കൽബ: അന്താരാഷ്ട്ര വിമാനത്താവള ഹബ് പട്ടികയിൽ കേരളത്തിലെ വിമാനത്താവളങ്ങളെ കൂടെ ഉൾപ്പെടുത്തണമെന്ന് കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് ജനറൽ സെക്രട്ടറി കെ സി അബൂബക്കർ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. കേരളം പട്ടികയിൽ നിന്നും പുറത്താകുന്നത് വിമാനത്താവള വികസനത്തെയും സൗകര്യങ്ങളുടെ വിപുലീകരണത്തേയും സാരമായി ബാധിക്കും.

20ൽ അധികം വിദേശ വിമാന കമ്പനികൾ സർവ്വീസ് നടത്തുകയും കൂടുതൽ വിദേശ യാത്രക്കാർ ഉപയോഗിക്കപ്പെടുകയും ചെയ്യുന്ന കേരളത്തിലെ വിമാനത്താവളങ്ങളെ അവഗണിക്കുന്നത് പ്രതിഷേധാർഹമാണ്. കേന്ദ്രത്തിലെ മോദി സർക്കാർ കേരളത്തോടും പ്രവാസിസമൂഹത്തോടും കാണിക്കുന്ന നിഷേധാത്മക നിലപാടുകളുടെ തുടർച്ചയാണിതെന്നും അദ്ദേഹം പറഞ്ഞു. മോദി സർക്കാരിന്റെ നിലപാടിനെതിരെ പ്രവാസി സമൂഹം മുന്നോട്ട് വരണം.