ഡാളസ് : അമേരിക്കയിൽ നടക്കുന്ന കേരള ഹിന്ദു കൺവൻഷനിൽ ജീവനകലയുടെ ആചാര്യൻ ശ്രീ ശ്രീ രവിശങ്കർ പങ്കെടുക്കും.

ജൂലൈ രണ്ടുമുതൽ ആറുവരെ ഡാളസ് എയർപോർട്ടിലുള്ള ഹയാത്ത് റീജൻസിയിൽ നടക്കുന്ന ഹിന്ദു സംഗമത്തിൽ മതാചാര്യന്മാർ, മതപണ്ഡിതർ, മത നേതാക്കൾ, സാമൂഹ്യസാംസ്‌കാരിക നേതാക്കന്മാർ തുടങ്ങി  പ്രമുഖർ പങ്കെടുക്കും. ജൂലൈ മൂന്നിന് രാവിലെ 10 മുതൽ 12 വരെ നടക്കുന്ന സത് സംഗം രവിശങ്കർ നയിക്കും.

സ്വാമി ചിദാനന്ദപുരി, സ്വാമി ഗുരുപ്രസാദ്, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി ഡോ. രാജുനാരായണ സ്വാമി, കുമ്മനം രാജശേഖരൻ, സി. രാധാകൃഷ്ണൻ, രാഹുൽ ഈശ്വർ, പി. വിശ്വരൂപൻ, പി. ശ്രീകുമാർ, മണ്ണടി ഹരി, ഡോ. എൻ. ഗോപാലകൃഷ്ണൻ എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും. മട്ടന്നൂർ ശങ്കരൻകുട്ടി, ബാലഭാസ്‌കർ, ബിജു നാരായണൻ തുടങ്ങിയവർ കലാപരിപാടികൾ അവതരിപ്പിക്കും.

ആചാര്യസംഗമം, സത്സംഗം, സെമിനാറുകൾ, കലാപ്രകടനങ്ങൾ,സാന്മാർഗിക സംഗമങ്ങൾ, വ്യക്തിത്വവികസന പരിപാടികൾ, സ്ത്രീശാക്തീകരണ പരിപാടികൾ, യോഗ, യുവസംഗമം, സമൂഹ തിരുവാതിര, ഫാഷൻ ഷോ, ബാസ്‌ക്കറ്റ് ബോൾ മത്സരം, സാഹിത്യസന്ധ്യ തുടങ്ങിയ വിത്യസ്തമായ പരിപാടികളാണ് 5 ദിവസത്തെ സംഗമത്തിൽ ഒരുക്കിയിരിക്കുന്നതെന്ന് പ്രസിഡന്റ് ടി.എൻ. നായർ, സെക്രട്ടറി ഗണേശ് നായർ, ചെയർമാൻ  റനിൽ രാധാകൃഷ്ണൻ എന്നിവർ അറിയിച്ചു.