ഡാലസ്: വിജ്ഞാനവും വിനോദവും സംഗമിക്കുന്ന കെഎച്ച്എൻഎ കൺവെൻഷനു ഇനി ഏതാനും നാളുകൾ. അമേരിക്കയിൽ അങ്ങോളമിങ്ങോളമുള്ള മലയാളി ഹിന്ദു കുടുംബങ്ങൾ രണ്ടു വർഷത്തിനു ശേഷം ഡാലസിൽ സംഗമിക്കുമ്പോൾ ഒന്നാം ദിനം വിനോദ പരിപാടികളാൽ സമ്പന്നമായ ആഘോഷ രാവായി മാറും. കൺവെൻഷനിൽ വരുന്ന അതിഥികൾക്ക്, ആദ്യ ദിനമായ  ജൂലൈ രണ്ടിനു മുൻപില്ലാത്ത വിധം വിപുലമായ വരവേൽപ്പ് ആണ് സംഘാടക സമിതി ഒരുക്കുന്നത്.

'അയനം' ബാൻഡിന്റെ നേതൃത്വത്തിൽ കൺവെൻഷനിൽ പങ്കെടുക്കുന്ന വിവിധ കലാകാരന്മാരുടെ പ്രതിഭ മാറ്റുരക്കാൻ ഇവിടെ അവസരം ഒരുങ്ങും. വർണപകിട്ടാർന്ന ഗർബാ നൃത്തത്തിനു അതിഥികൾ ചുവടു വയ്ക്കും. തുടർന്ന് പ്രശസ്തമായ ബോളിവുഡ് ഈണങ്ങളുടെ അകമ്പടിയോടെ തത്സമയ ഡാൻസ് ഡിജെ മിക്‌സ് ഇവന്റ്  ആഘോഷ രാവിനു പൊലിമ കൂട്ടുന്ന അനുഭവം ആയി മാറുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. മലയാളം ഉൾപ്പടെ വിവിധ ഭാഷകളിലെ പുതു തലമുറ ട്രെൻഡ് ആയ ഫ്യുഷൻ ഗാനങ്ങൾ ഈ പരിപാടിയിൽ ഉൾപ്പെടുത്തും. സ്‌റ്റേജ് പ്രോഗ്രാമിലും ഗർബാ നൃത്തത്തിലും പങ്കെടുക്കുവാൻ താല്പര്യം ഉള്ളവർ കോർഡിനേറ്റർ ജിജു നായരുമായി ബന്ധപ്പെടുക. കെ എച് എൻ എ ജോയിന്റ് സെക്രെട്ടറി രഞ്ജിത്ത് നായർ അറിയിച്ചതാണിത്. കൂടുതൽ വിവരങ്ങൾക്ക്: ജിജു നായർ (703 855 0300).