ഗരതിരക്കിൽ നിന്ന് മാറി യുഎഇയുടെ പ്രകൃതിഭംഗി ആസ്വദിക്കാനിറങ്ങുന്ന സഞ്ചാരികൾക്കു വിരുന്നൊരുക്കാൻ ഖോർഫൊക്കാൻ ബീച്ചൊരുങ്ങുന്നു. ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശപ്രകാരം വിനോദസഞ്ചാരികൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളുമടങ്ങുന്ന വിപുലമായ വികസന പദ്ധതി ഷാർജ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഡെവലപ്‌മെന്റ് അഥോറിറ്റി (ശുറൂഖ്) പ്രഖ്യാപിച്ചു.

ഖോർഫൊക്കാൻ മുനിസിപ്പാലിറ്റി, ഷാർജ പൊതുനിർമ്മാണ ഡയറക്ടറേറ് എന്നിവരുമായി ചേർന്ന് രണ്ടു ഘട്ടമായിട്ടാണ് ബീച്ച് വികസന പദ്ധതി നടപ്പാക്കുക. ബീച്ചിന്റെ തെക്ക് ഭാഗത്ത് തുറമുഖം തൊട്ടു റൗണ്ട് എബൗട്ട് വരെയുള്ള ആദ്യ ഘട്ടത്തിൽ ആംഫി തീയറ്റർ, നടപ്പാതകൾ, കുട്ടികൾക്കുള്ള കളിസ്ഥലം എന്നീ സൗകര്യങ്ങളുണ്ടാവും. കുടുംബ സമേതം കാഴ്ചകൾ ആസ്വദിചിച്ചിരിക്കാനുള്ള പ്രേത്യേക പിക്‌നിക് സ്‌പോട്ടുകൾ, റെസ്റ്ററന്റുകൾ, കഫെ, ഇസ്ലാമിക് വാസ്തുശൈലിയിലുള്ള പൂന്തോട്ടം, കടലിൽ കുളിക്കുന്നവർക്കുള്ള വാഷ് റൂം സൗകര്യങ്ങൾ എന്നിവയും ആദ്യഘട്ടത്തിൽ സജ്ജീകരിക്കും.

''യുഎഇയുടെ കിഴക്കൻ മേഖലയിലെ ഏറ്റവും മനോഹരമായ ഇടങ്ങളിൽ ഒന്നാണ് ഖോർഫൊക്കാൻ. കൂടുതൽ സൗകര്യമൊരുക്കുന്നതോടെ ലോകമെമ്പാടുമുള്ള സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കാനാവും. ഖോർഫൊക്കാന്റെ തനിമ സംരക്ഷിച്ചുകൊണ്ടു തന്നെ ഏറ്റവും മികച്ച നിലവാരത്തിലുള്ള വിനോദ-ആഥിത്യ സംവിധാനങ്ങൾ പദ്ധതിയുടെ ഭാഗമായി ബീച്ചിലൊരുക്കും. ഇതു വഴി കിഴക്കൻ മേഖലയുടെ ഒന്നടങ്കമുള്ള വികസനത്തിനും വേഗം കൂടും എന്നാണ് പ്രതീക്ഷ. ലോകത്തെ മുൻനിര ബ്രാൻഡുകളുമായി ചേർന്ന് ശുറൂഖ് നടപ്പാക്കുന്ന വികസന പദ്ധതികളുടെ പട്ടികയിലേക്ക് ഖോർഫൊക്കാൻ ബീച്ച് വികസന പദ്ധതി കൂടി ചേർക്കുന്നതിൽ ഏറെ അഭിമാനമുണ്ട്'' - ശുറൂഖ് എക്‌സിക്യൂട്ടീവ് ചെയർമാൻ മർവാൻ ജാസിം അൽ സർക്കാൽ പറഞ്ഞു.


മലയാളികളെ സംബന്ധിച്ചിടത്തോളം യുഎഇയിലെ ഏറെ ഗൃഹാതുരമായ ഇടമാണ് ഖോർഫൊക്കാൻ. പ്രവാസത്തിന്റെ ആദ്യ കാലത്തെ അടയാളപ്പെടുത്തിയ ലോഞ്ചുകൾ വന്നിരുന്നത് ഖോർഫൊക്കാൻ തീരത്തായിരുന്നു. പ്രവാസത്തിന്റെ കഥ പറഞ്ഞ എംടി വാസുദേവൻ നായരുടെ 'വിൽക്കാനുണ്ട് സ്വപ്നങ്ങൾ', സലിം അഹമ്മദിന്റെ 'പത്തേമാരി' തുടങ്ങിയ ചിത്രങ്ങൾ ഈ തീരത്ത് ചിത്രീകരിച്ചിട്ടുണ്ട്.. വിനോദ സഞ്ചാര കേന്ദ്രമായി വളരുമ്പോൾ മലയാളിയുടെ പ്രവാസ ജീവിതത്തിന്റെ ചരിത്രശേഷിപ്പുകളും അടയാളപ്പെടുത്തപ്പെടുമെന്നു പ്രതീക്ഷിക്കാം.