മലപ്പുറം:വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് ഖമറുന്നിസ അൻവർ ബിജെപിക്ക് പ്രവർത്തനഫണ്ട് നൽകിയതിനെച്ചൊല്ലിയുണ്ടായ വിവാദത്തിന് മാപ്പപേക്ഷയോടെ വിരാമം. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് ഖമറുന്നിസ അൻവർ നൽകിയ മാപ്പപേക്ഷ അംഗീകരിച്ച് നടപടികൾ ഒഴിവാക്കുകയാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദ് പറഞ്ഞു. ആർക്കും തെറ്റുപറ്റാമെന്നും തിരുത്തുകയും ആവർത്തിക്കില്ലെന്ന് ഉറപ്പുനൽകുകയും ചെയ്യുന്നവരെ സ്വീകരിക്കുന്നതാണ് പാർട്ടിനയമെന്നും അദ്ദേഹം പറഞ്ഞു. വാർത്തകൾ തെറ്റിദ്ധാരണാജനകമാണെന്ന് ഖമറുന്നിസയുടെ കത്തിൽ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം തിരൂരിലെ വസതിയിലെത്തിയ ബിജെപി ജില്ലാ, നിയോജകമണ്ഡലം ഭാരവാഹികൾക്ക് പ്രവർത്തനഫണ്ടിലേക്ക് ഖമറുന്നിസ ആദ്യസംഭാവന നൽകുകയും അതിനുശേഷം ചാനൽ റിപ്പോർട്ടർമാരോട് ബിജെപിയെക്കുറിച്ച് സംസാരിക്കുകയും ചെയ്തതാണ് വിവാദമായത്. ഇന്നലെ ഉച്ചയ്ക്കുതന്നെ പാർട്ടിക്ക് മാപ്പപേക്ഷ നൽകി. വീട്ടിൽ പിരിവിനു പലരും വരാറുണ്ടെന്നും ബിജെപിക്ക് ഫണ്ട് നൽകിയത് ഇത്രമാത്രം വാർത്തയാകുമെന്ന് കരുതിയില്ലെന്നും കത്തിൽ പറയുന്നു.മാധ്യമങ്ങൾ നിർബന്ധിച്ചപ്പോൾ ബിജെപിയെക്കുറിച്ച് പറഞ്ഞത് നാക്കുപിഴമൂലം സംഭവിച്ചതാണ്. അതുമൂലം പാർട്ടിക്കുണ്ടായ വിഷമത്തിൽ ഖേദം പ്രകടിപ്പിക്കുന്നു. ഇത്തരം കാര്യങ്ങൾ ആവർത്തിക്കില്ലെന്നും മാപ്പപേക്ഷ സ്വീകരിക്കണമെന്നും കത്തിൽ പറയുന്നു

ബിജെപിയുടെ ഫണ്ട് നൽകിയ ശേഷം വിജയാശംസകൾ നേർന്ന് ബിജെപിയെ അനുമോദിച്ചതായിരുന്നു വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ ഖമറുന്നീസാ അൻവറിനെതിരെ പാർട്ടിക്കുള്ളിൽ നിന്ന് വലിയ അമർഷം ഉയർന്നിരുന്നു്. ഇന്നലെ വൈകിട്ടായിരുന്നു ബിജെപി സംസ്ഥാന ഫണ്ട് ശേഖരണത്തിന്റെ തിരൂർ മണ്ഡലം ഉദ്ഘാടനം ഖമറുന്നിസയുടെ തിരൂരിലെ വീട്ടിൽ വെച്ച് നടന്നത്. പരിപാടിയുടെ കവറേജിനായി മാധ്യമങ്ങളെയെല്ലാം ബിജെപി നേതാക്കൾ ഖമറുന്നിസയുടെ വീട്ടിലേക്ക് നേരത്തേ വിളിച്ചു വരുത്തിയിരുന്നു.

ബിജെപി സംസ്ഥാന സമിതിയംഗം എം.കെ ദേവീദാസൻ, ഒ ബി സി മോർച്ച ജില്ലാ പ്രസിഡന്റ് മനോജ് പാറശ്ശേരി, ബിജെപി നേതാക്കളായ സുനിൽപരിയാ പുരം, ശശി കറുകയിൽ, മനു മോഹൻ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ ബിജെപി മണ്ഡലം പ്രസിഡന്റ് കെ പി പ്രദീപ് കുമാറിന് ഫണ്ട് കൈമാറിയതിന് ശേഷമായിരുന്നു മാധ്യമങ്ങളോട് ഖമറുന്നിസ സംസാരിച്ചത്. എന്നാൽ നൊടിയിടയിൽ ഇത് വിവാദമാകുകയും സോഷ്യൽ മീഡിയകളിലും വാർത്താ മാധ്യമങ്ങളിലും പ്രചരിക്കുകയും ചെയ്തിരുന്നു. ലീഗിന്റെ ബിജെപിയുമായുള്ള ബന്ധത്തെ പരിഹസിച്ച് രാഷ്ട്രീയ എതിരാളികളും രംഗത്തെത്തി. ഇതോടെ ലീഗ് പ്രതിരോധത്തിലായി. ഖമറുന്നിസയെ പിന്തുണച്ച് ലീഗ് അണികൾ ന്യായീകരണങ്ങൾ നിരത്തിയെങ്കിലും വലിയ വിഭാഗം അണികളും അമർഷം മറച്ചു വെച്ചില്ല. അതിരൂക്ഷമായ ഭാഷയിൽ തന്നെ അണികൾ രംഗത്തെത്തിയിരുന്നു.

ഖമറുന്നിസയുടെ പ്രസ്താവനയും ബിജെപിയുടെ ഫണ്ട് സമാഹരണ പരിപാടി വീട്ടിൽ വെച്ച് നടത്തിയതുമെല്ലാം ബോധപൂർവമാണെന്നും പാർട്ടിയെ പ്രതിരോധത്തിലാക്കിയ ഈ നടപടി ന്യായീകരണം അർഹിക്കുന്നില്ലെന്നുമുള്ള നിലപാടിലാണ് വലിയ വിഭാഗം അണികളും നേതാക്കളും നേരത്തെ പ്രകടിപ്പിച്ചിരുന്നത്.ബിജെപിക്ക് സംഭാവന കൊടുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ഖമറുന്നിസ കൂട്ടിച്ചേർത്തു. മുസ്ലിം ലീഗിന്റെ ശക്തി കോട്ടയിൽ നിന്നും വനിതാ ലീഗ് അധ്യക്ഷ ഫണ്ട് കൈമാറിക്കൊണ്ട് പ്രശംസിച്ചത് മുന്നോട്ടുള്ള പ്രവർത്തനത്തിൽ വലിയ കരുത്തായി കാണുന്നതായി ബിജെപി നേതാക്കളും പ്രതികരിച്ചിരുന്നു.