പയ്യന്നൂർ: 'പഴയ ഖാദി അല്ല പുതിയ ഖാദി' എന്ന സന്ദേശവുമായി ഖാദിയുടെ കാക്കി നിറത്തിലുള്ള തുണി പുറത്തിറക്കി. പയ്യന്നൂർ ഖാദി കേന്ദ്രമാണ് കാക്കിത്തുണി നെയ്തെടുത്തത്. പയ്യന്നൂരിലെ ഓട്ടോ തൊഴിലാളികൾ ഇനി ഈ കാക്കി അണിയും. ഓട്ടോ തൊഴിലാളികൾക്കിടയിൽ ഇത്തരത്തിൽ ഖാദി ജനപ്രിയമായാൽ മാറ്റാളുകളിലേക്കും പദ്ധതി വ്യാപിക്കുക എന്നുള്ള ലക്ഷ്യം ഉണ്ട്.

കാക്കി ഖാദിയാവും ഇനി പയ്യന്നൂരിലെ ഓട്ടോറിക്ഷ ഡ്രൈവർമാരുടെ യൂനിഫോം. മുന്നൂറോളം ഡ്രൈവർമാരാണ് ഖാദിക്കായി കൈകോർക്കുന്നത്. ഇതു സംബന്ധിച്ച് തൊഴിലാളി നേതാക്കൾ ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജനുമായി ആശയ വിനിമയം നടത്തി. സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിനു പേരു കേട്ട പയ്യന്നൂരിലെ ഓട്ടോ ഡ്രൈവർമാരുടെ നീക്കം ശ്ലാഘനീയമാണെന്ന് പി ജയരാജൻ പറഞ്ഞു.

ഖാദി ധരിക്കുന്നതോടെ യൂനിഫോം ഖാദിയാക്കിയ കേരളത്തിലെ ആദ്യ ഡ്രൈവർമാരായി പയ്യന്നൂരിലെ ഓട്ടോ തൊഴിലാളികൾ മാറും.ഖാദി കൂടുതൽ സാധാരണക്കാർക്കിടയിൽ ജനപ്രിയം ആക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മറ്റു തുണിത്തരങ്ങൾ പോലെ ഖാദിയും എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് ഖാദി ബോർഡ് ലക്ഷ്യം ഇടുന്നത്.