മനാമ: സതേൺ ഗവർണറേറ്റിലെ വലിയ പാർക്കുകളിൽ ഒന്നായ റിഫ ഖലീഫ അൽ കുബ്ര പാർക്കിൽ സന്ദർശന ഫീസ് ഏർപ്പെടുത്താൻ സാധ്യത. ഒരാൾക്ക് 300 ഫിൽസ് വീതം പ്രവേശന ഫീസ് ഈടാക്കാനാണ് തീരുമാനം.

ഇവിടെയെത്തുന്ന ചില സന്ദർശകരിൽ ചിലർ പാർക്കിലെ സൗകര്യങ്ങളെ ദുരുപയോഗം ചെയ്യുന്നതിനെ തുടർന്നാണ് പാർക്കിലേയ്ക്ക് പ്രവേശിക്കുന്നതിന് ഫീസ് ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കുന്നതെന്നാണ് സൂചന.

വിദേശികളാണ് പ്രധാനമായും ഇത്തരം പ്രവൃത്തികൾക്ക് പിന്നിലുള്ളത്. പാർക്ക് അറ്റകുറ്റ പണികൾക്കായി പലപ്പോഴും വൻ തുകയാണ് ചെലവാക്കേണ്ടതായി വരുന്നതെന്നും അധികൃതർ ചൂണ്ടിക്കാട്ടി.പാർക്കിൽ ഉൾക്കൊള്ളാവുന്നതിലും അധികം സന്ദർശകരാണ് ഇപ്പോൾ എത്തുന്നത്. ഫീസ് ഏർപ്പെടുത്തുന്നതിലൂടെ സന്ദർശകരുടെ എണ്ണം കുറയ്ക്കാനാകും. പത്ത് സുരക്ഷാ ജീവനക്കാരും 20 തൊഴിലാളികളുമാണ് പാർക്കിന്റെ മേൽനോട്ടം വഹിക്കുന്നത്. പലപ്പോഴും ഇത്രയും ജീവനക്കാരെ കൊണ്ട് പാർക്കിലെ തിരക്ക് നിയന്ത്രിക്കാൻ കഴിയുന്നില്ലെന്നും സതേൺ മുനിസിപ്പൽ കൗൺ!സിൽ ചെയർമാൻ പറഞ്ഞു.

മരങ്ങളും ചെടികളും പുൽതകിടകളുമായി 26,000 സ്‌ക്വയർ മീറ്റർ വിസ്തൃതിയിലാണ് പാർക്ക് നിർമ്മിച്ചിരിക്കുന്നത്. കൂടാതെ 3000 സ്‌ക്വയർ മീറ്റർ വിസ്തൃതിയിൽ കുട്ടികൾക്കായി കളിസ്ഥലവും സജ്ജീകരിച്ചിരിക്കുന്നു.