടിടം അവസാനിക്കുന്നത് റോഡിലാണ്.

പഴയ ഓടിട്ട കെട്ടിടം അറ്റകുറ്റപ്പണി നടത്തുവെന്ന വ്യാജേനെയാണ് റോഡ് കൈയേറിയും ചട്ടം ലംഘിച്ചുംകെട്ടിടം പണിയുന്നതെന്ന് രാജൻ മൂലവീട്ടിൽ നൽകിയിരിക്കുന്ന പരാതിയിൽ പറയുന്നു. കെട്ടിടത്തിന്റെ ഷെയ്ഡ് വാർത്തിരിക്കുന്നത് സംസ്ഥാന ഹൈവേയിലേക്കും മറുവശം പൊതുമരാമത്ത് റോഡിലേക്ക് തള്ളിയ നിലയിലുമാണ്. വലിയ വാഹനങ്ങൾ വന്നാൽ സർക്കാർ ആയുർവേദാശുപത്രിയിലേക്കും ടെലിഫോൺ എക്സ്ചേഞ്ചിലേക്കും തിരിഞ്ഞു പോകാൻ കെട്ടിട നിർമ്മാണം തടസമാണ്. സംസ്ഥാന പാതയും പൊതുമരാമത്ത് റോഡും വേർതിരിക്കുന്ന സർവേക്കല്ലും ഇതിനായി നശിപ്പിച്ചുവെന്നും രാജന്റെ പരാതിയിൽ പറയുന്നു.

നിർമ്മാണം ചട്ടം ലംഘിച്ചും അനധികൃതമായിട്ടാണെന്നും മനസിലാക്കിയിട്ടും കോൺഗ്രസ് ഭരിക്കുന്ന നഗരസഭയ്ക്കും സിപിഐഎമ്മിനും അനക്കമില്ലെന്നും രാജൻ ആരോപിക്കുന്നു. നാട്ടുകാരിൽ ചിലർ പരാതിയുമായി പോയതോടെ കർത്താ പണിക്ക് വേഗം കൂട്ടി. രാപ്പകൽ വ്യത്യാസമില്ലാതെ തൊഴിലാളികൾ നിന്ന് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചു കൊണ്ടിരിക്കുകയാണ്.

എംഎൽഎ ഓഫീസിന്റെ സമീപത്ത് നടക്കുന്ന ഈ അനധികൃത നിർമ്മാണം സിപിഐഎമ്മുകാരനായ എംഎൽഎയും കണ്ടില്ല എന്ന് നടിക്കുകയാണ്. രാമചന്ദ്രൻ നായർ എംഎൽഎ യുമായി അടുത്ത ബന്ധമാണ് കെജി കർത്തയ്ക്കുള്ള്ളത്. ഇതു കാരണം, അനധികൃത നിർമ്മാണത്തിനെതിരെ സിപിഐഎമ്മും പ്രതികരിച്ചിട്ടില്ല.