- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ഒന്നരക്കോടിയിലധികം കാഴ്ചക്കാർ; കെജിഎഫ് 2 ടീസർ ആഘോഷമാക്കി ആരാധകർ
റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ഒന്നരക്കോടിയിലധികം കാഴ്ചക്കാരെ നേടി കെജിഎഫ് 2 ടീസർ. ഇതിനോടകം ഇരുപത് ലക്ഷം ലൈക്സും ഒരു ലക്ഷത്തിനു മുകളിൽ കമന്റ്സുമാണ് ടീസർ നേടിയത്. ഏറെ കാത്തിരുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയതോടെ സമൂഹ മാധ്യമങ്ങളിൽ ആഘോഷമാക്കുകയാണ് ആരാധകർ.
കഴിഞ്ഞ ദിവസമാണ് കാത്തിരിപ്പുകൾക്കൊടുവിൽ കെജിഎഫ് 2ന്റെ ടീസർ റിലീസ് ചെയ്തത്. ജനുവരി എട്ടിന് പുറത്തിറക്കാൻ തീരുമാനിച്ച ടീസർ ലീക്ക് ആയതിന് പിന്നാലെ ഒഫീഷ്യൽ ടീസർ അണിയറക്കാർ പുറത്തിറക്കുകയായിരുന്നു. യാഷ് അവതരിപ്പിക്കുന്ന റോക്കിയുടെ മെഗാ മാസ്സ് ആക്ഷൻ സീക്വൻസുകളാണ് ടീസറിലെ ഹൈലൈറ്റ്. തോക്കുകൾ തീ തുപ്പുമ്പോൾ പറക്കുന്ന ജീപ്പുകളും, മെഷിൻ ഗൺ ലൈറ്ററാക്കിയുള്ള റോക്കിയുടെ വരവുമെല്ലാം ടീസർ ആരാധകരെ ത്രില്ലടിപ്പിച്ചിരിക്കുകയാണ്.
ജനുവരി 8–ന് പുറത്തിറങ്ങുമെന്ന് പറഞ്ഞ ടീസർ ലീക്ക് ആയതോടെ കെജിഎഫ് 2 അണിയറക്കാർ പറഞ്ഞതിലും നേരത്തെ ചിത്രത്തിന്റെ ടീസർ ഒൗദ്യോഗികമായി പുറത്തിറക്കിയത്. കോലർ സ്വർണഖനിയുടെ കഥ പറയുന്ന ഇൗ ബ്രഹ്മാണ്ഡ കന്നഡ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ടീസറിനായി ആരാധകർ കാത്തിരിക്കുകയായിരുന്നു. അതിനിടെയാണ് ടീസർ ലീക്കാകുന്നതും അണിയറക്കാർ പ്രതിസന്ധിയിലാകുന്നതും.
സംവിധായകൻ പ്രശാന്ത് നീൽ, യാഷിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടായിരുന്നു ടീസർ പുറത്തിറക്കിയ വിവരം അറിയിച്ചത്. ‘ഒരിക്കൽ ഒരു വാഗ്ദാനം ചെയ്തു, ആ വാഗ്ദാനം പാലിക്കപ്പെടും!‘ എന്ന കുറിപ്പും അദ്ദേഹം പങ്കുവച്ചിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ പ്രതിനായക കഥാപാത്രമായ അധീരയായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ്.
മുഖ്യധാരാ കന്നഡ സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രം തിരുത്തിക്കുറിച്ച ചിത്രമാണ് 'കെജിഎഫ്'. ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തിൽ ബോളിവുഡ് താരം രവീണ ടണ്ടനും പ്രധാന വേഷത്തിൽ എത്തുന്നു. കന്നഡത്തിന് പുറമെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദർശനത്തിന് എത്തും. ഹോമബിൾ ഫിലിംസാണ് യഷിന്റെ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിക്കുന്നത്.
കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവച്ചിരുന്ന 'കെജിഎഫ് 2'ന്റെ ചിത്രീകരണം ഓഗസ്റ്റ് 26നാണ് പുനരാരംഭിച്ചത്. എന്നാൽ 90 ശതമാനം രംഗങ്ങളും കോവിഡ് പ്രതിസന്ധിക്കു മുൻപേ പൂർത്തിയാക്കിയിരുന്നു. ഇതിനിടെ കാൻസർ രോഗം ഉണ്ടെന്നു കണ്ടെത്തിയതിനെത്തുടർന്ന് സഞ്ജയ് ദത്ത് ചികിത്സയ്ക്കുവേണ്ടി ചിത്രീകരണത്തിൽ നിന്ന് ഇടവേളയെടുത്തിരുന്നു. 2018 ഡിസംബർ 21-നാണ് ചിത്രത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്. തെന്നിന്ത്യയിൽ ആകെ തരംഗം സൃഷ്ടിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്. കന്നഡയിൽ ഇതുവരെ നിർമ്മിക്കപ്പെട്ടതിൽ ഏറ്റവും നിർമ്മാണച്ചെലവേറിയ ചിത്രമായിരുന്നു കെ.ജി.എഫ്.