- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നിർധന കുടുംബത്തിൽ ജനനം; ചായക്കട നടത്തി ഉപജീവനം; ഗൾഫിൽ അറബിയുടെ വിശ്വസ്തനായത് ജീവിതം മാറ്റി മറിച്ചു; വിദേശത്തെത്തുന്ന നേതാക്കൾക്ക് താമസ സൗകര്യമൊരുക്കി രാഷ്ട്രീയ പ്രവേശം; വിട്ടു കൊടുക്കാതെ ആലപ്പുഴ ജില്ലാ ട്രഷറർ സ്ഥാനം കൊണ്ടു നടന്ന ബിജെപി നേതാവ്: കൊടകരയിൽ ചോദ്യം ചെയ്തത് ചെങ്ങന്നൂരിലെ കോടീശ്വരനായ കർത്തയെ
ആലപ്പുഴ: കൊടകര കുഴൽപ്പണക്കേസിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്ന ബിജെപി ജില്ലാ ട്രഷറർ കെജി കർത്തായെന്ന കെ. ഗോപാലകൃഷ്ണൻ കർത്താ ചില്ലറക്കാരനല്ല. ദരിദ്രകുടുംബത്തിൽ ജനിച്ച് സമുഹത്തിന്റെയും സമുദായത്തിന്റെയും രാഷ്ട്രീയ പാർട്ടിയുടെയും ഉന്നത തലത്തിലേക്ക് വളർന്ന കർത്തായുടെ ജീവിതം ഒരു സിനിമാക്കഥ പോലെ അമ്പരപ്പിക്കുന്നതാണ്. ചെങ്ങന്നൂർ ടൗണിന് നടുവിൽ ആൽത്തറ ജങ്ഷനിലാണ് കർത്തായുടെ വീട്.
ദരിദ്രകുടുംബത്തിലാണ് ജനനം. ജീവിക്കാൻ വേണ്ടി ചായക്കട നടത്തുകയായിരുന്നു ആദ്യ കാലത്ത്. പിന്നീട് മുംബൈ വഴി ദുബൈയിലെത്തി. അവിടെ ഡ്രൈവർ ജോലിയും അല്ലറ ചില്ലറ പണികളുമായി ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിച്ചു. ഇതിനിടെ സ്പോൺസറായ അറബിയുമായി അടുക്കാൻ അവസരം കൈ വന്നു. നല്ലവനായ അറബി കർത്തായെ ചേർത്തു പിടിച്ചു. അയാളുടെ സഹോദരനെപ്പോലെ കരുതി വേണ്ടതെല്ലാം നൽകി. ഏറെ നാളിന് ശേഷം അറബി മരിച്ചതോടെ അറബിയുടെ കുടുംബത്തിന്റെ നടത്തിപ്പ് കർത്താ ഏറ്റെടുത്തു.
ഇതോടെ കർത്തായുടെ രാശി തെളിഞ്ഞു. ചെങ്ങന്നൂരിൽ കർത്തായുടെ കുടുംബം രക്ഷപ്പെട്ടു. ഇവിടെ നിന്ന് നിരവധി യുവാക്കളെ ഗൾഫിലേക്ക് തൊഴിലിനായി കൊണ്ടു പോയി. അവരിൽ ചിലർ കർത്തായുടെ അറബിയുടെ കുടുംബത്തോട് അദ്ദേഹം നാട്ടിൽ ഉണ്ടാക്കിയ വളർച്ചയെ കുറിച്ച് ധരിപ്പിച്ചു. ഇതോടെ അറബിയുടെ കുടുംബം കർത്തായെ പുറത്താക്കി എന്നൊരു കഥ നാട്ടിൽ പ്രചരിക്കുന്നുണ്ട്.
ഇതിനോടകം ദുബായിൽ തന്റെ പ്രവർത്തന മേഖല കർത്താ വിപുലീകരിച്ചിരുന്നു. അവിടെ പണം പലിശയ്ക്ക് കൊടുക്കുന്ന ബിസിനസും തുടങ്ങി. അങ്ങനെയിരിക്കേ ചെങ്ങന്നൂർ സ്വദേശിയായ ബിജെപി നേതാവ് കെഎസ് രാജൻ കർത്തായെ ബിജെപിയുടെ പ്രവാസി സെല്ലിന്റെ തലപ്പത്തേക്ക് കൊണ്ടു വന്നു. നാട്ടിൽ കോടീശ്വരനായ കർത്തായുടെ വീടും കാറും പണവുമൊക്കെ കണ്ടായിരുന്നു ഇദ്ദേഹത്തെ പാർട്ടിയിലേക്ക് കൊണ്ടു വന്നത്.
പിന്നീട് ചെങ്ങന്നൂർ വഴി കടന്നു പോകുന്ന ബിജെപി നേതാക്കളെല്ലാം തന്നെ കർത്തായുടെ വീട്ടിൽ വിശ്രമിക്കാനെത്തുമായിരുന്നു. അവർക്ക് എല്ലാ വിധ സൗകര്യങ്ങളും കർത്താ നൽകിപ്പോന്നു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ കർത്തായെ ബിജെപി ആലപ്പുഴ ജില്ലാ ട്രഷററായി. ആർഎസ്എസിന്റെയും ബിജെപിയുടെയും എല്ലാ നേതാക്കളെയും കർത്താ കൈയിലെടുത്തു.
ഇവരെല്ലാം നിത്യസന്ദർശകരുമായി. ചെങ്ങന്നൂർ ടൗണിന്റെ കണ്ണായ സ്ഥലങ്ങളിലെല്ലാം കർത്താ കെട്ടിടങ്ങൾ നിർമ്മിച്ചു വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. ഇതിനിടെ നഗരഹൃദയം കൈയേറി കർത്താ കെട്ടിടം നിർമ്മിച്ചുവെന്ന് നാലു വർഷം മുൻപ് ആരോപണമുയർന്നു. കർത്തായ്ക്കെതിരേ പരാതികൾ നിരവധി ചെന്നെങ്കിലും നിയമം ലംഘിച്ചുള്ള കെട്ടിട നിർമ്മാണം അയാൾ പൂർത്തിയാക്കുക തന്നെ ചെയ്തു.
എന്നാൽ, നഗരസഭ ഇതിന് നമ്പറിട്ട് നൽകിയിട്ടില്ല എന്നാണ് അറിയുന്നത്. മക്കളെയെല്ലാം പഠിപ്പിച്ച് ഉന്നത നിലയിലാക്കിയ കർത്തായ്ക്ക് ഇപ്പോഴും വിദേശത്ത് ബിസിനസ് സ്ഥാപനങ്ങളുണ്ട്.