തിരുവനന്തപുരം: ആയുർവേദ പോസ്റ്റ് ഗ്രാജുവെറ്റ്‌സിനു വിവിധ തരം ശസ്ത്രക്രിയകൾ ചെയ്യാമെന്ന സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിന്റെ ഉത്തരവിൽ പ്രതിഷേധിച്ച് കെജിഎംസിടിഎയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് അദ്ധ്യാപകർ വെള്ളിയാഴ്ച ഒപി ബഹിഷ്‌കരിക്കുന്നു. അടിയന്തര സ്വഭാവമുള്ള ചികിത്സകളും കോവിഡ് ചികിത്സയും ഒഴികെയുള്ള ജോലി ബഹിഷ്‌കരിക്കരണം ഐ എം എ രാജ്യവ്യാപകമായി പ്രഖ്യാപിച്ചിരുന്നു.

കേരളത്തിലെ മെഡിക്കൽ കോളേജ് ഡോക്ടർമാർ കെജിഎംസിടിഎയുടെ നേതൃത്വത്തിൽ സമരത്തിൽ പങ്കുചേരും. ആയുർവേദ പോസ്റ്റ് ഗ്രാജുവെറ്റ്‌സിനു വിവിധ തരം ശസ്ത്രക്രിയകൾ ചെയ്യാമെന്ന് സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിൻ ഉത്തരവ് ഇറക്കിയിരുന്നു. പുതിയതായി ഇറക്കിയ ഗസറ്റ് നോട്ടിഫിക്കേഷനിലാണ് വിവിധ തരം ശാസ്ത്രക്രിയകൾ ഗ്രാജുവെറ്റ്‌സിന്റെ സിലബസ്സിൽ ഉൾപ്പെടുത്തിയത്.

നിതി അയോഗിന്റെ കീഴിൽ പല വിധ സമിതികൾ ഉണ്ടാക്കി, പലതരത്തിലുള്ള ചികിത്സരീതികൾ അശാസ്ത്രീയമായി കൂട്ടിയിണക്കാനുള്ള ഒരു തീരുമാനത്തിന്റെ ഭാഗമാണ് ഈ നീക്കം.
ഇതു മോഡേൺ മെഡിസിന്റെ അടിത്തറ മാത്രമല്ല, തനതായ ആയുഷ് ചികിത്സാരീതികളുടെ അടിത്തറകൂടി നശിപ്പിക്കുമെന്ന് കെ ജി എം സി ടി എ വ്യക്തമാക്കി. കെജിഎംസിടിഎ എക്കാലത്തും വിവിധ തരം ചികിത്സരീതികളെ ആശാസ്ത്രീയമായി ചേർത്ത് മിക്‌സോപ്പതി പ്രാക്ടീസ് ചെയ്യുന്നതിനെ എതിർത്തിരുന്നു.
ശാസ്ത്രീയമായ ആധുനിക വൈദ്യശാസ്ത്രവും പ്രാചീനമായ മറ്റു ചികിത്സാരീതികളും കൂട്ടിക്കലർത്തുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുന്നത്. ആധുനിക വൈദ്യശാസ്ത്രത്തെ നിരന്തരം വിമർശിക്കുന്ന ചികിത്സാവിഭാഗങ്ങൾ , ഇപ്പോൾ ആധുനിക വൈദ്യശാസ്ത്രരീതികൾ സിലബസ്സിൽ ഉൾപ്പെടുത്തുന്നത് തികച്ചും അത്ഭുതകരമാണ്.

മോഡേൺ മെഡിസിനിൽ അഞ്ചു വർഷം പഠനത്തിന് പുറമെ, ശസ്ത്രക്രിയയിൽ മൂന്നു വർഷം പ്രത്യേക ഉപരിപഠനം നടത്തിയവരാണ് നിലവിൽ ശസ്ത്രക്രിയ പ്രാക്ടീസ് ചെയ്യുന്നത്.ഈ അവസരത്തിൽ, ആയുഷ് വിഷയങ്ങൾ മാത്രം പഠിച്ചവർ, പിൻവാതിലിലൂടെ ശസ്ത്രക്രിയ പഠിക്കുകയും നടത്തുകയും ചെയ്യുന്നത്, പൊതുജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന ആശങ്കയുമുണ്ട്. ഗ്രാമങ്ങളിൽ ചികൽസിക്കുവാനാണ് ഇത്തരം സംരംഭങ്ങൾ ഉണ്ടാക്കുന്നതെന്ന് പറയുമ്പോൾ തന്നെ, ശസ്ത്രക്രിയ ശാസ്ത്രീയമായി പഠിക്കാത്ത മുറി ശസ്ത്രക്രിയ വിദഗ്ദരെ സൃഷ്ടിക്കുന്നത് പൊതുജനങ്ങൾക്കു കൂടുതൽ പ്രശ്‌നങ്ങൾ മാത്രമേ ഉണ്ടാക്കൂവെന്ന കാര്യവും മനസ്സിലാക്കണം.

ശസ്ത്രക്രിയകൾക്ക് വേണ്ട അനസ്‌തേഷ്യ , ബ്ലഡ് ബാങ്ക്, ആന്റിബയോട്ടിക്‌സ് , മറ്റു മരുന്നുകൾ എന്നിവയിൽ നിലവിൽ യാതൊരു ട്രെയിനിംഗും ലഭിക്കാത്ത ചികിത്സവിഭാഗം എങ്ങനെ വിവിധ തരം ശസ്ത്രക്രിയകളുമായി മുന്നോട്ടു പോകുമെന്നു കണ്ടറിയണം. അതുപോലെ ഗ്രാമങ്ങളിലെ മനുഷ്യരെ ചികിൽസിക്കാൻ ഇതുപോലുള്ള അശാസ്ത്രീയ കുറുക്കുവഴികൾ തേടുമ്പോൾ യഥാർത്ഥത്തിൽ ഗ്രാമീണർക്ക് ഗുണനിലവാരം കുറഞ്ഞ ചികിത്സയാണ് ലഭിക്കുക.

സമരത്തിന്റെ ഭാഗമായി ഡിസംബർ 11നു വെള്ളിയാഴ്ച രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെ കോവിഡ് രോഗികളുടെ ചികിത്സകൾ, അത്യാഹിത - അടിയന്തര സ്വഭാവമുള്ള സർവീസുകൾ, അടിയന്തിര ശസ്ത്രക്രിയകൾ, ലേബർ റൂം, ഇൻപേഷ്യന്റ് കെയർ, ഐ സി യൂ കെയർ, തുടങ്ങിയ ജോലികൾ ഒഴികയുള്ള ജോലികൾ ബഹിഷ്‌കരിക്കാനാണ് തീരുമാനമെന്ന് കെ ജി എം സി ടി എ സംസ്ഥാന സമിതി പ്രസിഡന്റ് ഡോ എസ് ബിനോയ്, സെക്രട്ടറി ഡോ നിർമ്മൽ ഭാസ്‌കർ എന്നിവർ അറിയിച്ചു.രാജ്യമെമ്പാടുമുള്ള ഡോക്ടർമാരെ പ്രതിഷേധത്തിലേക്ക് തള്ളിവിടാതെ കേന്ദ്രസർക്കാർ ഉടനടി ഈ തീരുമാനം പിൻവലിക്കണമെന്ന് കെജിഎംസിടിഎ സംസ്ഥാനസമിതി ആവശ്യപ്പെട്ടു