- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടി, വെടി, പൊക! തുടക്കം മുതൽ ആക്ഷനുമായി യുവാക്കൾക്ക് വേണ്ടി ഒരു ഉത്സവചിത്രം; നവീൻ കുമാർ ഗൗഡ എന്ന യാഷ് പാൻ ഇന്ത്യൻ ഹീറോയാവുന്നു; കൊടും വില്ലനായി വിളയാടി സഞ്ജയ് ദത്തും; കല്ലുകടിയാവുന്നത് പെരും കത്തികളും ഒട്ടും ലോജിക്കില്ലാത്ത ചില ഫൈറ്റുകളും; കെജിഎഫ് ചാപ്റ്റർ ടു ആൾക്കൂട്ടത്തിന്റെ പടം
അടി, വെടി, പൊക! നൂറുകോടി മുടക്കിയെടുത്ത ബ്രഹ്‌മാണ്ഡ ചിത്രം കെജിഎഫ് 2 അടിമുടി ഒരു ആക്ഷൻ ചിത്രമാണ്. തുടക്കം മുതൽ ഒടുക്കംവരെ തോക്കുകൾ തീതുപ്പന്ന ചിത്രം. യാഷ് ആരാധകരായ യുവാക്കളെ ആവേശത്തിന്റെ കൊടുമുടിയിൽ കയറ്റുന്ന ചിത്രം. അടുത്തകാലത്തൊന്നും കേരളത്തിൽ ഇത്രയും ആവേശത്തോടെ ജനം ഒരു ചിത്രത്തിത്തിനായി, ഇരച്ചുകറയുന്നത് കണ്ടിട്ടില്ല. അതിൽ 99 ശതമാനവും യുവാക്കളും കൗമാരക്കാരുമാണ്.
നവീൻ കുമാർ ഗൗഡ എന്ന 36വയസ്സുള്ള യാഷ് എന്ന നായകന്റെ പൂണ്ടുവിളയാട്ടമാണ് ചിത്രത്തിൽ. കെജിഫ് ഒന്നിനെപ്പോലെ ആരാധകരെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ യാഷിന്റെ റോക്കി കൊലമാസാണ്.മലയാളമടക്കം അഞ്ചുഭാഷകളിൽ മൊഴിമാറ്റി വന്ന ഈ ചിത്രം, അതുകൊണ്ടുതന്നെ, ഒരു പാൻ ഇന്ത്യൻ ഹിറ്റ് ആവുമെന്നും, വലിയ ഒരു സാമ്പത്തിക വിജയം ആവുമെന്നും ഉറപ്പാണ്.
പ്രശാന്ത് നീൽ എന്ന ചലച്ചിത്രകാരന്റെ ബ്രില്ല്യസ് ചിത്രത്തിൽ പ്രകടമാണ്. നാം ചിന്തിക്കുന്നത് മുമ്പാണ് കെജിഎഫിന്റെ കഥ മുന്നോട്ടു നീങ്ങുന്നത്.ലാഗടി ഒട്ടുമില്ല. ചിത്രം അൽപ്പം മന്ദഗതിയിൽ ആവുന്ന നായകന്റെ പ്രണയ രംഗങ്ങളിലാവട്ടെ തീയേറ്ററിൽ വൻ കൂക്കുമാണ്.
കൊമേർഷ്യലായി വൻ വിജയം ആവുമെങ്കിലും കലാപരമായി നോക്കുമ്പോൾ, ശരാശരിയാണ് ഈ ചിത്രം. കെജിഎഫ് ഒന്നിന്റെ നിലവാരത്തിലേക്ക് പോലും രണ്ട് എത്തിയിട്ടില്ല.നായകനെ കേന്ദ്രീകരിച്ചുള്ള തള്ളൽ ഡയലോഗുകളും, ചില പെരും കത്തി രംഗങ്ങളും ഒഴിവാക്കിയിരുന്നെങ്കിൽ ഈ ചിത്രം ഒന്നുകുടി നന്നാവുമായിരുന്നു.എന്നാൽ കഴിഞ്ഞ ദിവസം ഇറങ്ങിയ വിജയിയുടെ ബീസ്റ്റിനെപ്പോലെ, ഫാൻസ് അല്ലാത്തവരെ കൊണ്ട് വേസ്റ്റ് എന്ന് പറയിപ്പിക്കുന്ന ചിത്രവുമല്ല ഇത്.
രുധിരത്തിൽ കുളിച്ച കനകത്തിന്റെ കഥ
കെ ജി എഫ് എന്നത് കോലാർ ഗോൾഡ് ഫീൽഡ്സ് എന്നതിന്റെ ചുരുക്കാക്ഷരങ്ങൾ ആണ്.കെജിഎഫ് ഒന്ന് കണ്ടവർക്കാണ് ഈ ചിത്രത്തിന്റെ കഥ പെട്ടെന്ന് ദഹിക്കുക. 1951ൽ കോളാറിൽ സ്വർണനിക്ഷേപം ഉണ്ടെന്ന് കണ്ടുപിടിക്കപ്പെട്ട ദിവസം ജനിച്ച ഒരു ദരിദ്ര ബാലന്റെ ജീവിതവും സ്വർണഖനിയുടെ ചരിത്രവും സമാന്തരമായി അടയാളപ്പെടുത്തിക്കൊണ്ടാണ് കെജിഎഫ് ഒന്ന് മുന്നോട്ട് നീങ്ങിയത്. അവിടുത്തെ ഖനിത്തൊഴിലാളികളുടെ അടിമ ജീവിതവും പിന്നെ അവിടെയെത്തി അവരുടെ രക്ഷകനാവുന്ന റോക്കി എന്ന മുബൈ ഗ്യാങ്ങ്സ്റ്ററും. കെജിഎഫ് ഒന്നിന് തിരശ്ശീല വീഴുമ്പോൾ വില്ലനെ കൊന്ന് റോക്കി ആ സ്വർണ്ണ സാമ്രാജ്യത്തിന്റെ അധിപൻ ആവുകയാണ്.
കാളി പൂജയുടെ അന്ന് ഗരുഡയുടെ തലയറുത്ത റോക്കിയിലാണ് ആദ്യഭാഗം അവസാനിക്കുന്നത്. അന്ന് മുതൽ കെജിഎഫിലെ, മൃഗങ്ങളെപ്പോലെ കഴിഞ്ഞിരുന്നവരുടെ രക്ഷകനായി അയാൾ മാറി. അടിമകളെ രക്ഷിച്ചു.എന്നാൽ രക്തച്ചൊരിച്ചിൽ അവിടെ അവസാനിക്കുന്നില്ല.ഗുരഡയുടെ സഹോദനായ അധീര ( സഞ്ജയ് ദത്ത്) എന്ന കൊടും ക്രൂരൻ റോക്കിക്കെതിരെ രംഗത്ത് എത്തുന്നു. കെജിഎഫിന്റെ ഭരണം തിരിച്ചു പിടിക്കുക, തങ്ങളെ ചതിച്ച റോക്കിയെ ഇല്ലാതാക്കുക എന്നതാണ് അവരുടെ ലക്ഷ്യം. അവസാനം രാജ്യത്തിന്റെ പ്രധാന മന്ത്രിയുമായ രാമിക സെൻ വരെ. ഇവരെയെല്ലാം റോക്കി എതിരിടുന്നതിന്റെ ത്രസിപ്പിക്കുന്ന കഥയാണ് കെജിഎഫ് രണ്ട്. നായകനായ യാഷൂം വില്ലനായ മുൻ ഹോളിവുഡ് സൂപ്പർ സ്റ്റാർ സഞ്ജയ് ദത്തും തമ്മിലുള്ള ഫെറ്റാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.ഖൽനായക് പോലുള്ള ഒരുപാട് ചിത്രങ്ങളിലുടെ ഒരുകാലത്ത് യുവാക്കളുടെ ഹരമായ സഞ്ജയ് ദത്ത്, ഇപ്പോൾ വില്ലനായും തകർക്കുന്നു.
കെ ജി എഫ് ഒന്നിനനെപ്പോലെ അതിവേഗതയാണ് സിനിമയുടെ പ്രത്യേകത. 1951, മുതൽ 83വരെയുള്ള കാലഘട്ടങ്ങളിലൂടെ തലങ്ങും വിലങ്ങും ഫാസ്റ്റ്കട്ട് ചെയ്ത് നോൺ ലീനിയർ ആയി അവതരിപ്പിച്ച് ചിത്രം ആങ്ങോട്ട് ബുള്ളറ്റ് ട്രെയിൻ പോലെ പായുകയാണ്. നമുക്ക് ചിന്തിക്കാൻ കഴിന്നതിന് മുമ്പ് സീൻ മാറും. ഛായാഗ്രഹണം, പശ്ചാത്തലസംഗീതം, ആക്ഷൻ കോറിയോഗ്രാഫി, എന്നിവയെല്ലാം പടത്തെ വേറിട്ട അനുഭവമാക്കുന്നു.രാജമൗലി ആണ് സംവിധായകന്റെ മാനസഗുരു. ബാഹുബലിയടക്കമുള്ള മൗലിയുടെ ചില സ്റ്റാമ്പിങ്ങ് ഈ ചിത്രത്തിലുണ്ട്.
എഡിറ്റിംഗിലെ മികവിലൂടെ പ്രേക്ഷകരെ മറ്റൊരു തലത്തിലെത്തിക്കുന്നു.കെ.ജി.എഫ്-2ന്റെ മുഖ്യ എഡിറ്റർ 19കാരനായ ഉജ്ജ്വലാണ്. ഇത്രയും വലിയ ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ എഡിറ്ററായി ഒരു 19കാരൻ വന്നതിൽ അത്ഭുതപ്പെട്ടിരിക്കുകയാണ് സിനിമാ ലോകം.ശ്രീകാന്ത് ഗൗഡയായിരുന്നു കെ.ജി.എഫ് ആദ്യ ഭാഗത്തിന്റെ എഡിറ്റർ. രണ്ടാം ഭാഗത്തിന്റെ എഡിറ്ററായി ഉജ്ജ്വൽ കുൽക്കർണി വിജയിച്ചിട്ടുണ്ട്. ആദ്യഭാഗത്തിന്റെ ക്യാമാറാമാൻ ഭുവൻ ഗൗഡ തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.ആദ്യഭാഗത്തിന് സംഗീതമൊരുക്കിയ രവി ബസ്രൂർ തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും സംഗീതം.
പെരുംകത്തികൾ ഒട്ടേറെ
സത്യത്തിൽ സ്വർണ്ണഖനികളും അടിമ ജീവിതങ്ങളുമൊക്കെയായി, ഒരു ക്ലാസ് മൂവിക്കുള്ള എല്ലാ ചേരുവകളും ഉള്ള ചിത്രമായിരുന്നു ഇത്. പക്ഷേ വിജയിന്റെ ബീസ്റ്റിലെപ്പോലെ ഒന്നാന്തരമായി വികസിപ്പിക്കനുള്ള കഥയുടെ പലഭാഗങ്ങളും പെരും കത്തിയാക്കി നശിപ്പിച്ചു കളഞ്ഞു എന്ന് പറയാതിരിക്കാൻ ആവില്ല. ലോകമെമ്പാടുമുള്ള ഗ്യാങ്ങ്സറ്റർ വാർ മൂവീസിലൊക്കെ വീരാരാധന പ്രധാന ഘടകമാണ്. എന്നാൽ കെജിഎഫിലെ സപ്പോർട്ടിങ്ങ് ആക്റ്റേഴ്സിന്റെ ഒരു പ്രധാന തൊഴിൽ നായകനെ തള്ളുക എന്നതാണ്. എത്രതന്നെ തള്ളിമറിച്ചിട്ടിട്ടും അവർക്ക് മതിവരുന്നുമില്ല. നായകനുവേണ്ടി ബിൽഡപ്പുകൾ ആവാം, പക്ഷേ ഇത് വളരെയധികം ഓവർ ആയിപ്പോയി. റോക്കി എങ്ങോട്ട് തിരിഞ്ഞാലും മാസ് ബിജിഎം ആണ്. ഇത് കണ്ട് യാഷിന്റെ ആരാധകരമായ പിള്ളേർ ആർപ്പുവിളിക്കും. പക്ഷേ പൊതുജനത്തിന് ഇത് വലിയ ബോറായാണ് തോന്നുക.
വാർ-ഗ്യാങ്ങ്സ്റ്റർ മൂവീസിലൊക്കെ റിയലിസവും യുക്തിഭദ്രതയും പുർണ്ണമായും നമുക്ക് കണ്ടെത്താൻ കഴിയില്ല. എന്നാൽ ഓവറാക്കുന്നതിനൊക്കെ ഒരു പരിധിയില്ലേ.സർക്കസിലെ കത്തിയേറുപോലെയാണ് ഈ പടത്തിലെ വെടിവെപ്പ്. നായകന്റെ കക്ഷത്തിനും മൂക്കിനുമൊക്കെ തൊട്ടുരുമ്മി കടന്നുപോവും. സിൽവർസ്റ്റാർ സ്റ്റാലന്റെയും ആർണോഡ് ഷ്വാസനഗിന്റെയുമൊക്കെ ഇടിപ്പടങ്ങളിൽ നോക്കുക.അവിടെയൊക്കെ ഒരു പ്രാഥമിക യുക്തികാണും.വെടിവെപ്പിനിടെ തോക്ക് തെറിച്ചുപോവുന്ന രംഗമൊക്കെ സൃഷ്ടിച്ച് പ്രേക്ഷകന്റ വിശ്വാസ്യത നേടിയാണ് അവർ നേരിട്ട് ഏറ്റുമുട്ടുക.എന്നാൽ ഒറ്റവെടിക്ക് തീർക്കാനുള്ള അവസരം ഉണ്ടായാലും കെജിഎഫിലെ നായകനും വില്ലനും പരസ്പരം ബാഹുബലി മോഡലിൽ വാളും, കട്ടപ്പാരയും, ഹാമറുമൊക്കെയെടുത്ത് അടിച്ച് തീർക്കും.തോക്ക് കൈയിൽവെച്ചുകൊണ്ട് അതിന്റെ പാത്തികൊണ്ട് തലക്കടിക്കുക എന്ന യുദ്ധതന്ത്രം കെജിഎഫ് 2വിന് സ്വന്തം.!
ഇന്ത്യയുടെ പാർലിമെന്റും പ്രധാനമന്ത്രിയുടെ ഓഫീസുമൊക്കെ എങ്ങനെ പ്രവർത്തിക്കുന്നുവെന്നതിന്റെ യാതൊരു ധാരണയും സംവിധായകനില്ല. പ്രധാനമന്ത്രിയുടെ ഓഫീസിൽ നേരിട്ട് ഹാജരായി തന്നെ പിടിക്കാൻ വെല്ലുവിളിക്കുന്ന നായകൻ, സത്യത്തിൽ സൂപ്പർസ്റ്റാർ സരോജ്കുമാറിനെയാണ് ഓർമ്മിപ്പിക്കുന്നത്.എന്തൊരു ഹീറോയിസം! രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് സിബിഐ അന്വേഷിക്കുന്ന ക്രമിനൽ കൂളായി കടന്നുവന്ന്, പ്രധാനമന്ത്രിയെ ഭീഷണിപ്പെടുത്തുന്നു. ക്ലൈമാകസിൽ പാർലിമെന്റിൽ കയറി, പ്രധാനമന്ത്രി നോക്കിനിൽക്കെ വില്ലനെ വെടിവെച്ചിടുന്ന സീനിന്റെ കത്തിനോക്കുമ്പോൾ ഇതൊന്നും ഒന്നുമല്ല. അക്കണക്കിന് പ്രധാനമന്ത്രിയെ വെടിവെച്ച് കൊല്ലാത്തതിന് നാം സംവിധായകനോട് നന്ദി പറയണം!
രവീണാ ടാണ്ഡൻ അവതരിപ്പിച്ച വനിതാ പ്രധാനമന്ത്രിയായി ഇവിടെ ഉദ്ദേശിക്കുന്നത് ഇന്ദിരാഗാന്ധിയെ ആണെന്ന് എത് പൊട്ടനും മനസ്സിലാവും.ബാങ്ക് ദേശസാത്ക്കരണത്തിന്റെ സമയത്തൊക്കെ കോടികളുടെ അഴിമതി ആരോപണങ്ങൾ ഇന്ദിരക്ക് നേരെ ഉയർന്നിരുന്നുവെന്നത് സത്യമാണ്. പക്ഷേ അവർ ഭീഷണിക്ക് വഴങ്ങുന്നവർ ആയിരുന്നില്ല. ബംഗ്ലാദേശ് യുദ്ധത്തിൽ അമേരിക്കൻ ഭീഷണി മറികടന്ന് പാക്കിസ്ഥാനെ അടിച്ചിട്ട ഇന്ദിരയെ ഭീഷണിപ്പെടുത്തിയിരുന്നെങ്കിൽ, നമ്മുടെ റോക്കിയൊക്കെ വിവരം അറിഞ്ഞേനെ. അതുപോട്ടെ.വെറും കഥയല്ലേ എന്ന് സമാധാനിക്കാം. പക്ഷേ കഥയിൽ ഇത്ര കത്തി കയറ്റാമോ.
പരോക്ഷമായി കോൺഗ്രസിനെ വിമർശിക്കുന്നതുകൊണ്ട് ചിത്രം സംഘപരിവാർ അനുഭാവികളെ സുഖിപ്പിച്ചേക്കാം. ഇന്ന് ഖനി രാജക്കാന്മാർ എന്ന അറിയപ്പെടുന്ന ബെല്ലാരി- റെഡ്ഡി സഹോദരന്മാരൊക്കെ ഏത് പാർട്ടിക്ക് ഒപ്പമാണ് എന്നതും, ആരാണ് ഖനിമാഫിയയെ ഇന്ന് നിയന്ത്രിക്കുന്നത് എന്നതും എല്ലാവർക്കും അറിയാം.
കെജിഎഫ് ഒന്നാം ഭാഗത്തിൽ മൂംബൈയിലെ റൗഡിയായണ് യാഷിന്റെ കഥാപാത്രം തുടങ്ങുന്നത്. ക്ലൈമാക്സിൽ അയാൾ ഒരു സൗത്ത് ഇന്ത്യൻ ഗ്യാങ്്സ്റ്റർ ആയി. കെജിഎഫ് 2വിൽ അയാൾ ഇന്ത്യയെപ്പോലും വെല്ലുവിളിക്കുന്ന, രാജ്യത്തിന്റെ സകല ക്രിമിനൽ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്ന തലതൊട്ടപ്പൻ ആവുന്നു. കെജിഎഫ് മൂന്നിൽ ഇനി അമേരിക്കൻ സർക്കാറിനെപ്പോലും, നിയന്ത്രിക്കുന്ന ഒരു ബോസ് ഓഫ് ദി ബോസസ് ആയിട്ടായിരിക്കുമോ അയാളെ കാണാൻ കഴിയുക!
യാഷ് എന്ന സൂപ്പർ ഹീറോ
2018 ഡിസംബർ 21ന് മുമ്പും പിമ്പും എന്ന രീതിയിൽ വിഭജിക്കപ്പെട്ടയാണ് സാൻഡൽവുഡ് എന്ന് അറിയപ്പെട്ടുന്ന കന്നഡ സിനിമാ ഇൻഡസ്ട്രിയുടെ ചരിത്രം. അന്നാണ് സാക്ഷാൽ കെജിഎഫ് ചാപ്റ്റർ ഒന്ന് റിലീസ് ആയത്. യാഷ് എന്ന നായകനെക്കുറിച്ച് അക്കാലത്ത് ആരും കേട്ടിട്ടുപോലുമില്ലായിരുന്നു. എന്നാൽ 80 കോടി മുടക്കി ലോകമെമ്പാടും നിന്ന് 250 കോടിയിലേറെ കളക്ഷൻ നേടിയതോടെ അത് കന്നഡ ചലച്ചിത്രമേഖലയുടെപോലും പുതു ഉണർവായി . അഞ്ചുഭാഷകളിലേക്ക് മൊഴിമാറ്റപ്പെടുന്ന ആദ്യ കന്നഡ ചിത്രമാണ് കെജിഫ് ഒന്ന്. ബുദ്ധിജീവികളുടെ നാടായ കേരളത്തിൽപോലും യുവാക്കൾ കെജിഎഫിന് ക്യുനിന്നത് നമ്മുടെ സംവിധായകരെയും ഞെട്ടിച്ചിരുന്നു.
ഒരു പാൻ ഹിറ്റാവുന്ന ആദ്യ കന്നഡ ചിത്രവും കെജിഎഫ് ഒന്നാണ്. അതോടെ കന്നഡ സിനിമകളുടെ മൊത്തത്തിലുള്ള പരിതാപകരമായ അവസ്ഥയും മാറി. അതുവരെ തീർത്തും സബ് സറ്റാൻഡേർഡ് എന്ന് അറിയപ്പെട്ടിരുന്നു സാൻഡൽവുഡ് സിനിമക്ക് ഒടിടിയിലടക്കം ഡിമാന്റ് കൂടി. നേരത്തെ പുനിത് രാജ്കുമാർ എന്ന ഒരേ ഒരു സൂപ്പർസ്റ്റാർ മാത്രമായിരുന്നു കന്നഡക്ക് പുറത്ത് ആധുനികാലത്ത് അറിയപ്പെട്ടിരുന്നത്. മുമ്പ് പുനിതിന്റെ പിതാവ് രാജ്കുമാറും വിഷു്ണുവർധനും. പുതിയ കാലത്ത് ഹിന്ദി- തെലുങ്ക് സിനിമകളുടെ ആധിപത്യത്തെ തുടർന്ന് ചത്തുകൊണ്ടിരിക്കുന്ന കന്നഡ സിനിമയെയാണ് കെജിഎഫ് പുനരുജ്ജീവിപ്പിച്ചത്.
ഇന്ത്യയിൽ സിനിമയിൽ ഇത് ദക്ഷിണ്യേന്ത്യയുടെ കാലമാണ്. മണിരത്നവും, രാംഗോപാൽ വർമ്മയും, പ്രിയദർശനും എ ആർ റഹ്‌മാനുമൊക്കെ കത്തി നിന്ന ആ കാലം വീണ്ടും തിരിച്ചുവരികയാണ്. രാജമൗലിയെയയും, കെജിഎഫിന്റെ സംവിധാകയൻ പ്രശാന്ത് നീലുമൊക്കെ അതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. തെലുങ്കിൽ ബാഹുബലിയെന്ന ഒറ്റപ്പടത്തോടെ പ്രഭാസ് ഒരു പാൻ ഇന്ത്യൻ നായകനായി. ഇപ്പോൾ അല്ലുഅർജുന്റെ പുഷ്പയും ഓൾ ഇന്ത്യാ ഹിറ്റായി. ഇപ്പോഴിതാ കെജിഎഫിലുടെ യാഷും.
നവീൻ കുമാർ ഗൗഡ എന്നാണ് യാഷിന്റെ ശരിക്കുള്ള പേര്.36കാരനായ ഈ പുതിയ സൂപ്പർതാരം കർണ്ണാടകയിലെ ഹാസൻ ജില്ലയിലെ ഒരു ബസ് കണ്ടക്ടറുടെ മകനാണ്. ഇന്ന് യാഷ് ഇന്ത്യയെമ്പാടും തരംഗം തീർത്തിരിക്കുന്നു. കെജിഫ് ചാപ്റ്റർ 2വിന്റെ പ്രമോഷനുവേണ്ടി കേരളത്തിൽ എത്തിയപ്പോൾ, ആയിരങ്ങളാണ് യാഷിൻെ കാണാൻ തടിച്ചുകൂടിയത്. യാഷിന് വേണ്ടി കേരളത്തിലെ മലയോര ഗ്രാമങ്ങളിൽ പോലും ഉത്സവം നടക്കുകയാണിപ്പോൾ. കേരളത്തിലെ മുഴുവൻ തീയേറ്ററുകളിലും ഈ വിഷുക്കാലത്ത് ഹൗസ് ഫുള്ളായാണ് കെജിഫ് ചാപ്റ്റർ 2 പ്രദർശിപ്പിക്കുന്നത്.
യാഷിനായി അലറിവിളിക്കുന്ന കേരളത്തിലെ യുവാക്കാൾ സത്യത്തിൽ നമ്മുടെ സൂപ്പർതാരങ്ങളോടും യുവതാരങ്ങളോടും സംവിധായകരോടും ഒരുപാട് കാര്യങ്ങൾ വിളിച്ചു പറയുന്നുണ്ട്. ഈ യുവാക്കളുടെ ടേസ്റ്റിനും ട്രൻഡിനും അനുസരിച്ചുള്ള ഒരു പടം എടുക്കാൻ ഇവർക്ക് ഇതുവരെ കഴിഞ്ഞിട്ടുണ്ടോ. ഒടിടിക്ക് നന്ദി പറയുക. മിന്നിൽ മുരളിയെ ലോകവ്യാപകമായി കാണിച്ചതിനും, ഇന്ത്യൻ ഹിറ്റാക്കിയതിനും. മിന്നൽ മുരളിക്ക് ശേഷം ഒരു ഇന്ത്യൻ ഹിറ്റ് എന്ന് പറയാവുന്ന ചിത്രം ഉണ്ടായിട്ടില്ല. അങ്ങനെ ലോകവിപണിയിലേക്ക് മലയാളത്തിന്റെ വാതിൽ തുറക്കാനുള്ള ഒരു അവസരമാണ്, മരക്കാറിലുടെ പ്രിയദർശൻ കളഞ്ഞു കുളിച്ചത്.
വാൽക്കഷ്ണം: കെജിഎഫ് ഒന്നാം ഭാഗം കണ്ടിട്ടില്ലാത്തവർ നിർബന്ധമായും അത് കണ്ടേ ഈ ചിത്രത്തിന് കയറാവു. എന്നാലെ നിങ്ങൾക്ക് കഥയിലേക്ക് പെട്ടെന്ന് കയറാൻ കഴിയു. അതുപോലെ ചിത്രം കഴിഞ്ഞിട്ട് ടൈറ്റിൽ കാർഡുകൾ കണ്ട ഉടനെ ഇറങ്ങിപ്പോവുകയും അരുത്. അതുകഴിഞ്ഞിട്ടാണ് കെജിഫ് 3ക്ക് ആധാരമായ രഹസ്യം സംവിധായൻ ഒളിപ്പിച്ച് വെക്കുന്നത്.
(വിഷുവും ദുഃഖവെള്ളിയും കണക്കിലെടുത്ത് നാളെ(15-04-2022) മറുനാടൻ മലയാളിക്ക് സമ്പൂർണ്ണ അവധിയായതിനാൽ പോർട്ടലിൽ അപ്‌ഡേഷൻ ഉണ്ടായിരിക്കുന്നതല്ല: എഡിറ്റർ)
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ