ത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ ഇല്ലാതായത് 70 കുഞ്ഞുങ്ങളാണ്. പണമടക്കാത്തതിനാൽ അവിടെ ഓക്‌സിജൻ വിതരണം മുടങ്ങി. 70 ലക്ഷത്തോളം രൂപ കുടിശിഖ വരുത്തിയതിനാലാണ് ഓക്‌സിജൻ വിതരണം തടഞ്ഞതെന്നും വാർത്തയിൽ ഉണ്ടായിരുന്നു. ഓക്‌സിജൻ മുടങ്ങിയതുകൊണ്ടല്ല മരണങ്ങൾ സംഭവിച്ചതെന്നാണ് ഉത്തർപ്രദേശ് സർക്കാർ പറയുന്നത്. ജാപ്പനീസ് എൻസെഫലൈറ്റിസ് ആണ് കാരണം എന്നാണ് അവരുടെ വിലയിരുത്തൽ.

ഒരാശുപത്രിയിൽ ഓക്‌സിജൻ മുടങ്ങുക എന്നത് ക്ഷമിക്കാനാകാത്ത തെറ്റാണ്. പ്രത്യേകിച്ചൊരു സർക്കാർ മെഡിക്കൽ കോളേജിൽ. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാരിന്റെ ചുമതലയാണ് പ്രാഥമിക സൗകര്യങ്ങൾ ഒരു മെഡിക്കൽ കോളേജിൽ ഒരുക്കുക എന്നത്. പല കാരണങ്ങൾ മൂലമുള്ള രോഗികൾക്കും അത്യാവശ്യമായ ഒന്നാണ് ഓക്‌സിജൻ. സ്വാഭാവിക ശ്വസന പ്രക്രിയയിലൂടെ ഓക്‌സിജൻ ശ്വാസകോശത്തിലേക്ക് എത്താൻ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ഇത് കൂടിയേ തീരൂ. മാപ്പർഹിക്കുന്ന ഒരു തെറ്റല്ല ഇത്.

പോട്ടേ, ജപ്പാൻ ജ്വരം തലച്ചോറിനെ ബാധിച്ചതാണ് മരണകാരണം എന്നുതന്നെ കരുതുക. കഴിഞ്ഞ വർഷങ്ങളിൽ കൂടുതൽ കുഞ്ഞുങ്ങളുടെ മരണമുണ്ടായിരുന്നു; ഇതൊന്നും അവിടെ ഒരു സംഭവമേ അല്ല എന്നൊക്കെയുള്ള ന്യായീകരണങ്ങൾ കണ്ടു. 2011-ൽ അതെ ആശുപത്രിയിൽ 300 കുട്ടികൾ മരിച്ചു; 2013-ൽ 258 കുഞ്ഞുങ്ങൾ അതിൽ 100 പേർ ഇരുപത് ദിവസത്തുനുള്ളിൽ എന്നൊക്കെയാണ് ന്യായീകരണം നടത്തുന്നവരുടെ പ്രചാരണങ്ങൾ. ന്യായീകരിക്കുന്നവരോട് ഒന്നും പറയാനില്ല. നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് ഈ ഗുർഗതി വന്നിരുന്നുവെങ്കിൽ ഈ ന്യായീകരണങ്ങൾ ഉണ്ടാകുമായിരുന്നില്ല എന്നുമാത്രമേ പറയാനുള്ളൂ.

ജപ്പാൻ ജ്വരം എന്നുപറയുന്നത് അപകടകരമായ ഒരു അസുഖം തന്നെയാണ്. എന്നാൽ വാക്‌സിൻ കൊണ്ട് മരണങ്ങളും കോമ്പ്‌ലിക്കേഷനുകളും തടയാവുന്നത്. വാക്‌സിനുകൾക്ക് 90 % കണ്ട് മരണ നിരക്ക് കുറക്കാൻ സാധിക്കും. അത് ആ കുഞ്ഞുങ്ങൾക്ക് നൽകാത്തത് കുറ്റകരമായ അനാസ്ഥയാണ്. കേരളത്തിലെ ആലപ്പുഴ-തിരുവനന്തപുരം ജില്ലകളിൽ ജപ്പാൻ ജ്വരം പണ്ട് ഉണ്ടായിരുന്നു. നമ്മൾ വാക്‌സിൻ നൽകി അതിനെ വരുതിയിലാക്കി. എന്നാൽ കേരളമല്ല ഉത്തർപ്രദേശ്; അവിടെ ഇനിയും നേരം വെളുത്തിട്ടില്ല. അവിടെ ചാണകവും പശു പുറത്തുവിടുന്ന ഓക്‌സിജനുമാണ് താരം.

തലക്ക് വെളിവുള്ളവരാൽ ഭരിക്കപ്പെടാൻ അവസരം ലഭിച്ചു എന്നത് നമ്മുടെ, കേരളത്തിന്റെ ഭാഗ്യമായി തന്നെ കാണണം. ജനങ്ങളുടെ പ്രതിനിധികളാണ് ജയിക്കുന്നവർ. യുക്തിബോധം / ശാസ്ത്രബോധം ഉള്ളവരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരായതിനാലാവാം കേരളത്തിന് ഈ ദുർഗതി വന്നില്ല. എന്നാൽ അസുഖം മാറാൻ പ്രാർത്ഥനയും ഹോമവും നടത്തുന്ന ഇരുണ്ട ചിന്തകളുടെ വടക്കേയിന്ത്യയിൽ ഇന്നും ശാസ്ത്രം എന്നത് അപ്രാപ്യമാണ്.

ആ അറിവില്ലായ്മയെ ചൂഷണം ചെയ്യുകയാണ് മാറിമാറി അവിടം ഭരിച്ചവർ. പശുവിന് വേണ്ടി സംസാരിക്കുന്നതിന്റെ പത്തിലൊന്ന് ആ കുട്ടികൾക്ക് വേണ്ടി ചിന്തിച്ചിരുന്നുവെങ്കിൽ ഇന്നും ആ കുട്ടികൾ നമ്മോടൊപ്പം ഉണ്ടായേനെ. ആരോട് പറയാൻ ആരുകേൾക്കാൻ !
ഇന്ന് ഒരു ശിക്ഷാ നടപടിയും. ഇന്നലെ ഓക്‌സിജൻ സിലിണ്ടർ സംഘടിപ്പിക്കാൻ ഓടിനടന്ന കുട്ടികളുടെ വിഭാഗം മേധാവി ഡോ. കഫീൽ അഹമ്മദ് ഖാനെതിരെ നടപടി എടുത്തിട്ടുണ്ട്. പല ആരോപണങ്ങളുടെ പേരിൽ നടപടി എടുത്തു എന്നാണ് വ്യക്തമാകുന്നത്.
അഖിലേഷ് യാദവുമായുള്ള ട്വിറ്റർ സന്ദേശങ്ങളിൽ എന്തുവിലകൊടുത്തും യോഗി സർക്കാരിനെ താഴെയിറക്കണം എന്ന് ഇദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.

രാഹുൽ, പ്രിയങ്ക, അഖിലേഷ് എന്നിവരോട് ഗോരഖ് പൂര് ആശുപത്രിയിലെ എൻസഫലൈറ്റിസ് വാർഡ് സന്ദർശിക്കണം എന്നാവശ്യപ്പെടുന്ന ഇദ്ദേഹത്തിന്റെ ട്വീറ്റ് ലഭ്യമാണ്. പറഞ്ഞ ആരോപണങ്ങളിൽ സ്ത്രീ പീഡനങ്ങൾ പോലും ഉൾപ്പെടുന്നു. വർഷങ്ങൾ മുൻപുള്ള പല സംഭവങ്ങളുടെയും ലിങ്കുകൾ വാരി വിതറുന്നുണ്ട് സംഘികൾ. ഇന്നലെ അദ്ദേഹം ഓക്‌സിജൻ വാങ്ങാൻ പോകരുതായിയിരുന്നു എന്നുപറയുന്ന യോഗീ ഭക്തരെയും കാണാം. ഇവന്റെ ഒക്കെ കുട്ടികൾ മരണത്തിനോട് മല്ലിട്ടാലും ഇതുതന്നെ ഇവന്മാർ പറയുമോ എന്നതിൽ മാത്രമേ എനിക്ക് സംശയമുള്ളൂ.

ലക്ഷങ്ങളുടെ കുടിശിഖ ഒരു ഡോക്ടർക്ക് തനിയെ അടക്കാനാകുന്ന ഒന്നല്ല. സർക്കാരിനെ അതിനാകൂ. അത് ചെയ്യാതിരുന്ന സർക്കാർ, എന്തെങ്കിലും ചെയ്ത ഒരു ഡോക്ടറെ സസ്പെൻഡ് ചെയ്തിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഭാഗത്ത് തെറ്റുകൾ ഉണ്ടെങ്കിൽ ശിക്ഷിക്കണം. പക്ഷേ, ഓക്‌സിജൻ സിലിണ്ടർ കൊണ്ടുവന്നു 'ഷൈൻ' ചെയ്യാൻ ശ്രമിച്ചതിന്റെ പേരിലാകരുത്; മുസ്ലിം നാമധാരിയായതിനാലാകരുത്. എന്തെങ്കിലും ചെയ്ത് കുറച്ചു കുരുന്നു ജീവനുകൾ രക്ഷപെടുത്താൻ പോലും ഇനി ആരും തയ്യാറാകാത്ത സ്ഥിതി വിശേഷമുണ്ടാകും. അതൊന്നും ഈ ആരോപണം ഉന്നയിക്കുന്നവർക്ക് ഒരു വിഷയമാകില്ല. അവർക്ക് വേണ്ടത് ബലിയാടുകൾ മാത്രമാണ്.

മരിച്ചത് ഒരു പശു കിടാവായിരുന്നേൽ ഹർത്താൽ നടത്തിയേനെ; അല്ലെങ്കിൽ ആ പശുവിനെ വളർത്തിയ ദളിതനെയോ മുസ്ലീമിനേയോ ബലിയാടിന് പകരം ബലി നൽകിയേനെ. അതുണ്ടായില്ലല്ലോ എന്ന ആശ്വാസം മാത്രമേയുള്ളൂ... പശുക്കിടാവിന്റെ വിലപോലുമില്ലാത്ത ആ നാട്ടിൽ ജനിച്ചുപോയതാണ് കുഞ്ഞുങ്ങളെ നിങ്ങളുടെ തെറ്റ് !