ലണ്ടൻ: പ്രമുഖ മാധ്യമപ്രവർത്തകൻ ഖഷോഗ്ഗിയുടെ  കൊലപാതകം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും രാഷ്ട്രതലവന്മാരുടെ നിലപാടിൽ താൻ ഏറെ നിരാശയാണെന്ന് പ്രതിശ്രുത വധു. ജമാൽ ഖഷോഗ്ഗിയുടെ കൊലപാതകം മൂടിവയ്ക്കുന്നതിനായി സൗദിയെ യുഎസ് പ്രസിഡന്റ് ട്രംപ് ഒരിക്കലും സഹായിക്കരുതെന്നും ഖഷോഗ്ഗിയുടെ പ്രതിശ്രുത വധുവായ ഹാറ്റിസ് കെംഗിസ് പറഞ്ഞു. ലണ്ടനിൽ നടന്ന ഖഷോഗ്ഗി അനുസ്മരണ ചടങ്ങിലാണ് കെംഗിസ് അമേരിക്കയുടെ നിലപാടിനെതിരെ ആഞ്ഞടിച്ചത്.

കൊലയ്ക്ക് പിന്നിലാരെന്ന് പുറത്തുകൊണ്ടുവരുന്നതിന് ട്രംപ് സഹായിക്കുകയാണ് വേണ്ടത്. ഇത് മൂടിവയ്ക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. അത് അനുവദിക്കരുത്. ഖഷോഗ്ഗിയുടെ മൃതദേഹം എവിടെയാണെന്ന് സൗദി ഭരണാധികരികൾക്കറിയാം. ദുഷ്ട കുറ്റവാളികളും ഭീരുക്കളായ രാഷ്ട്രീയ യജമാനന്മാരുമാണവരെന്നും ഹാറ്റിസ് കൂട്ടിച്ചേർത്തു.

തുർക്കി സ്വദേശിയാണ് ഹാറ്റിസ് കെംഗിസ്. ഇവർക്കൊപ്പം ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിലെത്തിയ ഖഷോഗ്ഗിയെ ഒക്ടോബർ രണ്ടു മുതലാണ് കാണാതായത്. കോൺസുലേറ്റിലെ ഉദ്യോഗസ്ഥരുമായുള്ള തർക്കത്തിനിടെ ഖഷോഗ്ഗിയെ കൊല്ലപ്പെട്ടെന്നാണ് സൗദി നൽകുന്ന വിശദീകരണം.

ഖഷോഗ്ഗി എവിടെയാണെന്ന് തങ്ങൾക്കറിയില്ലെന്നായിരുന്നു ആദ്യം സൗദി പ്രതികരിച്ചത്. തുടർന്ന് അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധം ഉയർന്നതോടെയാണ് സൗദി കുറ്റസമ്മതം നടത്തിയത്. സൗദി വംശജനായ ഖഷോഗ്ഗി സൗദി കിരീടാവകാശി സൽമാൻ ബിൻ മുഹമ്മദിന്റെ കടുത്ത വിമർശകനായിരുന്നു.