ചണ്ഡീഗഡ്: ഹരിയാന മുഖ്യമന്ത്രിയായി ബിജെപി നേതാവ് മനോഹർലാൽ ഖട്ടാർ അധികാരമേറ്റു. ഗവർണർ കപ്താൻ സിങ് സോളങ്കി സത്യവാചകം ചൊല്ലിക്കൊടുത്തു. ക്യാപ്റ്റൻ അഭിമന്യു, അനിൽ വിജ്, ഒ പി ധൻകർ, റാം വിലാസ് ശർമ, റാവ് നർവീർ സിങ്, കവിത ജെയിൻ എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ അമിത് ഷാ, കേന്ദ്രമന്ത്രിമാർ, പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദൽ, ബിജെപിയുടെ മുഖ്യമന്ത്രിമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പത്ത് വർഷം തുടർച്ചയായി അധികാരത്തിലിരുന്ന കോൺഗ്രസിന് കനത്ത തിരിച്ചടി നൽകിയാണ് ഹരിയാനയിൽ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്.

90 അംഗ നിയമസഭയിൽ 47 സീറ്റാണ് ബിജെപിക്ക് ലഭിച്ചത്. ഓംപ്രകാശ് ചൗട്ടാലയുടെ ഐഎൻഎൽഡി 19 സീറ്റ് നേടി. 15 സീറ്റ് നേടിയ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഹരിയാന ജൻഹിത് കോൺഗ്രസിന് രണ്ട് സീറ്റും അകാലിദളിനും ബിഎസ്‌പിക്കും ഓരോ സീറ്റ് വീതവുമാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ചത്. അഞ്ച് മണ്ഡലങ്ങളിൽ സ്വതന്ത്രരും വിജയിച്ചു.

കനത്ത സുരക്ഷയാണ് സത്യപ്രതിജ്ഞാ ചടങ്ങിന് ഒരുക്കിയത്. 3000ലധികം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു.