ഡാലസ്: ജൂലൈ 2 മുതൽ 6 വരെ ഡാലസിൽ നടക്കുന്ന കെ.എച്ച്.എൻ.എ കൺവൻഷനിൽ അമേരിക്കയിലെ വിവിധ മലയാളി ഹൈന്ദവ സംഘടനകൾ പങ്കെടുക്കുന്ന സമന്വയ സംവാദം സംഘടിപ്പിക്കുന്നു. ഭാരതത്തിലെ അറിയപ്പെടുന്ന മാദ്ധ്യമ വിചാരകനും യുവ പ്രഭാഷകനുമായ രാഹുൽ ഈശ്വർ നേതൃത്വം നൽകുന്ന സംവാദത്തിൽ ഹിന്ദു ഐക്യത്തിന്റെ വിവിധങ്ങളായ സാധ്യതകൾ ചർച്ച ചെയ്യപ്പെടുന്നു. പല നഗരങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ശ്രീനാരായണീയ പ്രസ്ഥാനങ്ങളും, നായർ സംഘടനകളും, യോഗക്ഷേമ ഹരിജന കൂട്ടായ്മകളും സംവാദത്തിൽ പങ്കുചേരുന്നു.

സാംസ്‌കാരിക അധിനിവേശങ്ങളും, സവർണ്ണ പൗരോഹിത്യവും പാർശ്വവത്കരിച്ച് വിഭജിച്ച ഹിന്ദു ജനതയിൽ  ഏകമായ ആത്മദർശനം ഉത്‌ബോധിപ്പിച്ച ശങ്കരചിന്തയുടെ മലയാള മാതൃകകളായിരുന്നു. പരമഭട്ടാരഗുരു ചട്ടമ്പി സ്വാമികളും, ശ്രീനാരായണ ഗുരുദേവനും, ആരാധന, ആചരണം എന്നിവകളിലെ ശാസനകളേയും, ആധിപത്യങ്ങളേയും അതിജീവിക്കുന്ന തത്വവിചാരമായിരുന്നു ശ്രീനാരായണ ഗുരുദേവന്റെ അദൈ്വത ദർശനം. ആശ്രിതവാത്സല്യത്തിൽ അന്ധമായി അഭിരമിച്ച് അലസത കൈമുതലാക്കി നാശോന്മുഖമായിക്കൊണ്ടിരുന്ന ഒരു സമുദായത്തെ മോചിപ്പിക്കുന്നതിനുവേണ്ടി സ്വന്തം ജീവിതം പരിത്യജിച്ച കർമ്മയോഗിയായിരുന്നു മന്നത്തു പത്മനാഭൻ. ജാതിക്കോമരങ്ങളുടെ നീരാളിപ്പിടുത്തത്തിൽ ജീവിതം തന്നെ നിഷേധിക്കപ്പെട്ട അവർണ്ണ ജനതയെ അവകാശബോധത്തിലേക്കും, വിദ്യാഭ്യാസത്തിലേക്കും ആനയിച്ച മഹാനായ അയ്യൻകാളി. നമ്പൂതിരി സ്ത്രീവിമോചനത്തിന്റെ മുന്നണിപ്പോരാളിയായ വി.ടി. ഭട്ടതിരിപ്പാട് തുടങ്ങിയ മാഹാരഥന്മാർ വ്യത്യസ്ത മാർഗ്ഗങ്ങളിലൂടെ നവീകരിച്ച ചരിത്രമാണ് മലയാളി ഹിന്ദുവിന്റേത്.

കടലുകൾ താണ്ടി അമേരിക്കയിലെത്തിയ എല്ലാ ഹിന്ദുവിന്റേയും സഹവർത്തിത്വവും, സൗഹൃദ സൗരഭ്യവും  കൺവൻഷന്റെ മുഖ്യ ലക്ഷ്യമാണ്. ആരാധിക്കുന്ന ദൈവത്തിന്റെ പേരിലുള്ള വിവേചനം ഒരിക്കലും ഹൈന്ദവ ധർമ്മമല്ല. സമൂഹ സൗഹാർദ്ദം ഊട്ടിയുറപ്പിക്കാൻ ഉതകുന്ന ഈ സംവാദവേദിയിൽ എല്ലാ മലയാളികളുടേയും സാന്നിധ്യം പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ് ടി.എൻ നായർ, സെക്രട്ടറി ഗണേശ് നായർ, കൺവെൻഷൻ ചെയർമാൻ റെനിൽ രാധാകൃഷ്ണൻ എന്നിവർ വ്യക്തമാക്കി. സുരേന്ദ്രൻ നായർ അറിയിച്ചതാണിത്.