കണ്ണൂർ: പാപ്പിനിശേരിയിൽ ഖാദി ബോർഡിന്റെ വിവാദമായ പദ്ധതിക്ക് 50 കോടി വായ്പ തേടി സെക്രട്ടറി കെ.എ.രതീഷിന്റെ കത്ത് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വിജയരാജന്. 50 കോടിരൂപ വായ്പയായി നൽകാൻ സഹകരണ ബാങ്കുകൾക്ക് ജയരാജൻ നിർദ്ദേശം നൽകണമെന്നാണ് കത്തിലെ ഉള്ളടക്കം. വായ്പയെടുക്കാൻ സിപിഎം നേതാവിന് കത്തയച്ചുകൊണ്ടുള്ള ഖാദി സെക്രട്ടറിയുടെ നീക്കത്തെ തള്ളിപ്പറഞ്ഞ് ബോർഡ് ചെയർപേഴ്സൺ ശോഭനാ ജോർജ് രംഗത്തെത്തി. പദ്ധതിക്ക് വേണ്ടി ഫണ്ട് ആവശ്യപ്പെട്ട് കത്തയക്കാൻ കെ എ രതീഷിനെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ശോഭനാ ജോർജ് പറഞ്ഞു.കെ എ രതീഷ് കത്തയച്ചത് തെറ്റാണ്. കത്തയക്കാൻ ഖാദി ബോർഡ് അനുമതി നൽകിയിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.

പദ്ധതിക്ക് വേണ്ടി വഴിവിട്ട നീക്കങ്ങൾ നടക്കുന്നതായി നേരത്തെ വാർത്തകൾ വന്നിരുന്നു. അതിന് ബലം പകരുന്ന രീതിയിലാണ് ജയരാജന് കെ.എ.രതീഷ് കത്തയച്ചെന്ന വിവരം പുറത്തുവരുന്നത്. . അനുകൂലമായ നിർദ്ദേശം ലഭിച്ചാൽ വിശദമായ പ്രൊജക്ട് റിപ്പോർട്ടും രേഖകളും ബാങ്കുകൾക്ക് സമർപ്പിക്കുമെന്നും രതീഷ് സർക്കാർ ലെറ്റർ ഹെഡിൽ അയച്ച കത്തിലുണ്ട്.

പാപ്പിനിശേരി-പിലാത്തറി കെഎസ്ടിപി റോഡിനോട് ചേർന്നുള്ള സർക്കാരിന്റെ ഒന്നരയേക്കർ ഭൂമിയിലാണ് 50 കോടിയുടെ പദ്ധതി. ഖാദി ഡയറക്ടർ ബോർഡിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കാതെയും സാങ്കേതിക അനുമതി വാങ്ങാതെയുമാണ് കെട്ടിടത്തിന് തറക്കല്ലിട്ടത്. ഇത് വ്യാപകമായി വിമർശനങ്ങൾക്ക് ഇട വരുത്തിയിരുന്നു. സംഭവം വിവാദമായതോടെ മാസങ്ങൾക്ക് മുമ്പേയുള്ള തീയതിയിട്ട് ഫയൽ കൃത്രിമമായുണ്ടാക്കുകയും ഭരണാനുമതിക്കായി സർക്കുലർ ഇറക്കുകയും ചെയ്തു. കശുവണ്ടി കോർപറേഷൻ അഴിമതിക്കേസിൽ പ്രതിയായ രതീഷ് പദ്ധതി ക്രമപ്പെടുത്താൻ കൃത്രിമം കാണിക്കുകയാണെന്ന റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഒരു ഉദ്യോഗസ്ഥൻ അതും അഴിമതിക്കേസിൽ പ്രതിയായ ഉദ്യോഗസ്ഥൻ സിപിഎം ജില്ലാ സെക്രട്ടറിക്ക് കത്തയച്ചതിന്റെ അനൗചിത്യവും ഇനി ചോദ്യംചെയ്യപ്പെടുമെന്ന് ഉറപ്പാണ്.

രതീഷിന്റെ കത്ത്

ബഹുമാന്യ എം വി ജയരാജൻ അവർകൾക്ക്,

കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിന് കണ്ണൂർ പാപ്പിനിശ്ശേരിയിൽ 1.58 ഏക്കർ വസ്തു ഉണ്ട്. ഹാജി റോഡ്, പാപ്പിനിശ്ശേരി, എൻ എച്ച് ബൈപ്പാസിലുള്ള ഈ വസ്തുവിൽ ഒരു കൊമേഴ്സ്യൽ കോംപ്ലക്സ് സ്ഥാപിക്കുന്നതിനാവശ്യമായ തുക ലോണായി ലഭിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിച്ചപ്പോൾ കണ്ണൂരിലുള്ള സഹകരണ ബാങ്കുകൾക്ക് സഹായിക്കാൻ കഴിയുമെന്ന് മനസിലാക്കുന്നു.

ഖാദിബോർഡിന്റെ കൊമേഴ്സ്യൽ കോംപ്ലക്സ് നിർമ്മിക്കുന്നതിനായി 50 കോടി രൂപ ലോണായി ഒന്നോ, ഒന്നിലധികം സഹകരണ ബാങ്കുകൾ ചേർന്നോ നൽകുന്നതിനുള്ള നിർദ്ദേശം ബന്ധപ്പെട്ടവർക്ക് നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.

അനുകൂലമായ നിർദ്ദേശം ലഭിച്ചാൽ വിശദമായ പ്രൊജക്ട് റിപ്പോർട്ടും രേഖകളും ബാങ്കുകൾക്ക് സമർപ്പിക്കും.

അങ്ങയുടെ തീരുമാനവും നിർദ്ദേശവും അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

വിശ്വസ്തതയോടെ

ഡോ. കെ എ രതീഷ് സെക്രട്ടറി

കെ.എ.രതീഷിനെതിരെ സിബിഐയും

കശുവണ്ടി വികസന കോർപ്പറേഷനിലെ അഴിമതിയിൽ ഐ.എൻ.ടി.യു.സി. നേതാവ് ആർ. ചന്ദ്രശേഖരൻ, മുൻ എം.ഡി. കെ.എ. രതീഷ് എന്നിവർക്കെതിരേ സിബിഐ. ഹൈക്കോടതിയിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് നൽകിയിരുന്നു. കോർപറേഷനിലെ അഴിമതിയിൽ വ്യക്തമായ തെളിവുണ്ടെന്നും ഇരുവരും ജെ.എം.ജെ. ട്രേഡേഴ്സുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്നും സിബിഐ. ഹൈക്കോടതിയെ അറിയിച്ചിരുന്നു.

അഴിമതിയിലൂടെ കോർപ്പറേഷന് കോടികളുടെ നഷ്ടമുണ്ടാക്കി. നാലരക്കോടിയുടെ നഷ്ടം ഇതുവരെ കണ്ടെത്തി. വലിയ തട്ടിപ്പാണ് നടന്നിരിക്കുന്നത്. അതിനാൽ ഇനിയും അന്വേഷണം നടത്തേണ്ടതുണ്ട്. എന്നാൽ അത് പരിശോധിക്കാൻ ആവശ്യമായ രേഖകൾ കോർപ്പറേഷന്റെ കൈവശമില്ലെന്നും സിബിഐ. ഹൈക്കോടതിയെ അറിയിച്ചു.

കശുവണ്ടി വികസന കോർപ്പറേഷനിലെ അഴിമതിയിൽ കൊല്ലം സ്വദേശി കടകംപള്ളി മനോജ് നൽകിയ പരാതിയിലാണ് ഹൈക്കോടതി സിബിഐ. അന്വേഷണത്തിന് ഉത്തരവിട്ടത്. കോർപ്പറേഷനിൽ 500 കോടിയുടെ അഴിമതി നടന്നെന്നായിരുന്നു ആരോപണം. എന്നാൽ കേസിൽ കെ.എ. രതീഷിനെയും ആർ. ചന്ദ്രശേഖരനെയും പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നൽകിയില്ല. ഈ ഹർജിയിലാണ് സിബിഐ. പുതിയ വിവരങ്ങൾ കോടതിയെ അറിയിച്ചത്.

രതീഷിന്റെ ശമ്പളം ഇരട്ടിയാക്കാനും സർക്കാർ നീക്കം

ഖാദി ബോർഡ് സെക്രട്ടറിയായ കെ എ രതീഷിന്റെ ശമ്പളം ഇരട്ടിയാക്കാനാണ് നീക്കം രണ്ടുമാസം മുമ്പ് വിവാദമായിരുന്നു. 80000 രൂപയിൽ നിന്ന് 1,70,000 രൂപയാക്കാൻ കെ എ രതീഷ് തന്നെ സർക്കാരിന് കത്ത് നൽകിയിരുന്നു.

നേരത്തെ ഇൻകെൽ എംഡി സ്ഥാനത്തിരുന്ന രതീഷിന് 1,70,000 രൂപയായിരുന്നു ശമ്പളം. ഇൻകെലിൽ നിന്നും ഖാദി ബോർഡ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് എത്തിയപ്പോൾ 80,000 രൂപയായി കുറഞ്ഞു. ഖാദി ബോർഡിൽ സെക്രട്ടറിക്കാണ് ശമ്പളം വർധിപ്പിക്കുന്നതിനുള്ള അനുമതിയുള്ളത്. ഈ അധികാരം ഉപയോഗിച്ചാണ് കെ എ രതീഷ് തന്നെ ശമ്പളം ഇൻകെലിലെ ശമ്പളത്തിന് സമാനമാക്കാൻ അംഗീകാരം തേടിയത്. തോട്ടണ്ടി അഴിമതിക്കേസിൽ സർക്കാർ സിബിഐയ്ക്ക് പ്രോസിക്യൂഷൻ അഴിമതി നിഷേധിച്ചതിനു പിന്നാലെയാണ് ശമ്പള വർധനവിനും നീക്കം നടന്നത്. വിജിലൻസ് എഴുതിത്ത്ത്ത്തള്ളിയ അഴിമതി കേസിൽ സിബിഐയാണ് ഗുണനിലവാരം കുറഞ്ഞ തോട്ടണ്ടി വാങ്ങിയതിലൂടെ കോർപറേഷന് വലിയ നഷ്ടമുണ്ടായതായി കണ്ടെത്തിയത്.