ഡിട്രോയിറ്റ്‌: കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോർത്ത്‌ അമേരിക്കയുടെ അടുത്ത രണ്ടുവർഷത്തെ പ്രവർത്തനങ്ങളുടെ ശുഭാരംഭം ഡിട്രോയിറ്റിൽ നടന്നു. ചടങ്ങിന്റെ ഔദ്യോഗിക ഉദ്‌ഘാടനം കെ.എച്ച്‌.എൻ.എ ട്രസ്റ്റി ബോർഡ്‌ മെമ്പറും, മുതിർന്ന അംഗവും കൂടാതെ മറ്റു വിവിധ സാമൂഹിക സംഘടനകളിൽ നേതൃത്വസ്ഥാനം വഹിച്ചിരുന്നതുമായ രാധാകൃഷ്‌ണൻ ഭദ്രദീപം തെളിയിച്ച്‌ ഉദ്‌ഘാടനം ചെയ്‌തു. 2017 ജൂലൈ 1 മുതൽ 4 വരെ നടക്കുന്ന അന്തർദേശീയ ഹിന്ദു കൺവൻഷന്‌ ഡിട്രോയിറ്റിനു ആതിഥേയത്വം വഹിക്കുവാൻ അവസരം ലഭിച്ചതിൽ വളരെ സന്തോഷമുണ്ടെന്നു അദ്ദേഹം പറഞ്ഞു.

കെ.എച്ച്‌.എൻ.എ പ്രസിഡന്റ്‌ സുരേന്ദ്രൻ നായർ ചടങ്ങിൽ ഏവരേയും സ്വാഗതം ചെയ്‌തു. സനാതന ധർമ്മങ്ങൾ പരിപാലിച്ചുകൊണ്ടും ജാതിമത ഐക്യങ്ങൾ നിലനിർത്തിക്കൊണ്ടും സംഘടനയെ മുന്നോട്ടു നയിക്കുവാനുള്ള എല്ലാവിധ കർമ്മപരിപാടികൾക്കും രൂപം നൽകിയതായി അദ്ദേഹം പറഞ്ഞു. ഒമ്പതാമത്‌ കൺവൻഷൻ നടക്കാൻ പോകുന്ന ഈ അവസരത്തിൽ ഒമ്പത്‌ കർമ്മപരിപാടികളാണ്‌ ആസൂത്രണം ചെയ്‌തിരിക്കുന്നത്‌.

ചടങ്ങിൽ വിവിധ കലാപരിപാടികളും നടന്നു. മുൻ പ്രസിഡന്റുമാരായ ടി.എൻ. നായർ, ശശിധരൻ നായർ, ട്രസ്റ്റി ബോർഡ്‌ ചെയർമാൻ ഷിബു ദിവാകരൻ, സതീശൻ നായർ തുടങ്ങിയവർ എല്ലാവിധ ആശംസകളും നേർന്നു. മറ്റ്‌ വിവിധ പരിപാടികൾക്ക്‌ മനോജ്‌ കൃഷ്‌ണൻ, രാജേഷ്‌ നായർ, പ്രസന്ന മോഹൻ, ശ്രീജാ ശ്രീകുമാർ, അനിൽ കോലോത്ത്‌, പ്രദീപ്‌ ശ്രീനിവാസൻ തുടങ്ങിയവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി രാജേഷ്‌ കുട്ടി ഏവർക്കും നന്ദി രേഖപ്പെടുത്തി. സതീശൻ നായർ അറിയിച്ചതാണിത്‌.